- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുഡിഎഫ് കാലത്തെ പോരായ്മകളെ അക്കമിട്ടു നിരത്തി പരിഹസിക്കുകയും എല്‍ഡിഎഫ് ഭരണത്തില്‍ എല്ലാം ശരിയായെന്ന് അവകാശപ്പെടുകയും ചെയ്യുന്ന അതിവിചിത്ര പരസ്യം; യുഡിഎഫിനെ താറടിക്കാന്‍ ഖജനാവ് പണത്തില്‍ സര്‍ക്കാര്‍ പരസ്യം; പിആര്‍ഡി 'പത്രവാര്‍ത്ത' കണ്ട് വായനക്കാര്‍ അമ്പരന്നു; പത്ത് വര്‍ഷം പിന്നോട്ട് പോയൊരു സെക്രട്ടറിയേറ്റ് രാഷ്ട്രീയ കളി; പി ആര്‍ ഡിയ്ക്ക് മുഖം നശിക്കുമ്പോള്‍

തിരുവനന്തപുരം: സര്‍ക്കാരുകള്‍ രാഷ്ട്രീയം പറയാറില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് രാഷ്ട്രീയം. സര്‍ക്കാരുകള്‍ തുടര്‍ച്ചയും. അതുകൊണ്ട് ഒരു മുഖ്യമന്ത്രിയുടെ കാലത്തെ തീരുമാനങ്ങളെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം മുടക്കി മറ്റൊരു സര്‍ക്കാര്‍ വിമര്‍ശിക്കാറില്ല. എന്നാല്‍ കാലം മാറുന്നു. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തന രീതി മാറുന്നു. യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എല്‍ഡിഎഫ് കാലഭരണത്തില്‍ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യം പി ആര്‍ ഡി തന്നെ നല്‍കി.
രാവിലെ പ്രമുഖ മലയാള പത്രങ്ങള്‍ വായിക്കാനെടുത്ത പലരും അമ്പരുന്നു. ഇന്നു മുതല്‍ ലോഡ് ഷെഡിംഗ് എന്നതായിരുന്നു ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍ വീതം ലോഡ്‌ഷെഡിംഗ് വരുന്നു എന്നതു വായിച്ച വായനക്കാര്‍ പലരും അന്പരന്നു. എന്തു കാരണംകൊണ്ടാണ് ലോഡ് ഷെഡിംഗ് എന്നറിയാന്‍ പത്രം സൂക്ഷ്മമായി വായിച്ചപ്പോഴാണ് പലര്‍ക്കും കൂടുതല്‍ കൗതുകമായത്. 2012 സെപ്റ്റംബര്‍ 27ലെ വാര്‍ത്തയാണ്. മറ്റു വാര്‍ത്തകളിലൂടെ കണ്ണോടിച്ചു. പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി 40 ശതമാനം സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ട്രഷറി കാലി, ദേശീയപാത വികസനം മതിയാക്കി അഥോറിറ്റി, ടാറിനും കുടിശിക; റോഡ് പണി നിലച്ചു... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാര്‍ത്തകള്‍. എല്ലാ വാര്‍ത്തകളുടെയും ഒടുവില്‍ പത്തു വര്‍ഷം മുമ്പുള്ള ഒരു തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനു ശേഷം അകത്തേക്കു മറിച്ചപ്പോഴാണ് യഥാര്‍ഥ ട്വിസ്റ്റ്. വായനക്കാരെ കാത്ത് ഒന്നാം പേജിന്റെ അതേ മാതൃകയില്‍ മറ്റൊരു പേജ്. ആദ്യത്തെ പേജില്‍ കൊടുത്തിരുന്നതിനുള്ള മറുപടികളായിരുന്നു ആ പേജില്‍. കേരളത്തില്‍ വെളിച്ച വിപ്ലവം, ലാഭത്തിലേറി കെഎസ്ആര്‍ടിസിയുടെ തിരിച്ചെഴുന്നള്ളത്, പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുംമുമ്പേ, 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍കൂടി പൂര്‍ത്തിയായി, റോഡുകള്‍ ഹൈടെക്, ദേശീയപാത വികസനം പൂര്‍ണതയിലേക്ക്... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് പലര്‍ക്കും യാഥാര്‍ഥ്യം പിടികിട്ടിയത്. യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എല്‍ഡിഎഫ് കാലഭരണത്തില്‍ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യം മലയാളിയ്ക്ക് അത്ഭുതമായി. ഒരു മുന്‍ സര്‍ക്കാരുകളേയും ഖജനാവിലെ പണം മുടക്കി പി ആര്‍ഡി ഇതിന് മുമ്പ് വിമര്‍ശിച്ചിട്ടില്ല.
പത്രത്തിലെ പരസ്യ പേജ് കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷനു വേണ്ടിയുള്ള സര്‍ഗാത്മക പരസ്യാവിഷ്‌കാരമാണ്. പത്രത്തിന്റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നുമുള്ള അറിയിപ്പും എല്ലാ പത്രങ്ങളും പേജിനൊപ്പം ചേര്‍ത്തിരുന്നു. പത്തു വര്‍ഷം മുമ്പേ പത്രങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തകള്‍കൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജ് ആണെന്ന് ആദ്യത്തെ പേജിലും ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കേരളത്തെ തിരുത്തിക്കുറിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് ഈ പേജ് എന്നു രണ്ടാം പേജിലും അറിയിപ്പുണ്ട്. മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം വന്നിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളിലും പരസ്യമുണ്ട്. കൗതുകം തോന്നിപ്പിക്കുന്ന പരസ്യങ്ങള്‍ രാവിലെതന്നെ പലേടത്തും ചര്‍ച്ചയായി മാറി. മനോരമയില്‍ ഈ പരസ്യമില്ല. മാതൃഭൂമിയിലും ഇല്ല. പക്ഷേ ജന്മഭൂമിയില്‍ അടക്കം ഈ പരസ്യ പേജുണ്ട്. രണ്ടാം നിരയിലെ എല്ലാ പത്രത്തിലും പരസ്യമുണ്ട്.
കുറച്ചു കാലം മുമ്പ് 20250ലെ എഐ അധിഷ്ഠിത ലോകം എങ്ങനെയാകുമെന്ന തരത്തില്‍ സമാന രീതിയില്‍ പത്രങ്ങളില്‍ പരസ്യം വന്നിരുന്നു. ഇത് വായനക്കാരെ അമ്പരപ്പിക്കുകയും ചെയ്തു. പിന്നീടാണ് അതൊരു പരസ്യമാണെന്ന് മനസ്സിലായത്. എന്നാല്‍ യുഡിഎഫിനെ താറടിക്കാന്‍ ഈ മാതൃക കടമെടുത്ത് വര്‍ഷങ്ങള്‍ പിന്നോട്ട് പോവുകയാണ് പി ആര്‍ ഡി. സര്‍ക്കാരിന്റെ വികസന പദ്ധതികളാണ് സാധാരണ നിലയില്‍ പി ആര്‍ ഡി പരസ്യമാക്കാറുള്ളത്. എന്നാല്‍ യുഡിഎഫ് കാലത്തെ പോരായ്മകളെ അക്കമിട്ടു നിരത്തി പരിഹസിക്കുകയും എല്‍ഡിഎഫ് ഭരണത്തില്‍ എല്ലാം ശരിയായെന്ന് അവകാശപ്പെടുകയും ചെയ്യുന്ന പരസ്യമാണ് ഇന്ന് പത്രത്തില്‍ വന്നത്.
മുന്‍ സര്‍ക്കാരുകളുടെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പിആര്‍ഡി ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് അസാധാരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയുണ്ടെന്നും മുന്‍കാല തീരുമാനങ്ങളെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹസിക്കുന്നത് ജനാധിപത്യ രീതികള്‍ക്ക് നിരക്കാത്തതാണെന്നുമാണ് ഉയരുന്ന വിമര്‍ശനം. യുഡിഎഫ് കാലം ഇരുളടഞ്ഞതായിരുന്നു എന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ഈ നീക്കം തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുന്‍ സര്‍ക്കാരുകളെ താറടിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ തന്നെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഉറപ്പായി.


