വാഗമണ്‍: അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ 'സുകുമാരക്കുറുപ്പാകാന്‍' ശ്രമിച്ച ഡോ. സിറിയക് പി. ജോര്‍ജിന്റെ കളി ഒടുവില്‍ പൊലീസിന് മുന്നില്‍ അവസാനിച്ചു. ആധുനിക കാലത്തെ പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ കഴിയാന്‍ സിറിയക് നടത്തിയ എല്ലാ തന്ത്രങ്ങളും വാഗമണ്ണിലെ ഒരു ഹോംസ്റ്റേ ഉടമയുടെ ജാഗ്രതയ്ക്ക് മുന്നില്‍ തകരുകയായിരുന്നു.

അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ലിയ ജോണ്‍സണ്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഇയാള്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് വാഗമണ്‍ പൊലീസിന്റെ വലയിലായത്. തിരിച്ചറിയാതിരിക്കാന്‍ മീശയും താടിയും വടിച്ച് വേഷംമാറി ഒളിവില്‍ കഴിയാന്‍ സിറിയക്കിന് ബുദ്ധി ഉപദേശിച്ചു നല്‍കിയത് സ്വന്തം പിതാവാണെന്ന സൂചനകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

വാഗമണ്ണിലെ കണ്ണങ്കുളം മാസ്‌കോ ഫാക്ടറിക്ക് സമീപമുള്ള ഹോംസ്റ്റേയിലായിരുന്നു സിറിയക്കിന്റെ ഒളിവുജീവിതം. ബുധനാഴ്ച രാത്രി ഇവിടെ എത്തിയത് മുതല്‍ അതീവ രഹസ്യസ്വഭാവമാണ് ഇയാള്‍ പുലര്‍ത്തിയിരുന്നത്. പകല്‍സമയങ്ങളില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെയും, പുറത്തിറങ്ങുമ്പോള്‍ മുഖം മറയ്ക്കാന്‍ മാസ്‌ക് ധരിച്ചും ഇയാള്‍ സംശയം ജനിപ്പിച്ചു. രാത്രികാലങ്ങളില്‍ മുറിയില്‍ ലൈറ്റുകള്‍ ഇടാതെ ഇരുട്ടിലിരുന്ന സിറിയക്കിന്റെ പെരുമാറ്റം ഹോംസ്റ്റേ ഉടമയില്‍ ഭയവും സംശയവുമുണ്ടാക്കി. ഇയാള്‍ ഏതെങ്കിലും വലിയ കുറ്റം ചെയ്തിട്ട് ഒളിവില്‍ വന്നതാണെന്ന നിഗമനത്തില്‍ ഉടമ എത്തിച്ചേരുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുവിന് വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ട് ഉണ്ടെന്ന വിവരം ഉടമ അറിയുന്നത്. ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ സിറിയക്കിന്റെ പഴയ ചിത്രങ്ങള്‍ ലഭിച്ചു. താടിയും മീശയും വടിച്ച നിലയിലായിരുന്നെങ്കിലും തന്റെ മുന്നിലുള്ള ആള്‍ സിറിയക് തന്നെയാണെന്ന് ഉറപ്പിച്ച ഉടമ ഉടന്‍തന്നെ വാഗമണ്‍ സി.ഐയെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് മഫ്തിയില്‍ ഹോംസ്റ്റേയില്‍ എത്തിയപ്പോള്‍ അവരെ വെട്ടിച്ച് ഓടിപ്പോകാന്‍ സിറിയക് അവസാന വട്ട ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പൊലീസിനെക്കണ്ട് ഞെട്ടിയ പ്രതിയെ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. പ്രതിയെ പിന്നീട് അങ്കമാലി പോലീസിന് കൈമാറി. ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത ശേഷം നിയമത്തിന് മുന്നില്‍ നിന്ന് വഴുതി മാറാന്‍ സിറിയക് പ്ലാന്‍ ചെയ്ത സിനിമയെ വെല്ലുന്ന ഒളിവുജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്.