- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ റാപ്പ് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം; ഭരണ തുടര്‍ച്ചയില്‍ റാപ്പറും വേണമെന്ന് സിപിഎമ്മിന് ആഗ്രഹം; വേടന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത ഏറെ; 'അറിവുള്ള കരം അധികാരപേനയെടുക്കട്ടെ'! വേടന്‍ എവിടെ മത്സരിക്കും?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടുകൊണ്ട് പ്രമുഖ റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) സി.പി.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മണ്ഡലത്തില്‍ വേടനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. യുവാക്കളുടെ ഇടയിലുള്ള വേടന്റെ സ്വാധീനവും റാപ്പ് സംഗീതത്തിലൂടെ അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളും വോട്ടായി മാറുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍.ഡി.എഫ് പുറത്തിറക്കിയ ഔദ്യോഗിക പ്രചാരണ ഗാനം ആലപിച്ചിരിക്കുന്നത് വേടന്‍ ആണ്. 'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ റാപ്പ് ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 'അറിവുള്ള കരം അധികാരപേനയെടുക്കട്ടെ' എന്ന വരികളിലൂടെ ഭരണത്തുടര്‍ച്ചയുടെ ആവശ്യകതയാണ് വേടന്‍ മുന്നോട്ടുവെക്കുന്നത്. 2021-ല്‍ സിത്താര കൃഷ്ണകുമാറിന്റെ പാട്ടിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ച എല്‍.ഡി.എഫ്, ഇത്തവണ റാപ്പിലൂടെ പുതുതലമുറയെ ലക്ഷ്യം വെക്കുന്നു.
കണ്ണൂരില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയായ 'ഹാപ്പിനസ് ഫെസ്റ്റിവലില്‍' വെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വേടനെ പൊന്നാടയണിച്ച് സ്വീകരിച്ചത് മുതല്‍ തന്നെ ഈ ചര്‍ച്ചകള്‍ക്ക് തുടക്കമായിരുന്നു. വേടന്റെ വിവാഹവാര്‍ത്ത പരസ്യമായി പ്രഖ്യാപിച്ചതും എം.വി. ഗോവിന്ദന്‍ ആയിരുന്നു എന്നത് പാര്‍ട്ടിയും വേടനും തമ്മിലുള്ള അടുത്ത ബന്ധമാണ് സൂചിപ്പിക്കുന്നത്. എഴുത്തുകാരി നവമിലതയുമായി ഫെബ്രുവരി 24-നായിരുന്നു വേടന്റെ വിവാഹം. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വേടന്‍, തന്റെ പാട്ടുകളിലൂടെ ദലിത്-പിന്നോക്ക രാഷ്ട്രീയവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദവുമാണ് ഉയര്‍ത്തുന്നത്. ഇത് സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന വിലയിരുത്തലിലാണ് തൃശൂരില്‍ അദ്ദേഹത്തെ പരീക്ഷിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയായ വേടന്‍ മത്സരിക്കാനിറങ്ങിയാല്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നുറപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സൈബര്‍ ഇടങ്ങളില്‍ 'വേടന്‍ സഖാവിനായി' പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഫ്ളാറ്റില്‍നിന്ന് കഞ്ചാവുമായി പിടികൂടിയ കേസിന് പിന്നാലെ പുലിപ്പല്ല് കൈവശംവെച്ചെന്ന കേസില്‍ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. പുലിപ്പല്ല് കേസില്‍ വേടനെതിരായ വനംവകുപ്പിന്റെ സമീപനത്തെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ രംഗത്തെത്തി. തെറ്റ് പറ്റിയെന്ന് വേടന്‍ സമ്മതിച്ചുവെന്നും സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നുമായിരുന്നു കഞ്ചാവ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായം.
വേടന്‍ അറസ്റ്റിലായതോടെ സര്‍ക്കാര്‍ വേദി നിഷേധിച്ചിരുന്നു. പിന്നാലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വേടന്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു.


