ന്യൂഡല്‍ഹി: അമേരിക്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയ്ക്ക് ആക്രമണം മുന്‍കൂട്ടി കണ്ട് ഇന്ത്യ സുരക്ഷിത താവളം വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൂചന. ഈ വാഗ്ദാനം സ്വീകരിക്കും മുന്‍പ് ശ്രീലങ്കന്‍ തീരത്തിനടുത്ത് വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ച് തകര്‍ത്തു. മറ്റൊരു ഇറാനിയന്‍ കപ്പലായ 'ഐആര്‍ഐഎസ് ലാവന്‍' സാങ്കേതിക തകരാറുകള്‍ മൂലം കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുകയാണ്.

ഇന്ത്യയില്‍ നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങിയ ഇറാനിയന്‍ യുദ്ധക്കപ്പലിന് സുരക്ഷിത താവളം വാഗ്ദാനം ചെയ്തിരുന്നതായി ദി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിലും 'മിലാന്‍-2026' നാവിക അഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കപ്പല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും തുറമുഖത്തേക്ക് എത്താനാണ് ഐആര്‍ഐഎസ് ദേനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് നാലിന് പുലര്‍ച്ചെ അമേരിക്കയുടെ ആക്രമണത്തില്‍ യുദ്ധക്കപ്പല്‍ തകരുകയായിരുന്നു.

അതേ സമയം ശ്രീലങ്കന്‍ തീരത്ത് യുഎസ് അന്തര്‍വാഹിനിയുടെ ടോര്‍പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഇറാന്റെ യുദ്ധക്കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചിരുന്നെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും ഇന്ത്യന്‍ നാവികസേന വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നാവികസേന പ്രസ്താവനയിറക്കി. കപ്പല്‍ ആക്രമണത്തെ ഇന്ത്യ അപലപിച്ചില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് നാവികസേനയുടെ വിശദീകരണക്കുറിപ്പ്.

കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിലാണ് അപായ സന്ദേശം ലഭിച്ചത്. ശ്രീലങ്കയിലെ ഗാലെ തുറമുഖത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇറാന്റെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പലുണ്ടായിരുന്നത്. ലങ്കയുടെ ഉത്തരവാദിത്തമുള്ള പ്രത്യേക അധികാര മേഖലയിലായിരുന്നു കപ്പല്‍. ഇന്ത്യന്‍ നാവിക സേനക്ക് സന്ദേശം ലഭിച്ചയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാവികസേനയുടെ ലോങ് റേഞ്ച് പട്രോള്‍ എയര്‍ക്രാഫ്റ്റിനെ മേഖലയിലേക്ക് അയച്ചു. ലൈഫ് റാറ്റ്സുകള്‍ അടങ്ങിയ മറ്റൊരു എയര്‍ക്രാഫ്റ്റിനെ സജ്ജമാക്കി വെച്ചു. മേഖലയിലുണ്ടായിരുന്ന ഐഎന്‍എസ് തരംഗിണി കപ്പലിനെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. കൂടാതെ, കൊച്ചിയില്‍ നിന്ന് ഐഎന്‍എസ് ഇക്ഷക് കപ്പലിനെയും എത്തിച്ചു. ഇത് മേഖലയില്‍ തുടര്‍ന്ന് കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയാണെന്നും നാവികസേന അറിയിച്ചു.

അമേരിക്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന കപ്പലില്‍ 180 ഓളം ഇറാനിയന്‍ സൈനികരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷിച്ചു. 87 നാവികരുടെ മൃതദേഹങ്ങള്‍ ലങ്കന്‍ നാവികസേന കണ്ടെത്തി ഗാലെയിലെ ആശുപത്രിയിലെത്തിച്ചു. അവശേഷിക്കുന്ന 60 ഓളം നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയ 32 നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ഐആര്‍ഐഎസ് ദേനയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇറാനിയന്‍ നാവികരെ സ്വന്തം നാട്ടിലേക്ക് അയക്കരുതെന്നാണ് യുഎസിന്റെ ആവശ്യം. ഇവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് ഇവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അമേരിക്ക അറിയിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബിക്കടലില്‍ നടന്ന ആക്രമണത്തില്‍ തകര്‍ന്ന കപ്പലിലുണ്ടായിരുന്ന ഇറാന്‍ നാവികരെ ശ്രീലങ്കന്‍ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഉടന്‍ ഇറാനിലേക്ക് അയക്കുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്ന് മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പോരാട്ടം മുറുകുന്നതിനിടെയാണ് ഈ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം അമേരിക്കയുടെ നിര്‍ദേശങ്ങളെ തള്ളിക്കളയുന്നതും ശ്രീലങ്കയ്ക്ക് വെല്ലുവിളിയാണ്.

ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിനെ മുന്നറിയിപ്പില്ലാതെ തകര്‍ത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ നാവികസേനയുടെ മറ്റൊരു കപ്പലായ 'ഐആര്‍ഐഎസ് ലാവന്‍' സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് കൊച്ചി തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ട്. ഐആര്‍ഐഎസ് ദേന തകര്‍ക്കപ്പെട്ട അതേ ദിവസമാണ് ലാവന്‍ കൊച്ചിയിലെത്തിയത്. 183 ജീവനക്കാരുള്ള ഈ കപ്പലിന് ഇന്ത്യ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന നാവികസേനാംഗങ്ങളെ കൊച്ചി നേവല്‍ ബേസില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ നല്‍കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും, സമുദ്ര സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.