- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'വഴിയില്‍ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ; സൗജന്യം പ്രഖ്യാപിച്ച് രാഹുല്‍ പോയി; ഒരുവിധം പച്ചപിടിച്ചു വരികയാണ്; വാഗ്ദാനം നിറവേറ്റിയാല്‍ പിന്നെ കെഎസ്ആര്‍ടിസി ഉണ്ടാകില്ല'; വഴിയാധാരമാക്കരുതെന്ന് മന്ത്രി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വാഗ്ദാനം നടപ്പാക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ രണ്ടുമാസം കൊണ്ട് കെഎസ്ആര്‍ടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാന്‍ യുഡിഎഫ് മുന്‍പും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തില്‍ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാന്‍ നാണമില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും മന്ത്രി പറഞ്ഞു.
പറയുന്നതില്‍ മര്യാദ വേണം. വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് ്പ്രഖ്യാപനം. ദൈനം ദിനമുള്ള കാര്യങ്ങള്‍ നടക്കുന്ന രീതിയിലാണ് നിലവില്‍ കെഎസ്ആര്‍ടിസിയുള്ളത്.നഷ്ടം ഉണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രം.വഴിയില്‍ കൂടി പോകുന്നവര്‍ എന്തേലും പറയുന്നു.
''കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി പോയി. ഇപ്പോള്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോര്‍ട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആര്‍ടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാള്‍ കൂടുതല്‍ വരവുണ്ടാക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. പെന്‍ഷന്‍കാരുടെ പൈസ കൊടുക്കാനുള്ളതുള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്. രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനം രണ്ടു മാസം നല്‍കിയാല്‍, കെഎസ്ആര്‍ടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല കെഎസ്ആര്‍ടിസിയുമുണ്ടാകില്ല.
തിരഞ്ഞെടുപ്പ് വരുന്നുവെന്ന് പറഞ്ഞ് പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് വോട്ട് വാങ്ങാന്‍ ശ്രമിക്കുന്നത് ശരിയല്ല. കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാനാവില്ല. സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ അത് പാവപ്പെട്ടവര്‍ക്കോ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കോ ആയിരിക്കണം. സ്വന്തമായി കാറുള്ള സമ്പന്നരായ സ്ത്രീകള്‍ക്കോ, 40,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്കോ സൗജന്യ യാത്ര നല്‍കേണ്ട ആവശ്യമുണ്ടോ?
നിലവില്‍ പിണറായി സര്‍ക്കാര്‍ മാസം 50 കോടി രൂപ ശമ്പളത്തിനായും, 74 കോടി രൂപ പെന്‍ഷനായും കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസി നിലവില്‍ അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നുണ്ട്. കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്കായി 'ഹാപ്പി ലോങ് ലൈഫ്' എന്ന പേരില്‍ കാര്‍ഡുകള്‍ നല്‍കി സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇത് വാരിക്കോരി നല്‍കുന്ന സൗജന്യമല്ല, മറിച്ച് അര്‍ഹരായ രോഗികള്‍ക്ക് വേണ്ടിയുള്ളതാണ്. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കിയപ്പോള്‍ അത് വോട്ട് കിട്ടാനുള്ള കൈക്കൂലിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് കാലത്ത് പെന്‍ഷന്‍ 600 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ അത് 18 മാസം നല്‍കാതെ കുടിശിക വരുത്തുകയായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്'' - ഗണേഷ് കുമാര്‍ പറഞ്ഞു.


