ലണ്ടന്‍: ലണ്ടനിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മൊജ്തബ ഖമനേയിക്ക് കോടികളുടെ ആഡംബര ഫ്‌ലാറ്റുകളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായകുമെന്ന് കരുതപ്പെടുന്ന മൊജ്തബ ഖമനേയിക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിംഗ്ടണില്‍ 50 മില്യണ്‍ പൗണ്ടിലധികം (ഏകദേശം 616 കോടിയിലധികം രൂപ) മൂല്യം വരുന്ന സ്വത്തുക്കളുള്ളത്. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് തൊട്ടടുത്താണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇത് അതീവ ഗുരുതരമായ 'സുരക്ഷാ വീഴ്ച'യാണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ആറാം നിലയിലും ഏഴാം നിലയിലുമുള്ള ഈ ആഡംബര ഫ്‌ലാറ്റുകള്‍ക്കൊപ്പം താഴത്തെ നിലയില്‍ ജീവനക്കാര്‍ക്കുള്ള താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇസ്രായേല്‍ എംബസിക്ക് തൊട്ടടുത്ത് ഇറാന്റെ സ്വാധീനമുള്ള വ്യക്തി ഇത്രയും വലിയ നിക്ഷേപം നടത്തിയത് ലണ്ടനിലെ സുരക്ഷാ ഏജന്‍സികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 56-കാരനായ ഖമനേയി 2014 മുതല്‍ ഈ രണ്ട് അപ്പാര്‍ട്ട്മെന്റുകളുടെയും ഉടമയാണെന്നാണ് വിവരം. എന്നാല്‍ ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ബ്ലൂംബെര്‍ഗ് പുറത്തുകൊണ്ടുവന്നത്.

ഇതിന് പുറമെ, ലണ്ടനിലെ ഹാംപ്സ്റ്റെഡില്‍ 11 ആഡംബര ബംഗ്ലാവുകളും ഇദ്ദേഹത്തിനുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐല്‍ ഓഫ് മാനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഷെല്‍ കമ്പനിയിലൂടെയും ഒരു ബിനാമി ഇടനിലക്കാരനിലൂടെയുമാണ് ഖമനേയി ഈ സ്വത്തുക്കള്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടും കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന സ്വത്തുക്കള്‍ ഖമനേയി കൂട്ടിയിട്ടിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് അന്വേഷണത്തില്‍ വെളിപ്പെടുന്നു. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളെ മറികടന്നു നടത്തിയ എണ്ണ വ്യാപാരത്തിലൂടെ ലഭിച്ച പണമാണ് ഈ സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരതയ്ക്ക് കുപ്രസിദ്ധമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) ഉന്നത നേതാവായ ഖമനേയി ഇസ്രായേല്‍ എംബസിയെ നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കിയത് വലിയ സുരക്ഷാ ആശങ്കകളാണ് ഉയര്‍ത്തുന്നത്. ഈ അപ്പാര്‍ട്ട്മെന്റുകള്‍ നയതന്ത്ര കാര്യാലയത്തെ ചാരപ്പണി നടത്താന്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും ശക്തമാണ്.

അതിനിടെ, വെള്ളിയാഴ്ച പുലര്‍ച്ചെ വടക്കന്‍ ലണ്ടനില്‍ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിയന്‍ പൗരന്മാരും ബ്രിട്ടീഷ്-ഇറാനിയന്‍ ഇരട്ട പൗരത്വമുള്ളവരുമാണ് പിടിയിലായവര്‍. ജൂതന്മാരുടെ ആരാധനാലയങ്ങളെയും (സിനഗോഗുകള്‍) അവിടെയെത്തുന്ന വ്യക്തികളെയും ഇവര്‍ നിരീക്ഷിച്ചതായി സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹാരോയില്‍ നിന്ന് ആറുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ചാരപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്തവരാണെന്നാണ് സൂചനയെങ്കിലും, ഇവര്‍ക്ക് ഗൂഢാലോചനയുമായി നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇസ്രായേല്‍ എംബസി കെട്ടിടത്തിന് തൊട്ടുപിന്നിലായി വെറും 50 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കെന്‍സിംഗ്ടണിലെ ഈ ആഡംബര ഫ്‌ലാറ്റുകള്‍ എംബസിയിലെ ജീവനക്കാരെയും സന്ദര്‍ശകരെയും നിരീക്ഷിക്കാനും അവരുടെ ചിത്രങ്ങള്‍ പകര്‍ത്താനും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഭീകരവിരുദ്ധ സുരക്ഷാ വിദഗ്ധര്‍ ശനിയാഴ്ച രാത്രി മുന്നറിയിപ്പ് നല്‍കി. എംബസി പരിസരത്തെ പൂന്തോട്ടത്തില്‍ വെച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തുന്ന സംഭാഷണങ്ങള്‍ പോലും ഈ ഫ്‌ലാറ്റുകളില്‍ നിന്ന് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. കൂടാതെ, ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജനല്‍ ഗ്ലാസുകളിലെ പ്രകമ്പനം നിരീക്ഷിക്കുകയും അതുവഴി അകത്ത് നടക്കുന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഇവിടെ നിന്ന് സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 50 മീറ്ററില്‍ താഴെ മാത്രം ദൂരമുള്ളതിനാല്‍, എംബസിയുടെ വയര്‍ലെസ് നെറ്റ്വര്‍ക്കുകള്‍ ഹാക്ക് ചെയ്ത് ഇന്റര്‍നെറ്റ് ട്രാഫിക് നിരീക്ഷിക്കാനും ഈ ഫ്‌ലാറ്റുകള്‍ കേന്ദ്രമാക്കി എളുപ്പത്തില്‍ സാധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു.

മൊജ്തബയുടെ ഈ സ്വത്തുക്കളെക്കുറിച്ച് ഭീകരവിരുദ്ധ വിദഗ്ധനും ഇറാന്‍ ഇന്റര്‍നാഷണല്‍ മുന്‍ സെക്യൂരിറ്റി ഡയറക്ടറുമായ റോജര്‍ മാക്മില്ലന്‍ മുന്നറിയിപ്പ് നല്‍കുന്നു. 'മൊജ്തബ ഖമനേയിയുടെ ഉടമസ്ഥതയിലുള്ള രണ്ട് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് എംബസിയിലേക്കുള്ള കാഴ്ച വളരെ വ്യക്തമാണ്. ഇതൊരു നിക്ഷേപമല്ല, മറിച്ച് സ്ഥിരമായ ഒരു ചാരനിരീക്ഷണ കേന്ദ്രമാണ്. ഇത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്,' മാക്മില്ലന്‍ വ്യക്തമാക്കി.

എംബസിക്ക് സമീപമുള്ള ഈ രണ്ട് ഫ്‌ലാറ്റുകളും, 'ബില്യണേഴ്സ് റോ' എന്നറിയപ്പെടുന്ന ഹാംപ്സ്റ്റെഡിലെ ബിഷപ്സ് അവന്യൂവിലുള്ള 11 ബംഗ്ലാവുകളും ചേര്‍ത്ത് ഏകദേശം 200 ദശലക്ഷം പൗണ്ട് വിലമതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ മിക്കവയും ഒഴിഞ്ഞുകിടക്കുകയാണെന്നും പലതും ജീര്‍ണാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസിന്റെയും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും 24 മണിക്കൂര്‍ കാവലുള്ള 'പാലസ് ഗ്രീന്‍' എന്ന സ്വകാര്യ പാതയിലാണ് ഈ ഫ്‌ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. എംബസിയുടെ സുരക്ഷാ കാരണങ്ങളാലും അവിടുത്തെ അതിസമ്പന്നരായ താമസക്കാരുടെ സ്വകാര്യത മുന്‍നിര്‍ത്തിയും ഈ തെരുവില്‍ ഫോട്ടോ എടുക്കുന്നതിന് കര്‍ശന വിലക്കുണ്ട്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഖമനേയിയുടെ വിശ്വസ്തനും ഇറാനിയന്‍ വ്യവസായിയും കുടുംബ സുഹൃത്തുമായ അലി അന്‍സാരി എന്ന ബിനാമി വഴിയാണ് ഈ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.