- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പകല്‍വെളിച്ചത്തിലും ഇരുട്ടില്‍ മുങ്ങി ടെഹ്റാന്‍! എണ്ണമഴ പെയ്തിറങ്ങുന്ന നഗരത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍; ഇറാന്റെ എണ്ണ ശുദ്ധീകരണശാലകള്‍ ചാരമാക്കി ഇസ്രായേല്‍; തൊട്ടാല്‍ പൊള്ളുന്ന ആസിഡ് കാറ്റില്‍ വിറച്ച് തലസ്ഥാനം; ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ കര്‍ശന നിര്‍ദേശം

ടെഹ്റാന്‍: ഞായറാഴ്ച രാവിലെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്‍ ഉണര്‍ന്നത് കനത്ത പുകയും വിഷവാതകവും നിറഞ്ഞ അന്തരീക്ഷത്തിലാണ്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നഗരത്തിലെ എണ്ണ ശുദ്ധീകരണശാലകള്‍ തകര്‍ന്നതോടെയാണ് ടെഹ്റാന്‍ ഇത്തരമൊരു ദുരന്തത്തിലേക്ക് നീങ്ങിയത്. സൂര്യന്‍ ഉദിച്ചെങ്കിലും നഗരം ഇരുട്ടിലാണ്. ആകാശം ഇരുണ്ടുമൂടിയ നിലയിലാണ്. അന്തരീക്ഷത്തിലാകെ എണ്ണ കത്തിയ മണം തങ്ങിനില്‍ക്കുകയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ആക്രമണത്തിന് പിന്നാലെ എണ്ണ കലര്‍ന്ന മഴത്തുള്ളികള്‍ നഗരത്തില്‍ പെയ്തിറങ്ങിയത് ഭീതി പരത്തി. ജനങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന് ഇറാനിലെ പരിസ്ഥിതി അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
എണ്ണ സംഭരണ ശാലകളിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍തോതില്‍ വിഷാംശമുള്ള ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളും സള്‍ഫര്‍, നൈട്രജന്‍ ഓക്‌സൈഡുകളും അന്തരീക്ഷത്തില്‍ കലര്‍ന്നതായി ഇറാനിയന്‍ റെഡ് ക്രസന്റ് വ്യക്തമാക്കി. 'ഇത്തരമൊരു സാഹചര്യത്തില്‍ പെയ്യുന്ന മഴ അതീവ അപകടകരമാണ്; ഇത് ആസിഡ് മഴയ്ക്ക് തുല്യമാണ്,' റെഡ് ക്രസന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ മഴ ദേഹത്ത് വീണാല്‍ തൊലി പൊള്ളാനും ശ്വാസകോശത്തിന് ഗുരുതരമായ തകരാറുകള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ടെഹ്റാനിലെയും അല്‍ബോര്‍സിലെയും നാല് പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങളിലും ഒരു എണ്ണ ഉല്‍പ്പാദന വിതരണ കേന്ദ്രത്തിലും ഇസ്രായേല്‍ ആക്രമണം നടത്തിയതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണത്തില്‍ നാല് ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയിലും സമീപപ്രദേശങ്ങളിലുമായി അഞ്ച് എണ്ണ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യുദ്ധത്തില്‍ ഇതാദ്യമായാണ് ഒരു സിവില്‍ വ്യാവസായിക കേന്ദ്രം ഇസ്രായേലിന്റെ ലക്ഷ്യമാകുന്നതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ സൂര്യപ്രകാശം പോലും പുറത്തുവരാത്ത വിധം അന്തരീക്ഷം മൂടിക്കെട്ടിയതോടെ ടെഹ്റാന്‍ നിവാസികള്‍ പകല്‍വെളിച്ചത്തിലും ലൈറ്റുകള്‍ ഉപയോഗിക്കേണ്ടി വന്നു.
'എന്റെ അലാറം ക്ലോക്ക് കേടായെന്നാണ് ഞാന്‍ കരുതിയത്,' അമ്പതുകാരനായ ഒരു ഡ്രൈവര്‍ എഎഫ്പിയോട് പ്രതികരിച്ചു. രാവിലെ 10:30 ആയിട്ടും നഗരത്തിലെ പ്രധാന പാതയായ വാലിയാസര്‍ സ്ട്രീറ്റിലൂടെ വാഹനങ്ങള്‍ ഹെഡ്ലൈറ്റ് തെളിച്ചാണ് സഞ്ചരിച്ചത്. നഗരവീഥികളില്‍ പ്രത്യേക കോട്ടുകളും മാസ്‌കുകളും ധരിച്ച സുരക്ഷാ സേന ഗതാഗതം നിയന്ത്രിക്കുന്നത് അസാധാരണമായ ഒരു കാഴ്ചയായി മാറി.
ടെഹ്റാനിന് സമീപം തങ്ങള്‍ തകര്‍ത്ത എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ഇറാന്റെ സൈനിക ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇറാനിലെ ഭീകര ഭരണകൂടം തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഇന്ധന ടാങ്കുകളെ നേരിട്ടും തുടര്‍ച്ചയായും ഉപയോഗിക്കുന്നു. സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളിലേക്ക് ഇന്ധനം എത്തിക്കുന്നത് ഈ സംഭരണശാലകള്‍ വഴിയാണ്,' ഐഡിഎഫ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അതേസമയം, പരിസ്ഥിതി നാശത്തിനപ്പുറം ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. മധ്യേഷ്യയിലെ യുദ്ധം തുടരുന്നിടത്തോളം കാലം എണ്ണ വില കുതിച്ചുയരുകയും അത് ആഗോള സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'യുദ്ധം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍, എണ്ണ വില്‍ക്കാനോ ഉല്‍പ്പാദിപ്പിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകും,' പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'നെതന്യാഹുവിന്റെ ഭ്രമം' കാരണം യുദ്ധം അമേരിക്കയെ മാത്രമല്ല, മധ്യേഷ്യയെയും ലോകത്തെ മുഴുവനുമാണ് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെഹ്റാനിലെ ഇന്ധന വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഗവര്‍ണര്‍ മുഹമ്മദ് സാദേഗ് മൊഹമ്മദിയാന്‍ ഞായറാഴ്ച രാവിലെ അറിയിച്ചു. 'പ്രശ്‌നം പരിഹരിച്ചുവരികയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ടെഹ്റാനിലെ ഓരോ വാഹനത്തിനും 20 ലിറ്റര്‍ ഇന്ധനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പല പമ്പുകളിലും 40-ഓളം വാഹനങ്ങളാണ് ഇന്ധനം ലഭിക്കാനായി കാത്തുകിടന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യുദ്ധം ഗള്‍ഫ് മേഖലയിലേക്കും പടരുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെയും ബഹ്റൈനിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായും ആര്‍ക്കും കാര്യമായ പരിക്കില്ലെന്നും കുവൈറ്റ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള ഡ്രോണ്‍ ആക്രമണമാണിതെന്ന് കുവൈറ്റ് സൈന്യം വിശേഷിപ്പിച്ചു.
ബഹ്റൈനിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തില്‍ ഇറാന്‍ വിവേചനരഹിതമായി ആക്രമണം നടത്തുകയാണെന്ന് മന്ത്രാലയം ആരോപിച്ചു. നേരത്തെ, തങ്ങളുടെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിനുള്ള മറുപടിയെന്നോണം ബഹ്റൈനിലെ യുഎസ് ജുഫൈര്‍ താവളത്തില്‍ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ ആക്രമണം ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ബഹ്റൈന്‍ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് പിന്നീട് വ്യക്തമാക്കി.


