- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോവിഡ് മഹാമാരിക്ക് ശേഷം സ്വകാര്യ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു; അങ്ങനെ ഷോബി ടി പോളിന്റെ 'ഹേലോ എയര്‍വേയ്സ്' സൂപ്പര്‍ ഹിറ്റായി; ലോകകപ്പ് ഹീറോയും ഭാര്യയും തിരുവനന്തപുരത്ത് പറന്നിറങ്ങിയത് മലയാളിയുടെ ആകാശ വിപ്ലവത്തില്‍; സഞ്ജു സാംസണിന് സ്വന്തമായി ജെറ്റുണ്ടോ എന്ന സംശയങ്ങള്‍ ഇനി വേണ്ട

കൊച്ചി: ലോകകപ്പ് ഹീറോ സഞ്ജു വി. സാംസണ്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ പറന്നിറങ്ങിയത് ഒരു മലയാളി ഉടമസ്ഥനായുള്ള സ്വകാര്യ ജെറ്റിലായിരുന്നു. ആഡംബര വ്യോമയാന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന 'ഹേലോ എയര്‍വേയ്സ്' എന്ന സംരംഭമാണ് സഞ്ജുവിനായി ചിറകൊരുക്കിയത്. കമ്പനിയുടെ സി.ഇ.ഒ ഷോബി ടി. പോളിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലയളവിനുള്ളില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ചാര്‍ട്ടര്‍ സര്‍വീസുകളിലൊന്നായി മാറിയിരിക്കുകയാണ്.
ആഡംബരത്തിനപ്പുറം സമയലാഭത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഷോബി പറയുന്നു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി പറന്നുയരാമെന്നതാണ് സ്വകാര്യ വിമാനങ്ങളുടെ പ്രധാന ആകര്‍ഷണം. ഇതിന് മുമ്പും സഞ്ജു ഈ ആകാശ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. ഐപിഎല്‍ മത്സര തിരക്കുകള്‍ക്കിടയില്‍ കേരളത്തില്‍ അതിവേഗം വന്ന് മടങ്ങാനായിരുന്നു ഇത്. അന്നൊന്നും ആരും അറിഞ്ഞതു പോലുമില്ല. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തോടെ സഞ്ജുവിന്റെ വരവും പോക്കുമെല്ലാം മലയാളിയുടെ അഭിമാന നിമിഷമായി. അങ്ങനെയാണ് സ്വകാര്യ ജെറ്റിലാണ് സഞ്ജു എത്തിയതെന്ന് ഏവരും അറിഞ്ഞത്. സമാനമായി പ്രവാസി മലയാളികളും പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാറുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം സ്വകാര്യ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഹേലോ എയര്‍വേയ്സിന്റെ ബിസിനസ്സില്‍ 150 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, രാഷ്ട്രീയ നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ഉലകനായകന്‍ കമല്‍ ഹാസന്‍ തുടങ്ങിയ പ്രമുഖരുടെ പ്രിയപ്പെട്ട ചോയ്സായി ഈ കമ്പനി മാറി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചു. നാല് സീറ്റുകളുള്ള അത്യാധുനിക 'സെസ്ന സൈറ്റേഷന്‍ മസ്റ്റാങ് ജെറ്റ്' ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഹേലോ എയര്‍വേയ്സിനുണ്ട്.
നേരത്തെ ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങളുടെ സ്വകാര്യ വിമാനങ്ങളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലെ സത്യം ഷോബി ടി. പോള്‍ നേരത്തെ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍താര ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സ്വന്തമായി ജെറ്റുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. 'സൗത്ത് ഇന്ത്യയില്‍ ഒരു സെലിബ്രിറ്റിക്കും സ്വന്തമായി പ്രൈവറ്റ് ജെറ്റില്ല. നയന്‍താരയോ വിജയ്‌ലോ സിലമ്പരസനോ ഒക്കെ യാത്ര ചെയ്യുന്നത് ഞങ്ങളെപ്പോലുള്ള കമ്പനികളില്‍ നിന്ന് വിമാനം വാടകയ്ക്കെടുത്താണ്. ഡി.ജി.സി.എ രേഖകള്‍ പ്രകാരം ഒരു താരത്തിനും സ്വന്തമായി വിമാനമില്ല,' ഷോബി വ്യക്തമാക്കി.
വിഐപി യാത്രകള്‍ക്ക് പുറമെ സിനിമാ ഷൂട്ടിംഗ്, എയര്‍ ആംബുലന്‍സ്, വിവാഹ ആവശ്യങ്ങള്‍ക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ എന്നിവയും ഹേലോ എയര്‍വേയ്സ് നല്‍കിവരുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും കമ്പനിക്ക് നിലവില്‍ ഓപ്പറേഷന്‍സ് സെന്ററുകളുണ്ട്.


