- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ്; എല്‍ഡിഎഫിന് പിഡിപി ബന്ധം; കേരളത്തില്‍ മാറ്റം അനിവാര്യം; എന്‍ഡിഎയ്ക്ക് ഇത്തവണ അവസരം നല്‍കിയാല്‍ വികസനം ഉറപ്പാക്കും; അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹര്‍ത്താല്‍ മാഫിയയെയും തുടച്ചുനീക്കും; എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

കൊച്ചി: കേരളത്തില്‍ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിന് പുതിയ ഒരു ഭാവി ഉണ്ടാകേണ്ടതുണ്ട്, കേരളത്തിന് പുതിയ തുടക്കം ആവശ്യമായ സമയമാണിത്. തൃശ്ശൂരിലെ ജനങ്ങള്‍, തിരുവനന്തപുരത്തെ ജനങ്ങള്‍ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങള്‍ ബിജെപിയിലും എന്‍ഡിയിലും അര്‍പ്പിച്ച വിശ്വാസം പോലെ മുഴുവന്‍ കേരളവും എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എന്‍ഡിഎയ്ക്ക് അഞ്ചു വര്‍ഷം നിങ്ങളെ സേവിക്കാനുള്ള അവസരം നല്‍കണമെന്നും എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹര്‍ത്താല്‍ മാഫിയയെയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു.
കേരളത്തിന് മനോഹരമായ ഭൂപ്രദേശവും കാലാവസ്ഥയുമുണ്ട്. മഹത്തായ സംസ്‌കാരമുണ്ട്. കഴിവുള്ള ജനതയാണ്. എന്നാല്‍ കേരളം അര്‍ഹിക്കുന്ന വികസനം ഉണ്ടായിട്ടില്ല. കേരളം മാറി മാറി ഭരിച്ച രണ്ടു മുന്നണികളുമാണ് ഇതിന് കാരണം.കേരളത്തിന്റെ അതിവേഗ വികസനത്തിന് ഈ രണ്ടു മുന്നണികളും മാറി മാറി അധികാരത്തില്‍ വരുന്ന സ്ഥിതി അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കണം. അടുത്ത 5 വര്‍ഷം എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ വികസിത കേരളം എന്ന അത്ഭുതകരമായ കാഴ്ച കാണാന്‍ സാധിക്കും. ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും. അദ്ദേഹം പറഞ്ഞു. മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. വിവാഹ പാര്‍ട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ വലിയ സമ്മേളനങ്ങള്‍ക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം. ഇതിന് കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണമെന്നും മോദി പറഞ്ഞു.
ജയ് കേരളം, ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. യു ഡി എഫും എല്‍ഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. കേരളത്തിന്റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് കേരളം എന്ന പേര്. അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫുമാണ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ എവിടെ എത്തിയെന്നു പോലും അറിയില്ല. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ല. കേരളത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടും. ഹര്‍ത്താല്‍ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചു നീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യ തൊഴിലാളികള്‍ക്കും കിസാന്‍ ക്രഡിറ്റ് നല്‍കിയ സര്‍ക്കാരാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍. മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖം.
ലക്ഷക്കണക്കിന് ഭാരതീയര്‍ ഗള്‍ഫിലുണ്ടെന്നും അവരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മോദി പറഞ്ഞു. ഗള്‍ഫ് സംഘര്‍ഷത്തിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ക്കിടയിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസും സി പി എമ്മും തകര്‍ക്കാന്‍ ശ്രമിക്കുന്നു. യുദ്ധ സമയത്ത് പോലും കോണ്‍ഗ്രസും ഇടതുപക്ഷവും അപവാദ പ്രചരണം നടത്തുകയാണ്. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനവും മോദി പരാമര്‍ശിച്ചു.അഴിമതി നടത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായം തകര്‍ക്കുന്നതിലും എല്‍ഡിഎഫും യുഡിഎഫും പങ്കാളികളാണെന്നും മോദി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്നണികളും പങ്കാളികളാണെന്ന് മോദി വിമര്‍ശിച്ചു. യുഡിഎഫ് കാലത്ത് സോളാര്‍ അഴിമതിയായിരുന്നു ചര്‍ച്ചയെങ്കില്‍ എല്‍ഡിഎഫ് കാലത്ത് CMRL അഴിമതിയായിരുന്നു ചര്‍ച്ചയെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എംഎംസി കോണ്‍ഗ്രസായി മാറിയിരിക്കുന്നു. മുസ്ലിം ലീഗ് മാവോ കോണ്‍ഗ്രസായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.അധികാരം കിട്ടാന്‍ ജമാഅത്തെ ഇസ്ലാമിയുമായി വരെ കൂട്ടു ചേരുന്നുവെന്നും മോദി വിമര്‍ശിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രധാനമന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കേരളത്തിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ നിര്‍മ്മാണത്തില്‍ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവിന് അറിയില്ല. ഡ്രോണ്‍ നിര്‍മ്മിക്കുന് നിരവധി കമ്പനികള്‍ ഭാരതത്തിലുണ്ടെന്ന് ഈ കോണ്‍ഗ്രസ് നേതാവിന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലര്‍ക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനം കാണാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ കേരളത്തിലെ പ്രതിഭകളായ യുവാക്കളോട് നീതി പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എന്‍ഡിഎ സഖ്യം ഉണ്ടൈാക്കും. വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹര്‍ത്താല്‍ മാഫിയ എന്നിവയെ എല്ലാം എന്‍ഡിഎ സര്‍ക്കാര്‍ തുടച്ചുനീക്കും. എഐ അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റും. പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. അയല്‍രാജ്യങ്ങളിലെ സര്‍ക്കാരുകളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും, അവിടുത്തെ ഭരണകൂടങ്ങളോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനായി ഇന്ത്യന്‍ എംബസികളും മിഷനുകളും സദാസമയവും സജ്ജമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭക്ഷണം, താമസം, വൈദ്യസഹായം, നിയമസഹായം എന്നിവ ആവശ്യമായി വരുന്നവര്‍ക്കായി 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ എംബസികള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇത്രയും വലിയൊരു ആഗോള പ്രതിസന്ധിയുടെ സമയത്തും കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ബോധപൂര്‍വം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രവാസികളുടെ സുരക്ഷയേക്കാള്‍ ഉപരിയായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും അത്യന്തം നിര്‍ഭാഗ്യകരമായ രീതിയിലാണ് അവര്‍ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തന്നെ വിമര്‍ശിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തുക എന്നതാണെന്ന് മോദി പറഞ്ഞു. പ്രവാസികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം സൃഷ്ടിച്ച്, അതുവഴി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ 'റീലുകള്‍' ഉണ്ടാക്കി പ്രചാരണം നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മോദിയെ അധിക്ഷേപിക്കാനുള്ള പ്രചാരണ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഒരു വലിയ ആഗോള പ്രതിസന്ധിയെ നേരിടുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒത്തൊരുമയോടെ നില്‍ക്കുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ സ്ഥിതി വഷളാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. എന്ത് പ്രതിസന്ധിയുണ്ടായാലും പ്രവാസികളുടെ സുരക്ഷയ്ക്കാണ് തന്റെ സര്‍ക്കാര്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


