ജമ്മു: മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. 'കഴിഞ്ഞ 20 വര്‍ഷമായി ഫറൂഖ് അബ്ദുള്ളയെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇത് എന്റെ വ്യക്തിപരമായ അജണ്ടയായിരുന്നു' എന്നാണ് പിടിയിലായ കമല്‍ സിങ് ജംവാള്‍ (63) പോലീസിനോട് പറഞ്ഞത്. തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നും അദ്ദേഹം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച വൈകുന്നേരം ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിക്കും നേരെ ആക്രമണമുണ്ടായത്. വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന പ്രതി, ഫറൂഖ് അബ്ദുള്ളയുടെ തൊട്ടടുത്തെത്തി വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ ബലംപ്രയോഗിച്ച് കീഴടക്കി. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നും ഇയാള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നുമാണ് പ്രാഥമിക നിഗമനം. ജമ്മു സ്വദേശിയായ ഇയാള്‍ക്ക് സ്വന്തമായി കടകളുണ്ടെന്നും അതിന്റെ വാടക കൊണ്ടാണ് ജീവിക്കുന്നതെന്നും പോലീസ് അറിയിച്ചു.

ഇസഡ് പ്ലസ് സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിറതോക്കുമായി ഒരാള്‍ക്ക് എത്താന്‍ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. 'ദൈവം കരുണയുള്ളവനാണ്, പിതാവ് വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വധശ്രമം പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്രയും കടുത്ത സുരക്ഷയുള്ള ഒരാള്‍ക്ക് സമീപം ഇതെങ്ങനെ സംഭവിച്ചു എന്നത് ചോദ്യമായി അവശേഷിക്കുന്നു.' - ഒമര്‍ അബ്ദുള്ള (എക്‌സില്‍ കുറിച്ചത്)

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയെ പിടികൂടിയ ഉടന്‍ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഇയാളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റുചെയ്തെന്നും അധികൃതര്‍ അറിയിച്ചു. കമല്‍ സിങ് ജംവാളാണ്(70) അറസ്റ്റിലായത്.

ബുധനാഴ്ച വൈകുന്നേരം ഗ്രേറ്റര്‍ കൈലാഷ് മേഖലയിലെ റോയല്‍ പാര്‍ക്കില്‍ പാര്‍ട്ടി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി അബ്ദുള്ളയ്ക്കുനേരേ വെടിവെക്കുകയായിരുന്നു. എന്നാല്‍, തക്കസമയത്ത് ഒരു പോലീസ് ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും ചേര്‍ന്ന് അക്രമിയെ തടയുകയും ബലംപ്രയോഗിച്ച് കീഴടക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.