- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഖജനാവ് കാലി; ട്രഷറി ബില്ലുകള്‍ മാറാന്‍ അപ്രഖ്യാപിത നിയന്ത്രണം; വാട്ട്സ്ആപ്പിലൂടെ രഹസ്യ നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടര്‍; മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന് പരസ്യ ലംഘനം; ബില്ലുകള്‍ പാസാക്കാന്‍ ഗൂഗിള്‍ ഷീറ്റും മുന്‍ഗണനാ പരിശോധനയും; പിണറായിയെ പുകഴ്ത്തുന്ന പത്ര പരസ്യങ്ങള്‍ക്ക് തുക ആരു നല്‍കും?

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, ട്രഷറി ബില്ലുകള്‍ മാറുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ട്രഷറി ഡയറക്ടര്‍ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ട്രഷറി ഓഫീസര്‍മാര്‍ക്ക് നല്‍കിയ രഹസ്യ നിര്‍ദ്ദേശങ്ങള്‍ പുറത്തായതോടെയാണ് ഖജനാവ് നേരിടുന്ന ഗുരുതരമായ തകര്‍ച്ച വെളിവാകുന്നത്. വകുപ്പുകളില്‍ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വാട്ട്സ്ആപ്പ് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2024 ഫെബ്രുവരി 12-ന് നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ്, അതേ നിര്‍ദ്ദേശങ്ങളെ അട്ടിമറിച്ച് ട്രഷറി ഡയറക്ടര്‍ വാട്ട്സ്ആപ്പ് വഴി ഉത്തരവുകള്‍ കൈമാറുന്നത്.
പുറത്തുവന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പ്രകാരം, ട്രഷറികളില്‍ എത്തുന്ന എല്ലാ ബില്ലുകളും ഉടന്‍ പാസാക്കരുതെന്നാണ് നിര്‍ദ്ദേശം. പകരം താഴെ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കണം:
ഗൂഗിള്‍ ഷീറ്റ് നിരീക്ഷണം: ട്രഷറിയില്‍ എത്തുന്ന ബില്ലുകള്‍ ടോക്കണ്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം ട്രഷറി ഡയറക്ടറേറ്റ് നല്‍കുന്ന 'ഗൂഗിള്‍ ഷീറ്റില്‍' വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.
മുന്‍ഗണന പരിശോധന: ഡയറക്ടറേറ്റില്‍ നിന്ന് സൂക്ഷ്മ പരിശോധന നടത്തി 'Priority' അനുസരിച്ച് നല്‍കുന്ന ലിസ്റ്റിലുള്ള ബില്ലുകള്‍ മാത്രമേ അടുത്ത ദിവസം പാസാക്കാന്‍ പാടുള്ളൂ.
ഇളവുകള്‍: എച്ച്.ആര്‍ ക്ലെയിം ബില്ലുകളും (HR Claims), ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലാത്ത ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് (TC) ബില്ലുകളും മാത്രമേ നിലവില്‍ തടസ്സമില്ലാതെ പാസാക്കാന്‍ അനുവാദമുള്ളൂ.
രഹസ്യ സ്വഭാവം: ഈ നിര്‍ദ്ദേശങ്ങള്‍ ട്രഷറി ജീവനക്കാരുടെ അറിവിലേക്ക് മാത്രമുള്ളതാണെന്നും മറ്റൊരു ഗ്രൂപ്പിലും ഷെയര്‍ ചെയ്യാന്‍ പാടില്ലെന്നും ട്രഷറി ഡയറക്ടറുടെ സന്ദേശത്തില്‍ പ്രത്യേകം പറയുന്നുണ്ട്.
വാട്ട്സ്ആപ്പ് വഴി ഭരണപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. 2024 ഓഗസ്റ്റ് മുതല്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും, ഇപ്പോള്‍ ഗൂഗിള്‍ ഷീറ്റ് വഴിയുള്ള പുതിയ പരിശോധനാ രീതി നടപ്പിലാക്കിയതോടെ സാധാരണ ബില്ലുകള്‍ മാറാന്‍ പോലും 5 മുതല്‍ 7 ദിവസം വരെ വൈകുന്ന സാഹചര്യമാണ്. ഖജനാവ് കാലിയായതോടെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ ബില്ലുകള്‍ നിയന്ത്രിച്ച് പണം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ഈ 'രഹസ്യ നീക്കത്തിലൂടെ' ശ്രമിക്കുന്നത്. എന്നാല്‍ ഇത് സംസ്ഥാനത്തെ കരാറുകാരെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിലവില്‍ ട്രഷറികളില്‍ പത്ത് ലക്ഷത്തിന് മുകളില്‍ ബില്ലുകള്‍ പാസാക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇതിനൊപ്പമാണ് പുതിയ നീക്കം. ഫലത്തില്‍ ട്രഷറികള്‍ പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക് പോവുകയാണ്. ഖജനാവില്‍ നിന്നും കോടികള്‍ മുടക്കിയാണ് പരസ്യങ്ങള്‍ നല്‍കുന്നത്. ഈ പരസ്യങ്ങളുടെ തുക ആര്‍ക്കും ഇപ്പോള്‍ കിട്ടാന്‍ സാധ്യതയില്ല. അടുത്ത സര്‍ക്കാരിനാകും അതിന്റെ ബാധ്യത.


