- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആക്രമണത്തിന് ഇരയായ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്ത പോലീസ് നടപടി ദുരൂഹത; മന്ത്രി വീണാ ജോര്‍ജിനെതിരായ വധശ്രമക്കേസ് പ്രഹസനമാകുന്നു; ആയുധമില്ലെന്ന പോലീസുകാരുടെ മൊഴി മന്ത്രിക്കും തിരിച്ചടി; സത്യം പറഞ്ഞ പോലീസുകാര്‍ക്ക് ഇനി എന്തു സംഭവിക്കും?

കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നാടകീയമായ വഴിത്തിരിവുകള്‍. കെ.എസ്.യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതോടെ അന്വേഷണം വെറും പ്രഹസനമായി മാറുകയാണ്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആക്രമണത്തിന് ഇരയായ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്ത പോലീസ് നടപടി ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
മന്ത്രിയുടെ മൊഴി എടുത്താല്‍ ആയുധം സംബന്ധിച്ച നിലപാട് വ്യക്തമാക്കേണ്ടി വരുമെന്നും, ഇല്ലാത്ത ആയുധത്തെക്കുറിച്ച് മൊഴി നല്‍കുന്നത് പിന്നീട് കുടുക്കാകുമെന്ന തിരിച്ചറിവുമാണ് മൊഴിയെടുക്കല്‍ നീട്ടുന്നതിന് പിന്നിലെ തന്ത്രമെന്നാണ് സൂചന. കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിലാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ വിവരങ്ങളുള്ളത്. സംഭവസമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ അനൂപ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കരിങ്കൊടിയും ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് മൊഴി നല്‍കി.
ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കിയതോടെ 'വധശ്രമ'മെന്ന പോലീസിന്റെ വാദം കോടതിയില്‍ തകര്‍ന്നു വീണു. ഈ കേസ് സിപിഎമ്മിനും പോലീസിനും വലിയ തലവേദനയാണ്. കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമാക്കിയതാണ് എല്ലാത്തിനും കാരണം. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തത് എന്താണെന്ന് കോടതിയും ആരാഞ്ഞു. വൈകിട്ട് 3.15-ന് നടന്ന സംഭവത്തില്‍ രാത്രി 10.17-നാണ് എഫ്.ഐ.ആര്‍ ഇട്ടത്. പ്രതികളെ ഉടന്‍ പിടികൂടിയിട്ടും ആയുധങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തെളിവെടുപ്പിന് എത്തിച്ചിട്ടും ആയുധം കണ്ടെത്താനാവാത്തത് കേസ് കെട്ടിച്ചമച്ചതാണെന്ന കെ.എസ്.യുവിന്റെ ആരോപണത്തിന് ബലം നല്‍കുന്നു.
ആയുധമുണ്ടെന്ന് മൊഴി നല്‍കിയാല്‍ അത് ഹാജരാക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. ആയുധം ഇല്ലാതിരിക്കെ മൊഴി നല്‍കുന്നത് മന്ത്രിക്ക് പിന്നീട് നിയമപരമായ തിരിച്ചടിയാകും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ബോധപൂര്‍വ്വം മൊഴിയെടുക്കല്‍ നീട്ടിക്കൊണ്ടുപോകുന്നത്. ആയുധമില്ലാത്ത വധശ്രമക്കേസെന്ന വിചിത്ര വാദവുമായി മുന്നോട്ട് പോകുന്ന പോലീസ് നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. പോലീസുകാരുടെ മൊഴിയും നിര്‍ണ്ണായകമായി. ഈ പോലീസുകാര്‍ക്കെതിരെ സിപിഎം അനുകൂലികള്‍ പ്രതിഷേധത്തിലാണ്.
വധശ്രമ ആരോപണം ഉയര്‍ത്തി സി.പി.എം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പ്രതിയുടെ വീടിന് നേരെ ബോംബേറുണ്ടാകുകയും ചെയ്തിരുന്നു. കോടതി വിധി പുറത്തുവന്നതോടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശരിവെക്കപ്പെടുകയാണ്.


