തിരുവനന്തപുരം: രാജ്യത്തെ പാചകവാതക ക്ഷാമം കേരളത്തെ സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക് തള്ളിയിടുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ സംസ്ഥാനത്തെ ഐടി ഹബ്ബായ ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള മേഖലകള്‍ കടുത്ത പ്രതിസന്ധിയിലായി. ഭക്ഷണശാലകള്‍ പൂട്ടുന്ന സാഹചര്യത്തില്‍ ഐടി കമ്പനികള്‍ വീണ്ടും 'വര്‍ക്ക് ഫ്രം ഹോം' രീതിയിലേക്ക് മാറുന്നത് ആലോചിക്കുകയാണ്.

ടെക്‌നോപാര്‍ക്കിനകത്തെ കഫറ്റീരിയകള്‍ പലതും ഇതിനോടകം അടച്ചുപൂട്ടി. ശേഷിക്കുന്നവ കൗണ്ടറുകളുടെ എണ്ണം കുറച്ചതോടെ ഭക്ഷണത്തിനായി ജീവനക്കാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐടി ജീവനക്കാര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഐടി പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. അര ലക്ഷത്തോളം ജീവനക്കാരുള്ള പാര്‍ക്കില്‍ ഭൂരിഭാഗവും ഹോസ്റ്റലുകളിലും പിജിയിലുമാണ് താമസിക്കുന്നത്. ഇവരുടെ ഭക്ഷണ ലഭ്യത ഉറപ്പാക്കാനായില്ലെങ്കില്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരും.

പാചകവാതക ലഭ്യതയില്ലാത്തതിനാല്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് കാറ്ററിംഗ് യൂണിറ്റുകള്‍ തീരുമാനിച്ചു. മാസങ്ങള്‍ക്ക് മുന്‍പേ ഏറ്റെടുത്ത വിവാഹ പാര്‍ട്ടികളും ഇഫ്താര്‍ വിരുന്നുകളും കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഇന്ത്യന്‍ കോഫി ഹൗസ് ഉള്‍പ്പെടെയുള്ള പ്രമുഖ ഭക്ഷണശാലകള്‍ നിലനില്‍പ്പിനായി വിറകടുപ്പുകളിലേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നഗരപ്രദേശങ്ങളില്‍ ഇത് പ്രായോഗികമല്ല. ഊണിന് പകരം ബിരിയാണി നല്‍കിയും ചായയുടെയും കാപ്പിയുടെയും സമയം നിയന്ത്രിച്ചുമാണ് കോഫി ഹൗസുകള്‍ പിടിച്ചുനില്‍ക്കുന്നത്.

പാചകവാതകത്തിന് പകരമായി ജനങ്ങള്‍ വിറകിനെ ആശ്രയിച്ചു തുടങ്ങിയതോടെ വിറക് വിലയും കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ ടണ്ണിന് 1500 രൂപ വരെയാണ് വര്‍ദ്ധിച്ചത്. റബ്ബര്‍, പുളി വിറകുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. വിറക് സ്റ്റോക്കുകള്‍ തീരുന്നതും ഹോട്ടലുടമകളെ വലയ്ക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം അടിയന്തിര നടപടികള്‍ക്ക് രൂപം നല്‍കി. ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ജനകീയ അടുക്കളകള്‍, ഐടി പാര്‍ക്കിലെ കാന്റീനുകള്‍ എന്നിവര്‍ക്ക് സിലിണ്ടര്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കും. സിലിണ്ടര്‍ വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കും. ഇതിനായി പ്രത്യേക ഡാഷ്ബോര്‍ഡ് തയ്യാറാക്കും. ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയാനും കരിഞ്ചന്ത ഇല്ലാതാക്കാനും പോലീസ്, റവന്യൂ, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം പരിശോധന നടത്തും. പാചകവാതകത്തിന് പകരമായി മണ്ണെണ്ണ വിതരണം വര്‍ദ്ധിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖലയും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒന്നുരണ്ടു ദിവസത്തേക്കുള്ള സിലിണ്ടറുകള്‍ മാത്രമാണ് പല ശാഖകളിലും അവശേഷിക്കുന്നത്. ഇതോടെ തെക്കന്‍ ജില്ലകളിലെ 45 ശാഖകളുടെ പ്രവര്‍ത്തനം പൂട്ടലിന്റെ വക്കിലാണെന്ന് തൃശ്ശൂര്‍ ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. കൂടുതല്‍ ഗ്യാസ് ചിലവാകുന്ന ഊണ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കും. ഇതിന് പകരമായി ബിരിയാണി നല്‍കാനാണ് തീരുമാനം. പകല്‍ 12 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് ചായയും കാപ്പിയും നല്‍കില്ല. സാധ്യമായ 15 ശാഖകളില്‍ ഭാഗികമായി വിറകുപയോഗിച്ച് പാചകം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമസഭയിലേത് ഉള്‍പ്പെടെയുള്ള ഹൈ-സെക്യൂരിറ്റി കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളില്‍ വിറകടുപ്പ് പ്രായോഗികമല്ല.

ആശുപത്രി കാന്റീനുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ സിലിണ്ടറുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിതരണ കമ്പനികള്‍ക്ക് കത്തുനല്‍കിയിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനില്‍കുമാര്‍ പറഞ്ഞു. ഒരു മാസം 5000-ത്തോളം സിലിണ്ടറുകള്‍ ആവശ്യമുള്ള ശൃംഖലയ്ക്ക് നിലവിലെ ക്ഷാമം മറികടക്കുക വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ പരാജയമെന്ന് ആക്ഷേപം; ക്ഷാമമില്ലെന്ന് മന്ത്രി പുരി

രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഉയരുന്ന ആക്ഷേപം. ഗ്രാമീണ മേഖലകളില്‍ ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിംഗ് ഇടവേള 25ല്‍ നിന്നും 45 ദിവസമാക്കി ഉയര്‍ത്തിയത് സാധാരണക്കാരെ വല്ലാതെ ബാധിച്ചു. എന്നാല്‍ രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും നിലവിലെ പ്രശ്‌നങ്ങള്‍ താത്കാലികം മാത്രമാണെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ലോക്‌സഭയില്‍ അവകാശപ്പെട്ടത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് കരിഞ്ചന്തയില്‍ 4000 രൂപ വരെ ഈടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ 'പൊതു അടുക്കള' പോലുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ്.