- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമ്പലപ്പുഴയില്‍ സുധാകരന്‍ മത്സരിക്കാനിറങ്ങുന്നത് സി.പി.എമ്മിന്റെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന ഭയം ശക്തം; ജി. സുധാകരന്റെ വീടിന് മുന്നില്‍ 'കുലംകുത്തി' ബാനര്‍; പോരാത്തതിന് 'വര്‍ഗ വഞ്ചകന്'; പുന്നപ്രയില്‍ പ്രതിഷേധം ഇരമ്പുന്നു; സുധാകരന്റെ വീട്ടിന് സുരക്ഷ ശക്തമാക്കി പോലീസ്; ആരാണ് 'ഭഗവതിക്കല്‍ സഖാക്കള്‍'?

ആലപ്പുഴ: സി.പി.എം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പ്രതിഷേധം കനക്കുന്നു. പുന്നപ്രയിലെ സുധാകരന്റെ വീടിന് മുന്നില്‍ 'കുലംകുത്തി' എന്നും 'വര്‍ഗവഞ്ചകന്‍' എന്നും അധിക്ഷേപിക്കുന്ന തരത്തിലുള്ള ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. 'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും' എന്ന വാചകങ്ങളുള്ള ബാനര്‍ 'ഭഗവതിക്കല്‍ സഖാക്കള്‍' എന്ന പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വീടിന് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പാര്‍ട്ടിയുമായുള്ള ആറരപ്പതിറ്റാണ്ടിന്റെ ബന്ധം അവസാനിപ്പിച്ച സുധാകരനെതിരെ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. കഴിഞ്ഞ ദിവസം ചാരുമൂട്ടില്‍ നിന്ന് കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് സി.പി.എം വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവന്‍, ഏരിയാ സെക്രട്ടറി ബി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അതേസമയം, പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ലെന്നും വ്യക്തിഹത്യ നടത്തില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. 'ഞാന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞു. ഇനി ഒരു പാര്‍ട്ടിയിലോ മുന്നണിയിലോ ചേരാന്‍ ഉദ്ദേശിക്കുന്നില്ല. അമ്പലപ്പുഴയില്‍ ഞാന്‍ സ്വതന്ത്രനായി ജനവിധി തേടും. ആരുടെയും പിന്തുണ ഇതിനായി തേടിയിട്ടില്ല,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി.
അമ്പലപ്പുഴയില്‍ സുധാകരന്‍ മത്സരിക്കാനിറങ്ങുന്നത് സി.പി.എമ്മിന്റെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന ഭയമാണ് പാര്‍ട്ടിയെ പ്രകോപിപ്പിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ജില്ലയിലെ ഏറ്റവും കരുത്തനായ മുന്‍ സാരഥി തന്നെ വിമതനായി രംഗത്തെത്തുന്നത് പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയില്‍ ജി. സുധാകരനെതിരെ ജന്മനാട്ടില്‍ സിപിഎം പ്രകടനം നടത്തിയിരുന്നു.
ചാരുമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവന്‍, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി ജനവിധി തേടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കേവലമൊരു പ്രാദേശിക വെല്ലുവിളിയല്ല, മറിച്ച് സി.പി.എമ്മിന്റെ സംഘടനാ കരുത്തിനും അച്ചടക്കത്തിനും നേരെയുള്ള മൂര്‍ച്ചയേറിയ ചോദ്യമായി മാറുകയാണ്. 63 വര്‍ഷം പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച ഒരു മുതിര്‍ന്ന നേതാവ് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കെതിരെ പടയൊരുക്കുന്നത് നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനും പാലക്കാട് പി.കെ. ശശിയും ഉയര്‍ത്തുന്ന വിമത നീക്കങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി തട്ടകമായ ആലപ്പുഴയില്‍ തന്നെയുണ്ടായ ഈ പൊട്ടിത്തെറി ഇടതുപക്ഷത്തിന് വലിയ ആഘാതമാണ്.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ സുധാകരന്‍ വിളിച്ചുചേര്‍ത്ത ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിനുള്ള കുറ്റപത്രമായിരുന്നു. സംശുദ്ധ പ്രതിച്ഛായയുള്ള സുധാകരനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിക്കാവില്ല. അതിനാല്‍ തന്നെ, ഇതുവരെ നല്‍കിയ സ്ഥാനമാനങ്ങള്‍ എണ്ണിപ്പറഞ്ഞാകും സി.പി.എം പ്രതിരോധം തീര്‍ക്കുക. എന്നാല്‍, പതിറ്റാണ്ടുകളായി സുധാകരനെ കണ്ടുവളര്‍ന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിനെതിരെ പ്രചാരണത്തിനിറങ്ങുക എന്നത് വൈകാരികമായി പ്രയാസകരമാകും.
വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതിനിധീകരിച്ച അമ്പലപ്പുഴ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വൈകാരിക ബന്ധമുള്ള മണ്ഡലമാണ്. സുധാകരന്‍ എന്ന ജനകീയ നേതാവ് സ്വതന്ത്രനായി വരുമ്പോള്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം അദ്ദേഹത്തോടൊപ്പം ചേരാനുള്ള സാധ്യത സി.പി.എം കേന്ദ്രങ്ങളെ ഭയപ്പെടുത്തുന്നു. മുമ്പ് എം.വി. രാഘവന്‍, കെ.ആര്‍. ഗൗരിയമ്മ, ടി.പി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കേരള രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങള്‍ക്ക് സമാനമായ ഒന്നാകും സുധാകരന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റാന്‍ ഈ 'സുധാകരന്‍ ഇഫക്റ്റിന്' കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


