- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മോഷണ കുറ്റമാരോപിച്ച് ഗര്‍ഭിണിയായിരിക്കെ ജയിലിലടച്ചു; തന്റെ 21 വര്‍ഷം നശിപ്പിച്ച പോസ്റ്റ് ഓഫീസ് ക്രൂരതയ്ക്കെതിരെ പോരാട്ടം തുടര്‍ന്ന് സീമാ മിശ്ര; ബ്രിട്ടനിലെ 'ഹൊറൈസണ്‍' അഴിമതിയില്‍ ഇന്ത്യക്കാരിയുടെ പോരാട്ടം തുടരുന്നു

ലണ്ടന്‍: പോസ്റ്റ് ഓഫീസിന്റെ ഹൊറൈസണ്‍ ഐ ടി തട്ടിപ്പില്‍ കുരുക്കി, ഗര്‍ഭിണിയായിരിക്കവെ ജയിലിലടയ്ക്കപ്പെട്ട മുന്‍ സബ് പോസ്റ്റ്മിസ്ട്രസ്സ് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷവും പൂര്‍ണ്ണമായ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. സറേ, വെസ്റ്റ് ബൈഫ്‌ലീറ്റില്‍ പോസ്റ്റ് ഓഫീസ് നടത്തിയിരുന്ന സീമ മിശ്ര എന്ന ഇന്ത്യന്‍ വംശജ, ഇക്കാര്യം അന്തമില്ലാതെ നീളുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പേര്‍ ഇതുപോലെ കാത്തിരിക്കുന്നതായി എം പിമാരുടെ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. 2010 ല്‍ ജയിലിലടയ്ക്കപ്പെടുകയും പിന്നീട് 2021 ല്‍ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത സീമ മിശ്ര പറയുന്നത് തന്റെ ഫൈനല്‍ ക്ലെയിമുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റുമാരും നിയമജ്ഞരും നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ്.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളില്‍ കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നുണ്ട് എന്നാണ് പോസ്റ്റ് ഓഫീസ് അവകാശപ്പെട്ടത്. അര്‍ഹതയുള്ള അപേക്ഷകളില്‍ 87 ശതമാനത്തിലും തീര്‍പ്പു കല്പിച്ചു കഴിഞ്ഞു എന്നും അവര്‍ പറയുന്നു. 882 മില്യന്‍ പൗണ്ടിന്റെ നഷ്ടപരിഹാരമാണ് മൊത്തം നല്‍കേണ്ടത്. തന്റെ ജീവിതത്തിന്റെ നീണ്ട 21 വര്‍ഷങ്ങളാണ് ഈ വ്യാജ ആരോപണം ഇല്ലാതെയാക്കിയത് എന്ന് സീമ മിശ്ര പറയുന്നു. 2005 ല്‍ പോസ്റ്റ് ഓഫീസ് വാങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതായി അവര്‍ പറയുന്നു. പിന്നീട് 2008 ല്‍ ആണ് നിയമയുദ്ധം ആരംഭിക്കുന്നത്.
ഫുജിറ്റ്‌സു വികസിപ്പിച്ച സോഫ്‌റ്റ്വെയറില്‍ ഉണ്ടായ പിഴവുകളായിരുന്നു പല പോസ്റ്റോഫീസ് ബ്രാഞ്ചുകളിലെയും കണക്കുകളില്‍ പ്രശനങ്ങള്‍ ഉണ്ടാകാന്‍ കാരണം. എന്നാല്‍, ബ്രാഞ്ചുകളുടെ ചുമതലകളില്‍ ഉണ്ടായിരുന്നവരെ സാമ്പത്തിക തിരിമറികള്‍ നടത്തി എന്നപേരില്‍ പ്രോസിക്യൂട്ട് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ ഇരകളായവര്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് മാത്രമല്ല, ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകയും വേണമെന്നാണ് സീമ മിശ്ര ആവശ്യപ്പെടുന്നത്.
ഇതിലെ പ്രധാന പ്രതിയായ ഫുജിറ്റ്‌സു കമ്പനി വ്യക്തമായ കണക്കുകള്‍ നല്‍കാത്തതാണ് നഷ്ടപരിഹാരം വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. നഷ്ടപരിഹാര തുകയും പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ ഫുജിറ്റ്‌സുവിന് മേല്‍ കര്‍ശന നിലപാട് എടുക്കണമെന്നാണ് ബിസിനസ്സ് ആന്‍ഡ് ട്രേഡ് കമ്മിറ്റിയുടെ നിലപാട്. മുഴുവന്‍ തുകയും നല്‍കാന്‍ വൈകുന്നതിനാല്‍ ഒരു ഇടക്കാലാശ്വാസമായി നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.


