കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ ഇടതുമുന്നണിയില്‍ കടുത്ത അമര്‍ഷത്തിലാണ് ജോസ് കെ. മാണി വിഭാഗം. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടിയോ പേരാമ്പ്രയോ ലഭിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പൂര്‍ണ്ണമായും തഴഞ്ഞുകൊണ്ടാണ് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. സിപിഎം തങ്ങളോട് 'വിശ്വാസവഞ്ചന' കാട്ടിയെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെ മുതിര്‍ന്ന നേതാക്കളുടെ പ്രാഥമിക പ്രതികരണം. സിപിഎമ്മില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നും അവസാന ഘട്ടത്തില്‍ എങ്കിലും കുറ്റ്യാടി തരാന്‍ സാധിക്കില്ലെങ്കില്‍ പേരാമ്പ്ര കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ വലിയ നിരാശയിലുമാണ് ജില്ലാ നേതൃത്വം.

കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അന്ന് മുന്നണി മര്യാദ പാലിച്ച് ജോസ് കെ. മാണി വിഭാഗം സ്വയം വിട്ടുനല്‍കിയ സീറ്റില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് വിജയിച്ചത്. അടുത്ത തവണ സീറ്റ് തിരിച്ചുനല്‍കാമെന്ന വാഗ്ദാനം ഇത്തവണ പാലിക്കപ്പെടുമെന്ന് മാണി വിഭാഗം കരുതിയിരുന്നെങ്കിലും കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ അവിടെ വീണ്ടും നിശ്ചയിക്കുകയായിരുന്നു. ഇതോടെ സിപിഎം നേതൃത്വത്തിന്റെ ഉറപ്പുകള്‍ വെറും വാക്കായെന്ന് മാണി വിഭാഗം ജില്ലാ നേതൃത്വം കുറ്റപ്പെടുത്തുന്നു.

കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു തങ്ങള്‍ക്ക് ലഭിച്ച സീറ്റ് വിട്ടുകൊടുക്കാന്‍ കെസിഎം തീരുമാനിച്ചത്. അടുത്ത തവണ കുറ്റ്യാടി സീറ്റ് തിരിച്ചു നല്‍കുമെന്നും അന്ന് വാക്ക് നല്‍കിയിരുന്നുവെന്നും പക്ഷേ ഈ വാക്കുകളെല്ലാം വെറും വാക്ക് ആവുകയായിരുന്നു എന്നാണ് ഇപ്പോള്‍ മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം പറയുന്നത്.

കുറ്റ്യാടി ഇല്ലെങ്കില്‍ ക്രിസ്ത്യന്‍ കുടിയേറ്റ വോട്ടുകള്‍ നിര്‍ണ്ണായകമായ പേരാമ്പ്ര സീറ്റ് ലഭിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ മറ്റൊരു പ്രതീക്ഷ. മുഹമ്മദ് ഇഖ്ബാലിനെ അവിടെ സ്ഥാനാര്‍ത്ഥിയായി ഏകദേശം ഉറപ്പിക്കുകയും അദ്ദേഹം മണ്ഡലത്തില്‍ സജീവമാവുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തന്നെ പേരാമ്പ്രയില്‍ നിലനിര്‍ത്താനാണ് സിപിഎം തീരുമാനിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണ് സിപിഎമ്മിനെ മാറ്റി ചിന്തിപ്പിച്ചത്. കൈവശമുണ്ടായിരുന്ന ഒമ്പത് പഞ്ചായത്തുകളില്‍ നിന്ന് നാലിലേക്ക് എല്‍ഡിഎഫ് ഒതുങ്ങിയ സാഹചര്യത്തില്‍, ടി.പി. രാമകൃഷ്ണനല്ലാതെ മറ്റൊരാള്‍ നിന്നാല്‍ മണ്ഡലം കൈവിട്ടുപോകുമെന്ന ഭയമാണ് സിപിഎമ്മിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

13 സീറ്റുകളില്‍ മത്സരിക്കാനാകുമെന്ന് ജോസ് കെ. മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റ് പോലും ലഭിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 1977-ല്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഡോ.കെ.സി ജോസഫ് പേരാമ്പ്രയില്‍ നിന്ന് വിജയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജയിച്ച മണ്ഡലമെന്ന നിലയില്‍ പേരാമ്പ്രയില്‍ അവകാശവാദമുന്നയിച്ച കേരള കോണ്‍ഗ്രസ് (എം), സിപിഎമ്മിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തില്‍ ചെയര്‍മാന്‍ ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്നണി വിപുലീകരണത്തിന് ശേഷം ജോസ് വിഭാഗത്തിന് ലഭിക്കേണ്ട അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരം വരും ദിവസങ്ങളില്‍ ഇടതുമുന്നണിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.