തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ വന്‍ അട്ടിമറി. തിരക്കിട്ട് പുലര്‍ച്ചെ പുറത്തു വിട്ട പട്ടികയില്‍ നിന്നുള്ളവര്‍ ഉടന്‍ തന്നെ ചുമതലയും ഏറ്റു. യുജിസി മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയുള്ള നിയമനങ്ങള്‍ക്കെതിരെ ട്രിബ്യുണലില്‍ പരാതി പ്രളയം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരക്കിട്ട് പ്രിന്‍സിപ്പല്‍ നിയമനം നടത്തുകയായിരുന്നു. 33 പേരെ ആണ് ഇപ്പോള്‍ വീണ്ടും തട്ടിക്കൂട്ട് ഇന്റര്‍വ്യൂ നടത്തി നിയമിച്ചിരിക്കുന്നത്.

2022 ല്‍ ആണ് പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. 110 പേരില്‍ നിന്ന് 67 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തു. ഇതില്‍ 23 പേര്‍ക്ക് അയോഗ്യത കല്‍പ്പിച്ചു. ശേഷിച്ച 44 പേരില്‍ നിന്ന് 36 പേരെ നിയമിക്കാന്‍ അന്ന് കോളേജിയേറ്റ് ഡയറക്ടര്‍ ആയിരുന്ന വിഘ്നേശ്വരി ഉത്തരവിട്ടു. സെലക്ഷന്‍ കിട്ടാതെ പോയവര്‍ പരാതി നല്‍കി. ഇത് പരിശോധിച്ച ഡയറക്ടര്‍ ഇവരെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് തീരുമാനിച്ചു. പരാതിക്കാര്‍ ട്രിബ്യുണലിനെ സമീപിച്ചു. 36 പേരെയും താല്‍ക്കാലികമായി നിയമിക്കാന്‍ ട്രിബ്യുണല്‍ അനുമതി നല്‍കി. ഇതിനിടെ 2023 ല്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് വീണ്ടും വിജ്ഞാപനം ക്ഷണിച്ചു. നേരത്ത താല്‍ക്കാലികമായി നിയമിക്കപ്പെട്ടവര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ നിയമനം റെഗുലറൈസ് ചെയ്തതിനു ശേഷം മതി പുതിയ നിയമനം എന്ന അവരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ വിജ്ഞാപനം റദ്ദാക്കി.

പിന്നീട് വേറൊരു സെലക്ഷന്‍ കമ്മിറ്റി വച്ച് 75 പേരുടെ ലിസ്റ്റ് തയാറാക്കി. എന്നാല്‍ താല്‍ക്കാലിക നിയമനം നിലവില്‍ ഉണ്ടായിരിക്കെ മറ്റൊന്നും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒടുവില്‍ നിയമനം നടത്താന്‍ ട്രിബ്യുണല്‍ അനുമതി കൊടുത്തു. 2022 ലെ 110 പേരുടെ ലിസ്റ്റില്‍ നിന്ന് വീണ്ടും ഇന്റര്‍വ്യൂ നടത്തി 51 പേരുടെ പട്ടിക കഴിഞ്ഞ ഒക്ടോബറില്‍ തയാറാക്കി. റിസര്‍ച്ച് സ്‌കോര്‍ അടിസ്ഥാനമാക്കി നിയമനം നടത്താനുള്ള നീക്കത്തില്‍ വീണ്ടും ട്രിബ്യുണല്‍ ഇടപെട്ടു. അയോഗ്യര്‍ കടന്നു കൂടിയെന്ന് ആരോപിച്ചുള്ള പരാതിയിലാണ് ട്രിബ്യുണല്‍ തീരുമാനം എടുത്തത്. അയോഗ്യര്‍ ഉണ്ടെന്ന് സര്‍ക്കാരിനും സമ്മതിക്കേണ്ടി വന്നു. അഴിമതി നടന്നതിനും സ്ഥിരീകരണമായി. അങ്ങനെ ആ ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കി.

സിപിഎമ്മിനും സര്‍ക്കാരിനും വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കാനുള്ള അതിവേഗ നീക്കം ആണ് പിന്നീട് നടന്നത്. കഴിഞ്ഞ മാസം 18 നു തൈക്കാട് വച്ച് 82 പേരുടെ ഇന്റര്‍വ്യൂ നടത്തി. ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും തലേന്ന് തിരക്കിട്ടു പരിശോധന നടത്തി. 18 നു രാവിലെ 11 ന് തുടങ്ങിയ അഭിമുഖം വൈകിട്ട് 5.30 ന് സമാപിച്ചു. ഒരാളെ രണ്ടു മുതല്‍ മൂന്ന് മിനിറ്റ് വരെയാണ് ഇന്റര്‍വ്യൂ ചെയ്തത്. അതില്‍ നിന്ന് തന്നെ സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. യുജിസി മാനദണ്ഡത്തിനു വിരുദ്ധമായി ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റാങ്ക് പട്ടിക തയാറാക്കിയത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇത് വരെ പുറത്തു വിട്ടിട്ടില്ല. റാങ്ക് ലിസ്റ്റില്‍ 51 പേരെ ആണ് ഉള്‍പ്പെടുത്തിയത്. 2025 ലെ ലിസ്റ്റില്‍ അയോഗ്യത കല്പിക്കപ്പെട്ട 14 പേര് ഇതില്‍ യോഗ്യരായി എന്ന് മാത്രമല്ല, ആദ്യത്തെ റാങ്കുകളില്‍ ഇടം പിടിക്കുകയും ചെയ്തു.

18 പേര് നേരത്തെ വിരമിച്ചതിനാല്‍ അന്തിമ പട്ടികയില്‍ 33 പേരാണ് വന്നത്. ഇവര്‍ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് മാര്‍ച്ച് 9 നു പുലര്‍ച്ചെ 12.45 ന് പുറത്തിറക്കി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ വേണ്ട യോഗ്യത ഉള്ളവര്‍ ഉണ്ടായിരുന്നില്ല എന്നുള്ള ആരോപണം പരക്കെ നിലനില്‍ക്കുമ്പോഴാണ് ഇവര്‍ തെരെഞ്ഞെടുത്ത റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടന്നത്. ഉത്തരവ് കൈപ്പറ്റിയവര്‍ അന്ന് തന്നെ അതാത് സ്ഥലങ്ങളില്‍ ചുമതല ഏല്‍ക്കുകയും ചെയ്തു. ആരും കേസിനു പോകരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് പുലര്‍ച്ചെ നിയമന ഉത്തരവ് പുറത്തു വിട്ടത് എന്ന് പറയുന്നു. അയോഗ്യരായവര്‍ ഒറ്റ രാത്രി കൊണ്ട് യോഗ്യരും യോഗ്യരായവര്‍ അയോഗ്യരും ആകുന്ന ഞെട്ടിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. 2022 ലെ ലിസ്റ്റില്‍ ഉണ്ടായിരുന്ന യോഗ്യരായവരില്‍ ചിലരെ ആണ് ഇപ്പോള്‍ അയോഗ്യരാക്കിയത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ 33 പ്രിന്‍സിപ്പല്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചും സുതാര്യതയില്ലാതെയുമാണെന്ന് ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ജിസിടിഒ) ആരോപിച്ചു. മുമ്പ് പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ പ്രിന്‍സിപ്പല്‍ ലിസ്റ്റുകളിലും അതിനുശേഷം രണ്ടാമത് തയ്യാറാക്കിയ പ്രിന്‍സിപ്പല്‍ ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്ന യോഗ്യരായ പലരെയും അന്തിമ നിയമന ഉത്തരവില്‍ നിന്നും അകാരണമായി ഒഴിവാക്കിയതായി സംഘടന ചൂണ്ടിക്കാട്ടി.

പ്രൊവിഷണല്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിക്കുന്ന എട്ടോളം അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് പ്രകാരം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രൊവിഷണല്‍ പ്രിന്‍സിപ്പല്‍മാരായി തുടരാനുള്ള അനുവാദം മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കാത്തത് നീതി നിഷേധമാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഇന്റര്‍വ്യൂവിനുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കാതെയും റാങ്ക് ലിസ്റ്റ് പുറത്തുവിടാതെ രാത്രികാലങ്ങളില്‍ ഉത്തരവുകള്‍ ഇറക്കുന്നതും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ദുരൂഹമായ നീക്കങ്ങളാണെന്ന് സൂചിപ്പിക്കുന്നു.

അക്കാദമിക് രംഗത്തെ ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നിയമന ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ജിസിടിഒ ആവശ്യപ്പെട്ടു. കൂടാതെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സമഗ്രമായ മാനദണ്ഡം തയ്യാറാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ഗ്ലാഡ്സ്റ്റണ്‍ രാജ് എസ്, ജനറല്‍ സെക്രട്ടറി ഡോ. ഷിനില്‍ ജെയിംസ്, ട്രഷറര്‍ ഡോ. രാജേഷ് സി.യു എന്നിവര്‍ അറിയിച്ചു.