ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവേകപൂര്‍ണ്ണമായ സമീപനം ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വീകാര്യത നേടുന്നു. മേഖലയിലെ പ്രവാസികളുടെ സുരക്ഷയും ഊര്‍ജ്ജ ഇറക്കുമതിയും കണക്കിലെടുത്ത്, വൈകാരിക പ്രകടനങ്ങള്‍ ഒഴിവാക്കി പ്രായോഗികമായ വിദേശനയമാണ് ഇന്ത്യ നടപ്പിലാക്കുന്നത്. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തിന് പ്രതിപക്ഷത്തുനിന്നും പിന്തുണയേറുകയാണ് രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും എംപിമാരുമായ മനീഷ് തിവാരിയും ശശി തരൂരും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാക്കളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ കരുത്തേരുകയാണ്.

പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷവും യുക്തിപൂര്‍വ്വവുമായ നിലപാടിനെ കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പൂര്‍ണ്ണമായി പിന്തുണച്ചു. മേഖലയില്‍ വര്‍ഷങ്ങളായി ഇന്ത്യ പിന്തുടരുന്ന 'സംയമന നിലപാട്' തുടരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. പശ്ചിമേഷ്യയില്‍ നടക്കുന്നത് കേവലം ഒരു യുദ്ധമല്ലെന്നും മറിച്ച് ഇസ്രായേല്‍, ഇറാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സങ്കീര്‍ണ്ണമായ പോരാട്ടങ്ങളാണെന്നും തിവാരി നിരീക്ഷിച്ചു. ഈ പോരാട്ടങ്ങളില്‍ ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്നത് ഇന്ത്യയുടെ വിദേശനയത്തിന് ഗുണകരമാകില്ല. 'ഇത് നമ്മുടെ യുദ്ധമല്ല' എന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനുള്ള കഴിവിനെയാണ് 'തന്ത്രപരമായ സ്വയംഭരണാധികാരം' എന്ന് വിശേഷിപ്പിച്ചത്.

നേരത്തെ ഇന്ത്യ പുലര്‍ത്തുന്ന മൗനത്തെ മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു രാജ്യത്തിന്റെ ഭരണമാറ്റത്തിനുവേണ്ടി മറ്റുള്ളവര്‍ ചേര്‍ന്ന് നടത്തുന്ന സൈനിക നടപടിയെ ഇന്ത്യ ഒരിക്കലും പിന്തുണച്ചിരുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യംചെയ്ത് അദ്ദേഹം പറഞ്ഞത്. 'ദി വയറിന്' നല്‍കിയ അഭിമുഖത്തിലായിരുന്നു വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയായ മനീഷ് തിവാരിയുടെ പ്രസ്താവന. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനി കൊല്ലപ്പെട്ടിട്ടും ഇറാന് മേലുള്ള ആക്രമണത്തെ അപലപിക്കാന്‍ ഇന്ത്യ തയാറാവാതിരുന്നതാണ് വിമര്‍ശനത്തിന് വഴിവച്ചത്.

ഇറാനിലെ ഭരണമാറ്റത്തിനുവേണ്ടി അമേരിക്കയും ഇസ്രായേലും ചേര്‍ന്നു നടത്തുന്ന യുദ്ധത്തിനെതിരെ ഒരു വാക്കുപോലും പറയാതിരിക്കുന്നതും ആശങ്ക പ്രകടിപ്പിക്കാതിരിക്കുന്നതും വലിയ ഉത്കണ്ഠയുളവാക്കുന്നതാണ്. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യ തന്നെ ഇത്തരം നിലപാട് കൈക്കൊള്ളുന്നത് രാജ്യത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കും. വളരെ വിഷമത്തോടെയാണിത് പറയുന്നത്' എന്നായിരുന്നു തിവാരി പറഞ്ഞത്. എന്നാല്‍ സംഘര്‍ഷം ആരംഭിച്ച് ഇരുപത് ദിവസം പിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിന് പ്രതിപക്ഷത്ത് നിന്നുപോലും പിന്‍തുണ ഏറുകയാണ്.

പശ്ചിമേഷ്യയിലെ സമാധാനം ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുമ്പോള്‍ തന്നെ ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള എണ്ണ, എല്‍പിജി വിതരണത്തിന്റെ പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഈ മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇറാനുമായുള്ള ബന്ധം അത്യാവശ്യമാണ്. യുദ്ധത്തിന്റെ തുടക്കം മുതല്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാണ് ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം. ഇത് മേഖലയിലെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നയതന്ത്രജ്ഞനുമായ ശശി തരൂരും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പ്രശംസിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്തു. നിലവിലെ പല സൈനിക നീക്കങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല തത്വങ്ങളെ ലംഘിക്കുന്നതാണ് ഇപ്പോഴത്തെ അധിനിവേശങ്ങള്‍. ഈ സാഹചര്യത്തില്‍ മധ്യവര്‍ത്തി നിലപാട് സ്വീകരിച്ചുകൊണ്ട് സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന കേന്ദ്ര നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.