- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യക്കാരെ കൊണ്ട് ലണ്ടൻ വാസികൾ പൊറുതിമുട്ടുന്നു! പറഞ്ഞ പിഴ തുക പോലും നേരെ അടയ്ക്കുന്നില്ല; പൊതുസ്ഥലത്ത് 'പാൻമസാല' ചവച്ചുതുപ്പിയ രണ്ട് പേർക്ക് എട്ടിന്റെ പണി; ചർച്ചയാക്കി സോഷ്യൽമീഡിയ

ലണ്ടൻ: ലണ്ടനിലെ ബ്രെന്റിൽ പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പിയ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ ചുമത്തി ലണ്ടൻ നഗരസഭ. എഡ്ജ്‌വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ചത്. നിയമലംഘനം നടത്തിയപ്പോൾ ആദ്യം ചുമത്തിയ 100 പൗണ്ട് പിഴ അടയ്ക്കാൻ ഇരുവരും തയ്യാറാകാതിരുന്നതോടെയാണ് കോടതി ഇടപെട്ട് തുക കുത്തനെ വർദ്ധിപ്പിച്ചത്.
നോർത്ത് വെസ്റ്റ് ലണ്ടൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാതിരുന്നതും ശിക്ഷാ നടപടികൾ കടുപ്പിക്കാൻ കാരണമായി. കിങ്‌സ്ബറി റോഡിലെ മെട്രോ സ്‌റ്റേഷന് സമീപത്തും വെംബ്ലി ഹിൽ റോഡിലുമാണ് ഇവർ പാൻ മസാല തുപ്പി പരിസരം മലിനമാക്കിയത്.
ബ്രെന്റ് സിറ്റി കൗൺസിലിന്റെ കണക്കുകൾ പ്രകാരം, നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാൻ കറകൾ വൃത്തിയാക്കാൻ മാത്രം പ്രതിവർഷം 30,000 പൗണ്ടിലധികം (ഏകദേശം 37 ലക്ഷം രൂപ) നഗരസഭയ്ക്ക് ചിലവാകുന്നുണ്ട്. പൊതുസ്ഥലം വൃത്തികേടാക്കുന്നത് തടയാൻ 100 പൗണ്ട് പിഴ ഈടാക്കുമെന്ന് വ്യക്തമാക്കുന്ന ബോർഡുകളും ബോധവൽക്കരണ ബാനറുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ്.
ഈ സാഹചര്യത്തിൽ പട്രോളിങ് ശക്തമാക്കാനും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം. വൃത്തിഹീനമായ ശീലങ്ങൾക്കെതിരെ ലണ്ടൻ നഗരസഭ നടത്തുന്ന കർശനമായ നീക്കത്തിന്റെ ഭാഗമായാണ് ഈ കനത്ത പിഴയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


