ദുബായ്: ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ പ്രകമ്പനങ്ങളില്‍ ദുബായ് നഗരം നട്ടംതിരിയുമ്പോള്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ രക്ഷിക്കാന്‍ അപൂര്‍വ്വ വാഗ്ദാനവുമായി ബ്രിട്ടീഷ് റിയാലിറ്റി ഷോ താരം ലൂയിസ സിസ്മാന്‍. യുദ്ധം രൂക്ഷമായ ദുബായില്‍ നിന്ന് ലണ്ടനിലേക്ക് തന്റെ ടോയ് പൂഡില്‍ ഇനത്തില്‍പ്പെട്ട 'ക്രംബിളിനെ' എത്തിക്കുന്നവര്‍ക്ക് സ്വകാര്യ ജെറ്റില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു ലൂയിസയുടെ വാഗ്ദാനം.

എന്നാല്‍ അവസാന നിമിഷം വിമാനം റദ്ദാക്കിയതോടെ നായക്കുട്ടി യു.എ.ഇയില്‍ തന്നെ കുടുങ്ങിപ്പോയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുബായില്‍ മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചപ്പോള്‍ 'ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഇതാണ്' എന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ അനുയായികളോട് പറഞ്ഞിരുന്ന ലൂയിസ, തൊട്ടുപിന്നാലെ ബ്രിട്ടനിലെ തന്റെ എട്ട് മില്യണ്‍ പൗണ്ട് വിലമതിക്കുന്ന ആഡംബര കൊട്ടാരത്തിലേക്ക് പലായനം ചെയ്തിരുന്നു. താന്‍ ഇപ്പോള്‍ അഭയാര്‍ത്ഥി കാലഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നാണ് ലൂയിസ സ്വയം വിശേഷിപ്പിച്ചത്.

എന്നാല്‍ നാട്ടില്‍ എത്തിയെങ്കിലും തന്റെ നായക്കുട്ടി ക്രംബിള്‍ അവിടെ കുടുങ്ങിപ്പോയതാണ് താരത്തെ വിഷമിപ്പിക്കുന്നത്. 7 ലക്ഷത്തിലധികം വരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനോടാണ് ലൂയിസ ഈ സഹായം അഭ്യര്‍ത്ഥിച്ചത്. ദുബായില്‍ നിന്ന് ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തിലേക്ക് പോകുന്ന സ്വകാര്യ ജെറ്റില്‍ ഒരാള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. പകരം 1.2 കിലോ മാത്രം ഭാരമുള്ള ക്രംബിളിനെ കൂടെ കൂട്ടണം എന്നതായിരുന്നു നിബന്ധന. ഇതിനായി ദുബായിലെ വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ക്രംബിളിന്റെ ചിത്രം സഹിതം സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിമാനം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയതോടെ ഈ നീക്കം പാളി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ദുബായില്‍ താമസമാക്കിയ ലൂയിസ, യുദ്ധം തുടങ്ങിയിട്ടും അവിടെ തുടരാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇറാന്‍ തൊടുത്തുവിട്ട ഡ്രോണ്‍ ആക്രമണങ്ങളില്‍ ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടയ്ക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ ക്രംബിള്‍ ദുബായില്‍ സുരക്ഷിതനാണെന്നും എന്നാല്‍ എത്രയും വേഗം അവനെ തന്റെ അടുത്തേക്ക് എത്തിക്കണമെന്നുമാണ് ലൂയിസ പറയുന്നത്. അയര്‍ലന്‍ഡുകാരനായ കോടീശ്വരന്‍ ആന്‍ഡ്രൂ കോളിന്‍സാണ് ലൂയിസയുടെ ഭര്‍ത്താവ്. അതിര്‍ത്തി കടന്ന് കരമാര്‍ഗം സഞ്ചരിച്ച് അയല്‍രാജ്യമായ ഒമാനില്‍ നിന്നാണ് ലൂയിസ നാട്ടിലേക്ക് വിമാനം കയറിയത്.

യാത്രക്കാരെ വിമാനങ്ങളില്‍ നിന്ന് പുറത്താക്കുകയും വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കുകയും ചെയ്തതും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ യുകെ സര്‍ക്കാര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ നിര്‍ബന്ധിതരായതും പോലുള്ള കുഴപ്പങ്ങള്‍ നിറഞ്ഞ രംഗങ്ങള്‍ പല യാത്രക്കാരും വിവരിച്ചിരുന്നു. തന്റെ പ്രശസ്തമായ ലുവന്ന പോഡ്കാസ്റ്റിന്റെ എപ്പിസോഡുകള്‍ റെക്കോര്‍ഡുചെയ്യുന്നതിനായി യാത്ര നേരത്തേ ആസൂത്രണം ചെയ്തിരുന്നതാണെന്ന് അവര്‍ അവകാശപ്പെട്ടു. ലണ്ടനില്‍ നിന്ന് ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍, ചൈനാടൗണിലൂടെ നടക്കുമ്പോള്‍ അവര്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും താന്‍ ജോലിക്ക് മടങ്ങേണ്ടതായിരുന്നു, അതിനാല്‍ കുട്ടികളുമായി തിരിച്ചെത്തി എന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്.