ദക്ഷിണ ലെബനനില്‍ യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരിക്കേറ്റു. റഷ്യ ടുഡേയുടെ ബെയ്റൂട്ട് കറസ്പോണ്ടന്റായ സ്റ്റീവ് സ്വീനി, ക്യാമറാമാന്‍ അലി റിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദക്ഷിണ ലെബനനിലെ അല്‍-ഖാസ്മിയ പാലത്തിന് മുന്നില്‍ നിന്ന് തത്സമയ സംപ്രേഷണം നടത്തുന്നതിനിടെയായിരുന്നു വിമാനത്തില്‍ നിന്നുള്ള മിസൈല്‍ തൊട്ടടുത്ത് പതിച്ചത്.

തലനാരിഴയ്ക്കാണ് ഇവര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നഹാരിയയില്‍ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു സ്റ്റീവ് സ്വീനി. മിസൈല്‍ വരുന്ന ശബ്ദം കേട്ട് നിമിഷങ്ങള്‍ക്കകം ഇരുവരും കുനിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൊട്ടുപിന്നില്‍ മിസൈല്‍ പതിച്ചു പൊട്ടിത്തെറിച്ചതോടെ സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുവരും നിലത്തുവീണു. ശരീരത്തില്‍ തറച്ച ബോംബിന്റെചീളുകള്‍ മൂലമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന 'പ്രസ്' എന്ന് രേഖപ്പെടുത്തിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും പകല്‍വെളിച്ചത്തില്‍ നടന്ന ഈ ആക്രമണം മനഃപൂര്‍വമാണെന്നും സ്റ്റീവ് സ്വീനി ആരോപിച്ചു. സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന് ഇരുവരും പറഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണ്. എന്നാല്‍ ആക്രമണം മനഃപൂര്‍വമാണോ എന്ന കാര്യത്തില്‍ ഇസ്രായേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹിസ്ബുള്ളയുടെ നീക്കങ്ങള്‍ തടയാന്‍ ലിതാനി നദിക്ക് കുറുകെയുള്ള പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് അല്‍-ഖാസ്മിയ പാലത്തിന് സമീപം ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ലെബനനിലുടനീളം ഉണ്ടായ ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പ്രോക്സി സംഘടനയായ ഹിസ്ബുള്ള നിരന്തരമായി ഇസ്രയേലിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇസ്രയേല്‍ ലെബനനിലേക്ക് ആക്രമണം നടത്തുന്നത്. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ള ഉള്‍പ്പെടെയുള്ളവരെ ഇസ്രയേല്‍ വധിച്ചിരുന്നു എങ്കിലും ഇപ്പോഴും ഭീകരസംഘടന ലബനനില്‍ സജീവമാണ്.

ഇസ്രയേല്‍ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറില്‍ എര്‍പ്പെട്ടിരുന്നു എങ്കിലും അവരുടെ ഭാഗത്ത് നിന്ന് നിരന്തരമായി ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു.