തിരുവനന്തപുരം: സര്‍ജിക്കല്‍ ഐസിയുവിലെ തീപിടിത്തത്തിന് ശേഷം മരിച്ചത് അവിടെയുണ്ടായിരുന്ന അഞ്ച് രോഗികള്‍. അതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗികള്‍ മരിച്ച സംഭവത്തെ തിരുവവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടിത്തവുമായി ബന്ധപ്പെടുത്താനുള്ള നീക്കം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും ആശുപത്രി സൂപ്രണ്ടും പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ചികിത്സയിലുണ്ടായിരുന്നവരില്‍ അഞ്ചു പേരുടെ മരണം തീപിടിത്തം കൊണ്ടോ അതിന്റെ പാര്‍ശ്വഫലങ്ങള്‍ കൊണ്ടോ സംഭവിച്ചതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരും ഐസിയുവിന്റെ ചുമതലയുള്ള ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റിയതു കൊണ്ടും അവര്‍ക്ക് പുതുതായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. മരിച്ച അഞ്ചു പേരും വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്. ഇവര്‍ മരിച്ചത് പല ദിവസങ്ങളിലായാണ്. അഞ്ചു പേരുടെയും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമാണ് മരണകാരണമെങ്കില്‍ അതു പോസ്റ്റുമോര്‍ട്ടത്തില്‍ തെളിയേണ്ടതായിരുന്നു. രോഗികളുടെ മരണം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭ്യമായിട്ടില്ല. പരാതി ലഭിക്കുകയാണെങ്കില്‍ നിയമപരമായി പരിശോധിക്കുമെന്നും ഇരുവരും അറിയിച്ചു.

തിരുവന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു. ഈ മരണമാണ് ആദ്യം വിവാദമായത്. ചെങ്കല്‍ കീഴ്‌ക്കൊല്ല കുഴിച്ചാണി സ്വദേശി സനീഷ് (38) ആണ് മരണത്തിന് കീഴടങ്ങിയത്. ഐസിയുവില്‍ വെന്റിലേറ്റര്‍ യൂണിറ്റ് തീപിടിച്ച സംഭവത്തില്‍ സനീഷ് ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് എന്ത് സംഭവിച്ചു എന്നതില്‍ വന്‍ ദുരൂഹതയാണ് നിഴലിക്കുന്നത്. അധികൃതര്‍ നിഷേധിക്കുമ്പോഴും, തന്റെ പ്രിയപ്പെട്ടവന്റെ ജീവന്‍ കവര്‍ന്നത് ആ തീപ്പൊരിയാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സനീഷിന്റെ ബന്ധുക്കള്‍.

ടൈല്‍സ് പണിക്കാരനായ സനീഷ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സനീഷ് പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 17-ാം തീയതി രാവിലെ ഐസിയുവില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചത്. സനീഷിന് വേണ്ടി ഉപയോഗിച്ചിരുന്ന വെന്റിലേറ്റര്‍ യൂണിറ്റാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ബന്ധുക്കളുടെ നടുക്കുന്ന ആരോപണം. അപകടം നടന്ന ദിവസം സനീഷിനെ എങ്ങോട്ടാണ് മാറ്റിയതെന്നോ അവന്റെ അവസ്ഥ എന്താണെന്നോ അധികൃതര്‍ കൃത്യമായി അറിയിച്ചില്ലെന്നും കുടുംബം പരാതിപ്പെടുന്നു.

തീപിടുത്തമുണ്ടായ ദിവസം ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന നാല് രോഗികള്‍ കൂടി പിന്നീട് മരിച്ചതായാണ് വിവരം. ഇതില്‍ രണ്ട് പേരുടെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചു. തീപിടുത്തവും അതിനെത്തുടര്‍ന്നുണ്ടായ പുകയും രോഗികളുടെ നില വഷളാക്കിയെന്നാണ് ഇവരുടെ ആരോപണം. നില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ സനീഷ് പെട്ടെന്ന് മരണത്തിന് കീഴടങ്ങിയത് എങ്ങനെയെന്ന ചോദ്യത്തിന് മുന്നില്‍ ആശുപത്രി അധികൃതര്‍ മറുപടിയില്ലാതെ കുഴങ്ങുകയാണ്.

തീപിടുത്തം മരണകാരണമായിട്ടില്ലെന്നും സനീഷ് അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ചികിത്സയിലുണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സനീഷിന്റെ കുടുംബം. ഭാര്യ ലീനയും മക്കളായ എബിയും എബിനയും അച്ഛന്റെ വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മാത്രമേ ഐസിയുവിലെ ആ കറുത്ത പുകയാണോ സനീഷിന്റെ ജീവന്‍ കവര്‍ന്നതെന്ന് വ്യക്തമാകൂ.