ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വിരുന്നെത്തിയ ആ 'യുവ സുഹൃത്ത്' ആരാണ്? 'യുവ സുഹൃത്തിനൊപ്പം(യങ് ഫ്രണ്ട്)' എന്ന് കുറിച്ച് മോദി പങ്കുവച്ച ഫോട്ടോയിലെ ആ കുഞ്ഞ് ആരെന്ന അന്വേഷണത്തിലായിരുന്നു ഇതര ഭാക്ഷക്കാര്‍. ഒടുവില്‍ ചില മലയാളികള്‍ ഇത് ദിയ കൃഷ്ണയുടെ മകന്‍ നിയോം ആണെന്ന് മറുപടിയും നല്‍കിയിരുന്നു. ഇതേ ചോദ്യം ആണ് ഇപ്പോള്‍ നാഷണല്‍ മീഡിയകളുടെ തലക്കെട്ടും. ആരാണ് പിഎമ്മിന്റെ യങ് ഫ്രണ്ട് എന്നാണ് ഹെഡ് ലൈന്‍. എന്‍ഡി ടിവി, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് നൗ, ഇന്ത്യ ടുഡേ തുടങ്ങി നിരവധി മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ഫോട്ടോകള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തു. മകള്‍ ദിയ കൃഷ്ണയുടെ മകനായ നിയോം എന്ന ഓമി ഇപ്പോള്‍ നാഷണല്‍ മീഡിയകളുടെ ഹെഡ് ലൈനില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഓമിക്കുട്ടനൊപ്പമുള്ള ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചതാണ് ഇതിന് കാരണം. 'യുവ സുഹൃത്തിനൊപ്പം(യങ് ഫ്രണ്ട്)' എന്ന് കുറിച്ചാണ് മോദി ഫോട്ടോ പങ്കിട്ടത്. പിന്നാലെ പ്രതികരണവുമായി നിരവധി പേര്‍ എത്തി. സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരമായ നിയോം അശ്വിന്‍ കൃഷ്ണ (Neeom Aswin Krishna) ആണിതെന്നാണ് പ്രതികരണം. 'ഓമി' (Omy) എന്ന് വിളിക്കപ്പെടുന്ന ഈ കുഞ്ഞ് കേരളത്തിലെ പ്രമുഖ സിനിമാ-രാഷ്ട്രീയ കുടുംബമായ കൃഷ്ണ കുടുംബത്തിലെ പുതിയ അതിഥിയാണെന്നും പറയുന്നു.

എന്‍ഡി ടിവി വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ

ഓമി എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന നിയോം അശ്വിന്‍ കൃഷ്ണയാണ് ഈ വൈറല്‍ ഫോട്ടോയിലെ കുട്ടി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണയുടെ മകനും ബിജെപി പ്രവര്‍ത്തകനും നടനുമായ കൃഷ്ണകുമാറിന്റെ ചെറുമകനുമാണ്. ഭാര്യ സിന്ധു കൃഷ്ണകുമാര്‍, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിനും ഉള്‍പ്പെടെയുള്ള കുടുംബം ഒരു മണിക്കൂറോളം പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. ഇവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി മോദി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുഞ്ഞിനെ കൈകളില്‍ എടുത്തുനില്‍ക്കുന്ന ചിത്രം പങ്കുവെച്ചതോടെയാണ് ഇത് വാര്‍ത്തയായത്. 'ഇന്നലെ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വന്ന ഒരു യുവ സുഹൃത്തിനൊപ്പം' എന്നായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്ഷന്‍. ഈ ചിത്രത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ 1.7 ദശലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഏകദേശം ഒരു മണിക്കൂറോളം കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രിക്കൊപ്പം സമയം ചിലവഴിച്ചു. സിന്ധു കൃഷ്ണകുമാര്‍, അഹാന, ദിയ, ഇഷാനി, ഹന്‍സിക, മരുമകന്‍ അശ്വിന്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.

ഇതൊരു സ്വപ്നതുല്യമായ നിമിഷമാണെന്ന് (Fan Moment) ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണെന്ന കാര്യം പോലും മറന്നുപോകുന്ന രീതിയിലുള്ള ലളിതമായ പെരുമാറ്റമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് അഹാന കൃഷ്ണയും സാക്ഷ്യപ്പെടുത്തി. പ്രധാനമന്ത്രി പങ്കുവെച്ച ചിത്രത്തിന് പുറമെ, അഹാനയും ദിയയും പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും നിമിഷങ്ങള്‍ക്കകം വൈറലായി. കുഞ്ഞിനെ താലോലിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ വലിയ രീതിയിലുള്ള സ്‌നേഹപ്രകടനങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിയൊരുക്കിയത്.




കേരളത്തില്‍ നിന്നുള്ള ഒരു കുടുംബത്തിന് പ്രധാനമന്ത്രി നല്‍കിയ ഈ വലിയ സ്വീകരണം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. നിയോം അഥവാ 'ഓമി' എന്ന ഈ കുഞ്ഞ് പ്രധാനമന്ത്രിയുടെ വസതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥികളില്‍ ഒരാളായി മാറി.

ലോകനേതാക്കള്‍ പോലും ഉറ്റുനോക്കുന്ന നരേന്ദ്ര മോദിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ദൈവീകം ഈ ബന്ധം... ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...ജയ്ഹിന്ദ്'- എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്.

നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അഹാനയുടെ വിവാഹം ക്ഷണിക്കാന്‍ പോയതാണോ? എന്നാണ് കമന്റുകളിലെ പ്രധാന ചോദ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം കൃഷ്ണകുമാറിന്റെ കുടുംബം നല്‍കിയിട്ടില്ല. ഓമിയെ മോദി ലാളിക്കുന്നതും ചിത്രങ്ങളിലുണ്ട്. മോദിയും ഓമിയുടെ ചിത്രം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. അഹാന കൃഷ്ണ വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.