ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി മറികടക്കാന്‍ നിര്‍ണായക നീക്കവുമായി പൊതുമേഖലാ എണ്ണകമ്പനികള്‍. സിലിന്‍ഡറുകളിലെ എല്‍.പി.ജി. അളവ് കുറയ്ക്കാനാണ് നീക്കം. നിലവിലുള്ള 14.2 കിലോ സിലിന്‍ഡറുകളില്‍ 10 കിലോ ഗ്യാസ് നിറച്ച് വിതരണംചെയ്യാനാണ് പദ്ധതി. കുറഞ്ഞ അളവില്‍ കൂടുതല്‍ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കാനും ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടിക്കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് നീക്കം. ഈ സാധ്യത പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് വിതരണം തടസ്സപ്പെട്ടതോടെയാണ് നിര്‍ണായക നീക്കം.

നിലവില്‍ പുതിയ എല്‍.പി.ജി. കപ്പലുകളൊന്നും ഇന്ത്യന്‍ തീരത്തേക്ക് വരുന്നില്ലെന്നാണ് വ്യവസായ മേഖലയില്‍നിന്നുള്ള വിവരം. കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്ക് കടന്നുകിട്ടിയ ചുരുക്കം ചില കപ്പലുകളിലാകട്ടെ, രാജ്യത്തെ ഒരു ദിവസത്തെ ഉപയോഗത്തിന് മാത്രമുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളൂ. പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ക്ലിയറന്‍സ് ലഭിക്കാന്‍ വൈകുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.


ഗാര്‍ഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളില്‍ പ്രത്യേകം സ്റ്റിക്കറുകള്‍ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന് സാധാരണയായി 14.2 കിലോഗ്രാം സിലിണ്ടര്‍ 35-40 ദിവസം നീണ്ടുനില്‍ക്കും. നിര്‍ദ്ദിഷ്ട 10 കിലോഗ്രാം റീഫില്‍ ഒരു വീടിന് ഏകദേശം ഒരു മാസത്തേക്ക് നിലനിര്‍ത്താന്‍ കഴിയും. ഇത്തരത്തില്‍ വിതരണം ക്രമീകരിക്കുന്നതിലൂടെ ദൗര്‍ലഭ്യം കുറയ്ക്കാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ഇതുപ്രകാരം സിലിന്‍ഡറിന്റെ വിലയിലും മാറ്റംവരുത്തും. എന്നാല്‍, ബോട്ലിങ് പ്ലാന്റുകളില്‍ ഇതിനായി പുതിയ ക്രമീകരണങ്ങള്‍ വരുത്തേണ്ടതും സര്‍ക്കാരിന്റെയും റെഗുലേറ്ററി അതോറിറ്റികളുടെയും അനുമതി ലഭിക്കേണ്ടതുമുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധവും രാഷ്ട്രീയമായ പ്രത്യാഘാതങ്ങളും പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.

അതേ സമയം പൊതുവിതരണം തടസ്സപ്പെട്ടതോടെ വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ വ്യാപകമായി കരിഞ്ചന്തയില്‍ എത്തിയിട്ടുണ്ട്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ കരിഞ്ചന്ത കച്ചവടവും തകൃതി.14 കിലോ തൂക്കം വരുന്ന ഗാര്‍ഹിക പാചകവാതക സിലണ്ടറിന് 922 രൂപയാണ് തിരുവനന്തപുരത്തെ വില.ഇത് കരിഞ്ചന്തയില്‍ 2000ന് മുകളില്‍ നല്‍കണം.1911 രൂപ വില വരുന്ന 19 കിലോ പാചക വാതക സിലണ്ടര്‍ കിട്ടാനില്ല.ഇത് കരിഞ്ചന്തയില്‍ കിട്ടണമെങ്കില്‍ 3500- 4000 രൂപ വരെയാണ് വാങ്ങുന്നത്.10 പാചകവാതക സിലിണ്ടറുകള്‍ വേണമെങ്കില്‍ 35000 രൂപ അഡ്വാന്‍സ് ആയി നല്‍കണം.10 ദിവസത്തിനുള്ളില്‍ മാത്രമേ ഡെലിവറി ഉണ്ടാവുകയുമുള്ളൂ.പരിശോധനയ്ക്ക് ഇടയ്ക്ക് നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ കടുപ്പിക്കുന്നില്ല.