ബെയ്ജിങ്: ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമങ്ങളില്‍ (NSL) വരുത്തിയിരിക്കുന്ന പുതിയ ഭേദഗതികള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. ദേശീയ സുരക്ഷാ നിയമം ലംഘിച്ചുവെന്ന് സംശയിക്കുന്ന വ്യക്തികളുടെ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും പാസ്വേഡുകള്‍ ആവശ്യപ്പെടാന്‍ ഹോങ്കോങ്ങ് പോലീസിന് ഇനി അധികമുണ്ടാകും. ഹോങ്കോങ്ങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ നിയമസഭയെ മറികടന്നാണ് ഈ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത കടന്നുകയറ്റമായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കുമാണ് വഴിതുറന്നിരിക്കുകയാണ്.

ദേശീയ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട ബൈലോയില്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം, പാസ്വേഡ് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം ഹോങ്കോങ്ങ് ഡോളര്‍ (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷയായി ലഭിക്കാം. നല്‍കുന്ന വിവരങ്ങള്‍ തെറ്റോ വഴിതെറ്റിക്കുന്നതോ ആണെന്ന് തെളിഞ്ഞാല്‍ ശിക്ഷ മൂന്ന് വര്‍ഷം വരെ തടവായി ഉയരും. ഇതിനുപുറമെ, 'രാജ്യദ്രോഹപരമായ ഉദ്ദേശ്യത്തോടെയുള്ളതെന്ന്' കരുതുന്ന ഏത് വസ്തുവും പിടിച്ചെടുക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്.

2019-ല്‍ ഹോങ്കോങ്ങില്‍ നടന്ന വമ്പിച്ച ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനായി 2020-ലാണ് ചൈനീസ് ഭരണകൂടം ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയത്. ഭീകരവാദം, വിഘടനവാദം, വിദേശശക്തികളുമായുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, രാഷ്ട്രീയ വിയോജിപ്പുകളെ ഇല്ലാതാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനല്‍ അന്വേഷണങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാറുണ്ടെങ്കിലും, ഹോങ്കോങ്ങിലെ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ 'ദേശീയ സുരക്ഷ' എന്ന പദം വളരെ വിശാലവും അവ്യക്തവുമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാന്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭീതി ശക്തമാണ്.

നിയമം നിലവില്‍ വന്നതിനുശേഷം നൂറുകണക്കിന് പ്രതിഷേധക്കാരും മുന്‍ പ്രതിപക്ഷ നേതാക്കളും ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ മാധ്യമ വ്യവസായി ജിമ്മി ലായ്ക്ക് വിദേശ ഗൂഢാലോചന കുറ്റം ചുമത്തി 20 വര്‍ഷം തടവുശിക്ഷ വിധിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. കൂടാതെ, നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകളുടെ ഇന്‍ഷുറന്‍സ് തുക പിന്‍വലിക്കാന്‍ ശ്രമിച്ച ബന്ധുക്കള്‍ പോലും ജയിലിലടയ്ക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്.

ദേശീയ സുരക്ഷാ ഭീഷണികള്‍ ഫലപ്രദമായി തടയാനും അടിച്ചമര്‍ത്താനും പുതിയ ഭേദഗതികള്‍ അത്യാവശ്യമാണെന്നാണ് ഹോങ്കോങ്ങ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍ അടച്ചിട്ട മുറികളിലെ വിചാരണകളും, വിശാലമായ അധികാര പരിധിയും ഹോങ്കോങ്ങിന്റെ നീതിന്യായ വ്യവസ്ഥയെയും സ്വയംഭരണാധികാരത്തെയും തകര്‍ക്കുമെന്ന ആശങ്കയിലാണ് ജനാധിപത്യ വിശ്വാസികള്‍. ഒരു കാലത്ത് ഏഷ്യയിലെ സ്വതന്ത്ര വ്യാപാരത്തിന്റെയും ആശയപ്രകടനത്തിന്റെയും കേന്ദ്രമായിരുന്ന ഹോങ്കോങ്ങ്, പുതിയ നിയമങ്ങളിലൂടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്.