കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കേസുകളില്‍ നിര്‍ണ്ണായകമായ റിപ്പോര്‍ട്ടുകള്‍ ഇന്ന് ഹൈക്കോടതിയിലെത്തും. ഏറെ വിവാദമായ കൊടിമര പുനര്‍നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് വരെ സാവകാശം തേടിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തില്‍ സ്വര്‍ണ്ണം വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണം മുഴുവന്‍ വാജിവാഹനന്‍, അഷ്ടദിക് പാലകര്‍ എന്നിവരുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തി. പ്രശസ്ത നടന്മാര്‍ ഉള്‍പ്പെടെ 23 പേരുടെ മൊഴി രേഖപ്പെടുത്തി. 2014-ലെ ദേവപ്രശ്‌ന വിധി പ്രകാരമാണ് പുനര്‍നിര്‍മ്മാണം നടന്നതെന്നും ഇതില്‍ അപാകതകളില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം.പി. ഗോവിന്ദന്‍ നായര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്തിമ കുറ്റപത്രം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ സമര്‍പ്പിക്കൂ എന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുള്ള താമസമടക്കമുള്ള സാങ്കേതിക കാരണങ്ങളാണ് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നത്. റസ്റ്റ് നടന്ന് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മുഖ്യപ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ എന്നിവരടക്കം 10 പ്രതികള്‍ക്കും ഇതിനകം കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു കഴിഞ്ഞു.

ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതായാണ് കണ്ടെത്തല്‍. നഷ്ടപ്പെട്ടതിന് തുല്യമായ സ്വര്‍ണ്ണം എസ്.ഐ.ടി കണ്ടുകെട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഈ കേസ് പ്രതിപക്ഷം വലിയ ആയുധമാക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് വരെ സമയം നീട്ടിച്ചോദിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

കൊടിമരക്കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചത് ദേവസ്വം ബോര്‍ഡിന് ആശ്വാസമാകുമ്പോള്‍, സ്വര്‍ണ്ണക്കൊള്ളക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കല്‍ കാലതാമസം ഭക്തര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. രണ്ട് റിപ്പോര്‍ട്ടുകളും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നതോടെ വരും ദിവസങ്ങളിലെ നിയമനടപടികളില്‍ കൂടുതല്‍ വ്യക്തത വരും. കോടതി നിലപാട് നിര്‍ണ്ണായകമാകും.