രുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്ത്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും പറക്കുന്ന വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള മണല്‍പാത മാത്രമായിരുന്നു ദുബായ്. എന്നാല്‍ ഇന്ന്, ലോക വ്യോമയാന ഭൂപടത്തിലെ സ്പന്ദിക്കുന്ന ഹൃദയമാണ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. 2024 ല്‍ മാത്രം 9.2 കോടി യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ കടന്നുപോയത്. ലണ്ടനിലെ ഹീത്രൂവിനെപ്പോലും പിന്നിലാക്കിയ ദുബായ്ക്കൊപ്പം അബുദാബിയും ദോഹയും ലോകത്തെ പ്രധാന യാത്രാ ഹബ്ബുകളായി വളര്‍ന്നു.

എന്നാല്‍ മേഖലയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ ഈ വിജയഗാഥയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ വ്യോമയാന മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ ആകാശപാതകള്‍ അടച്ചുപൂട്ടിയതോടെ വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് ഗള്‍ഫ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പണ്ട് കൃത്യസമയത്ത് പറന്നുയര്‍ന്നിരുന്ന വിമാനങ്ങള്‍ ഇന്ന് അനിശ്ചിതത്വത്തിന്റെ നിഴലിലാണ്. മേഖലയിലെ സുരക്ഷാ ഭീഷണി യാത്രക്കാരുടെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്. ഇന്ധന പ്രതിസന്ധിയാണ് വ്യോമയാന മേഖല നേരിടുന്ന മറ്റൊരു വില്ലന്‍. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ കവാടമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടഞ്ഞതോടെ ഇന്ധന നീക്കം താറുമാറായി.

യൂറോപ്പിന്റെ വിമാന ഇന്ധന ഇറക്കുമതിയുടെ പകുതിയും വരുന്നത് ഈ മേഖലയില്‍ നിന്നാണ്. വിതരണം തടസ്സപ്പെട്ടതോടെ വിമാന ഇന്ധനവില ഇരട്ടിയായി വര്‍ദ്ധിച്ചു. ഇത് ആഗോളതലത്തില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമാകുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആഗോള യാത്രകള്‍ ചിലവ് കുറഞ്ഞതാക്കിയത് ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമയാന മാതൃകയാണ്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ വിമാനക്കമ്പനികള്‍ ലോകത്തിന്റെ വിവിധ കോണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 'ഹബ് ആന്‍ഡ് സ്പോക്ക്' രീതിയിലൂടെയാണ് വളര്‍ന്നത്. ബോസ്റ്റണില്‍ നിന്ന് ബാലിയിലേക്കോ ആംസ്റ്റര്‍ഡാമില്‍ നിന്ന് മഡഗാസ്‌കറിലേക്കോ ഒരു സ്റ്റോപ്പോടെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഇത് സഹായിച്ചു. ഈ മാതൃകയാണ് ഇപ്പോള്‍ ഭീഷണിയിലായിരിക്കുന്നത്.

ഗള്‍ഫിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരില്‍ പകുതിയിലധികം പേരും അവിടെ താമസിക്കാനല്ല, മറിച്ച് വിമാനം മാറിക്കയറാന്‍ എത്തുന്നവരാണ്. ദുബായില്‍ 47 ശതമാനവും ദോഹയില്‍ 74 ശതമാനവും യാത്രക്കാര്‍ ഇത്തരക്കാരാണ്. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇത്തരം യാത്രക്കാര്‍ ഗള്‍ഫ് വഴിയുള്ള യാത്രകള്‍ ഒഴിവാക്കി സിംഗപ്പൂര്‍, ടോക്കിയോ അല്ലെങ്കില്‍ ഹോങ്കോംഗ് തുടങ്ങിയ സുരക്ഷിത പാതകള്‍ തേടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി അവസാനം മുതല്‍ മേഖലയില്‍ ആരംഭിച്ച മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ദുബായിലും അബുദാബിയിലും ദോഹയിലും എത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് ദിവസങ്ങളോളം ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിയത്. പലരും ജീവന്‍ പണയപ്പെടുത്തി റോഡ് മാര്‍ഗ്ഗം ഒമാനിലേക്ക് കടന്നാണ് പിന്നീട് യാത്ര തുടര്‍ന്നത്.

ഇത്തരം ദുരനുഭവങ്ങള്‍ യാത്രക്കാരെ ഗള്‍ഫ് പാതയില്‍ നിന്ന് അകറ്റാന്‍ കാരണമായേക്കാം. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ വിമാനക്കമ്പനികള്‍ ഗള്‍ഫ് മേഖലയെ ഒഴിവാക്കി പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും കൂടുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍ ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ നല്‍കുന്ന അത്രയും വലിയ യാത്രാ സൗകര്യം പകരമായി നല്‍കാന്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് കഴിയില്ലെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ലോകത്തെ മൊത്തം വ്യോമയാന ശേഷിയുടെ 9.5 ശതമാനവും കൈകാര്യം ചെയ്യുന്നത് ഗള്‍ഫ് കമ്പനികളാണ്. അതുകൊണ്ടുതന്നെ അവരെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുക അസാധ്യമാണ്. എങ്കിലും സംഘര്‍ഷം നീണ്ടുപോയാല്‍ വിമാനക്കമ്പനികള്‍ നഷ്ടം നികത്താനായി ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും. കുറഞ്ഞ നിരക്കില്‍ ആധുനിക സൗകര്യങ്ങളോടെ പറന്നിരുന്ന കാലം ഇതോടെ അവസാനിക്കുമെന്നാണ് സൂചന. അത്യാധുനിക വിമാനങ്ങളും മികച്ച സേവനങ്ങളും ഉപയോഗിച്ച് വ്യോമയാന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചവരാണ് ഗള്‍ഫ് രാജ്യങ്ങള്‍. എയര്‍ബസ് എ.380 പോലുള്ള കൂറ്റന്‍ വിമാനങ്ങള്‍ ഉപയോഗിച്ച് അവര്‍ ലോകത്തെ ഒന്നിപ്പിച്ചു. എന്നാല്‍ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഈ 'ക്ലീന്‍ ഷീറ്റ്' വിജയതന്ത്രം ചോദ്യം ചെയ്യപ്പെടുകയാണ്. വിനോദസഞ്ചാരത്തെയും ബിസിനസ്സിനെയും ആശ്രയിച്ചു കഴിയുന്ന ദുബായ് പോലുള്ള നഗരങ്ങള്‍ക്ക് ഈ തളര്‍ച്ച വലിയ പ്രഹരമാകും.

കോവിഡ് മഹാമാരിയെയും സാമ്പത്തിക മാന്ദ്യങ്ങളെയും അതിജീവിച്ച ചരിത്രമാണ് വ്യോമയാന മേഖലയ്ക്കുള്ളത്. മുന്‍കാലങ്ങളിലെന്നപോലെ ഈ പ്രതിസന്ധിയെയും മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നവരുമുണ്ട്.