ദീര്‍ഘദൂര വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി ഇക്കോണമി ക്ലാസില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി പ്രമുഖ അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ്. ഒരേ നിരയിലെ സീറ്റുകള്‍ ഒരുമിച്ച് ചേര്‍ത്ത് സോഫയാക്കി മാറ്റാവുന്ന 'യുണൈറ്റഡ് റിലാക്സ് റോ' എന്ന നൂതന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കും ദമ്പതികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ മാറ്റം. വടക്കന്‍ അമേരിക്കയിലെ വിമാനക്കമ്പനികളില്‍ ഇത്തരമൊരു സൗകര്യം ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

2027-ഓടെ ഇത് യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങും. മൂന്ന് സീറ്റുകള്‍ ചേര്‍ന്ന ഒരു നിരയെ പൂര്‍ണ്ണമായും നിരപ്പായ പ്രതലമാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി പ്രത്യേക ബ്ലാങ്കറ്റുകളും തലയിണകളും വിമാനത്തില്‍ ലഭ്യമാക്കും. കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ 'സോഫാ സീറ്റുകള്‍' ഏറെ ആശ്വാസകരമായിരിക്കും. കാലുകള്‍ വെക്കുന്ന ഭാഗം 90 ഡിഗ്രിയില്‍ ഉയര്‍ത്തി വെക്കുന്നതിലൂടെയാണ് സീറ്റുകള്‍ നിരപ്പായ പ്രതലമായി മാറുന്നത്. ഇതോടെ യാത്രക്കാര്‍ക്ക് കിടന്നുറങ്ങാനോ സിനിമ കണ്ടിരിക്കാനോ സാധിക്കുന്ന വിധത്തില്‍ കൂടുതല്‍ സ്ഥലം ലഭ്യമാകും. യാത്രക്കാരുടെ സൗകര്യം പോലെ തന്നെ സുരക്ഷയ്ക്കും കമ്പനി മുന്‍ഗണന നല്‍കുന്നുണ്ട്. സോഫയായി ഉപയോഗിക്കുമ്പോള്‍ ധരിക്കാന്‍ വലിപ്പമേറിയ സീറ്റ് ബെല്‍റ്റുകള്‍ ഇതിലുണ്ടാകും. വിമാനം 10,000 അടി ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് സീറ്റുകള്‍ 'കൗച്ച് മോഡിലേക്ക്' മാറ്റാന്‍ അനുവാദമുണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേക കളിപ്പാട്ടങ്ങളും ട്രാവല്‍ കിറ്റുകളും യുണൈറ്റഡ് എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇക്കോണമി പ്ലസ്, സ്റ്റാന്‍ഡേര്‍ഡ് ഇക്കോണമി കാബിനുകള്‍ക്കിടയിലുള്ള പ്രത്യേക സെക്ഷനിലാണ് ഈ റിലാക്സ് റോകള്‍ ക്രമീകരിക്കുക. ഒരു വിമാനത്തില്‍ ഇത്തരത്തിലുള്ള 12 നിരകള്‍ വരെ ഉണ്ടാകും. 2030-ഓടെ ഏകദേശം 200 ബോയിംഗ് 787, 777 വൈഡ്ബോഡി വിമാനങ്ങളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്‍കാനാണ് ഈ മാറ്റത്തിലൂടെ ശ്രമിക്കുന്നതെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ നോസെല്ല പറഞ്ഞു. ദീര്‍ഘദൂര യാത്രകളില്‍ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് അമേരിക്കയില്‍ ഇത്തരമൊരു സേവനം തങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുണൈറ്റഡ് എയര്‍ലൈന്‍സിന് പുറമെ പ്രമുഖ വിമാനക്കമ്പനിയായ ഈസി ജെറ്റും തങ്ങളുടെ ഇക്കോണമി സീറ്റുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ്. 2028 മുതല്‍ ഈസി ജെറ്റിന്റെ നൂറുകണക്കിന് പുതിയ വിമാനങ്ങളില്‍ 'കെസ്ട്രല്‍ സീറ്റുകള്‍ ഇടംപിടിക്കും. ബ്രിട്ടീഷ് കമ്പനിയായ മിറസ് എയര്‍ക്രാഫ്റ്റ് സീറ്റിംഗാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ മുട്ടുകള്‍ക്കും കാലുകള്‍ക്കും കൂടുതല്‍ സ്ഥലം ലഭിക്കുമെന്നതാണ് കെസ്ട്രല്‍ സീറ്റുകളുടെ പ്രത്യേകത. സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരം കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. ഇത് സീറ്റുകളുടെ കനം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുവഴി പുറകിലെ സീറ്റിലിരിക്കുന്ന യാത്രക്കാരന് കൂടുതല്‍ സ്ഥലം ലഭ്യമാകുന്നു.

യാത്രക്കാര്‍ സീറ്റുകള്‍ പിന്നിലേക്ക് ചരിക്കുമ്പോള്‍ തൊട്ടുപിന്നിലുള്ള ആള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ 'ഫിക്സഡ് റിക്ലൈന്‍' സംവിധാനമാണ് ഇതിലുള്ളത്. ഇത് യാത്രക്കാര്‍ക്ക് ഏറ്റവും സുഖകരമായ ഇരിപ്പിടം ഉറപ്പാക്കുമെന്ന് നിര്‍മ്മാതാക്കളായ മിറസ് വ്യക്തമാക്കുന്നു. നിലവിലുള്ള വിമാനങ്ങളില്‍ മാറ്റം വരുത്തുന്നതിലെ സാമ്പത്തിക ചിലവ് കണക്കിലെടുത്ത്, 2028 മുതല്‍ പുതുതായി പുറത്തിറങ്ങുന്ന എയര്‍ബസ് എ 320, എ 321 ഇനത്തില്‍ പെട്ട വിമാനങ്ങളിലാകും ഈ സീറ്റുകള്‍ ആദ്യമുണ്ടാകുക.