തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നതിനിടെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെയും കരുതിയിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. സൂചിക 9 രേഖപ്പെടുത്തിയ ഈ പ്രദേശങ്ങളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് (സൂചിക 8-9): കോന്നി, മൂന്നാര്‍ എന്നിവയ്ക്ക് പുറമെ ചെങ്ങന്നൂര്‍, ചങ്ങനാശേരി, തൃത്താല എന്നിവിടങ്ങളിലും അതീവ ജാഗ്രത വേണം.

യെല്ലോ അലര്‍ട്ട് (സൂചിക 6-7): കൊട്ടാരക്കര, ഒല്ലൂര്‍, പൊന്നാനി (സൂചിക 7), കളമശേരി, ബേപ്പൂര്‍, മാനന്തവാടി.

സാധാരണയായി അള്‍ട്രാവയലറ്റ് സൂചിക 11-ന് മുകളിലെത്തിയാല്‍ റെഡ് അലര്‍ട്ടും, 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും, 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടുമാണ് നല്‍കുന്നത്.

തുടര്‍ച്ചയായി യുവി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് താഴെ പറയുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും:

സൂര്യാതപം

ത്വക്ക് രോഗങ്ങള്‍

നേത്രരോഗങ്ങള്‍

പ്രതിരോധശേഷി കുറയല്‍

പകല്‍ 10 മണി മുതല്‍ 3 മണി വരെ യുവി രശ്മികള്‍ ശക്തമായിരിക്കും. ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ശരീരം മുഴുവന്‍ മറയുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, ചര്‍മ്മ-നേത്ര രോഗങ്ങളുള്ളവര്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണം.

ജലാശയങ്ങള്‍, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ യുവി രശ്മികളെ പ്രതിഫലിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം ഇടങ്ങളില്‍ സൂചിക ഉയരാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി സൂചിക ഉണ്ടാകാമെന്നും മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇത് കൂടുതലായിരിക്കുമെന്നും അതോറിറ്റി ഓര്‍മ്മിപ്പിച്ചു.