- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്! ഹോര്‍മുസ് കടലിടുക്കില്‍ പിടിമുറുക്കി ഇറാന്‍ സൈന്യം

ടെഹ്‌റാന്‍: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം രണ്ടിടത്ത് വന്‍ തീപിടിത്തം. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തകര്‍ത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം തീ പൂര്‍ണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങള്‍ വീണാണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റതെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.
മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്‌കരണപ്ലാന്റില്‍ ഇസ്രയേല്‍ ബോംബിട്ടു. ആളപായമോ, ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ തിരിച്ചടിയായി യുഎസിന്റെയും ഇസ്രയേലിന്റെയും വ്യവസായകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി. നിരവധി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തുവെന്നാണ് വിവരം.
യുഎസ്-ഇസ്രയേല്‍ പക്ഷ രാജ്യങ്ങളിലെ തുറമുഖങ്ങളില്‍നിന്നോ തിരിച്ചോ ഉള്ള കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാന്‍ സേനാവിഭാഗമായ റവലൂഷനറി ഗാര്‍ഡ് (ഐആര്‍ജിസി) പ്രഖ്യാപിച്ചു. അതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകള്‍ ഇറാന്‍ സേനാവിഭാഗമായ റവലൂഷനറി ഗാര്‍ഡിന്റെ (ഐആര്‍ജിസി) അനുമതിയോടെ മാത്രം കടത്തിവിടുന്ന സംവിധാനത്തിലേക്ക് ഇറാന്‍ കടന്നുവെന്ന് റിപ്പോര്‍ട്ട്. കപ്പലുകളില്‍നിന്ന് പണം ഈടാക്കിയെന്നും ആക്ഷേപമുയര്‍ന്നു. സുരക്ഷാപരിശോധനയ്ക്കുശേഷം മാത്രം കപ്പലുകള്‍ കടത്തിവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായി ഇറാന്‍ ഐക്യരാഷ്ട്രസംഘടനയുടെ സമുദ്രഗതാഗത അതോറിറ്റിയായ ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷനെ (ഐഎംഒ) ചൊവ്വാഴ്ച അറിയിച്ചിരുന്നു. കപ്പല്‍സുരക്ഷ ഉറപ്പുവരുത്താനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്നും വിശദീകരിച്ചു. ഇതിനായി ചരക്കുകപ്പലുകള്‍ ഇറാന്റെ സമുദ്ര മേഖലയില്‍ പ്രവേശിച്ച് സേനയുടെ അനുമതി വാങ്ങിയശേഷമാണു ഹോര്‍മുസ് കടലിടുക്കിലേക്കു തിരിയേണ്ടത്. ടോള്‍ ബൂത്തിനു തുല്യമായ സമ്പദ്രായമാണിത്.
യുദ്ധം ആരംഭിച്ചശേഷം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള രാജ്യാന്തര ഗതാഗതം 90% കുറഞ്ഞു. മാര്‍ച്ച് ഒന്നിനുശേഷം എണ്ണ ടാങ്കറുകളും ചരക്കുകപ്പലുകളുമടക്കം 150 കപ്പലുകള്‍ മാത്രമാണു കടന്നുപോയതെന്ന് കപ്പല്‍ഗതാഗതം നിരീക്ഷിക്കുന്ന ഏജന്‍സിയായ ലോയിഡ്സ് ലിസ്റ്റ് ഇന്റലിജന്‍സ് പറയുന്നു. യുദ്ധത്തിനുമുന്‍പു പ്രതിദിനം നടന്നിരുന്ന ഏകദേശ ഗതാഗതമാണിത്. അതേസമയം, ഖാര്‍ഗ് ദ്വീപിലെ ടെര്‍മിനലില്‍നിന്നുള്ള ഇറാന്റെ ക്രൂഡ് കയറ്റുമതി തടസ്സമില്ലാതെ യുദ്ധകാലത്തും തുടര്‍ന്നു. ഇറാനെതിരെയുള്ള പാശ്ചാത്യ ഉപരോധം വകവയ്ക്കാത്ത ചൈനയിലെ റിഫൈനറികളിലേക്കാണ് ഇതിലേറെയും പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ കടത്തിവിട്ട പല കപ്പലുകള്‍ക്കും ഫീസ് ചുമത്തിയെന്നാണു ലോയിഡ്സ് ലിസ്റ്റ് ഇന്റലിജന്‍സ് ആരോപിക്കുന്നത്. നയതന്ത്ര സമ്മര്‍ദങ്ങളുടെ ഫലമായും ചില കപ്പലുകള്‍ കടന്നുപോയി. ഇന്ത്യയിലേക്കുള്ള 2 എല്‍പിജി കപ്പലുകള്‍ കടന്നുപോന്നത് ഇങ്ങനെയാണ്. ടോള്‍ ബൂത്ത് സംവിധാനം സ്ഥിരമാക്കാനാണ് ഇറാന്‍ നീക്കമെന്നും ഇതു രാജ്യാന്തര നിയമ ലംഘനമാണെന്നും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ആരോപിച്ചു. കപ്പലുകള്‍ക്ക് ഫീ ചുമത്തുന്നതിനുള്ള നിയമനിര്‍മാണം പുരോഗമിക്കുന്നതായി കഴിഞ്ഞദിവസം ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്നലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) യോഗം ചേര്‍ന്നിരുന്നു. സമാധാനത്തിന് മുന്‍ഗണന നല്‍കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ജിസിസി രാജ്യങ്ങള്‍ സംയമനം പാലിക്കുകയാണെന്നും മേഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ പങ്കാളികളാകില്ലെന്നും ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി ജിസിസി രാജ്യങ്ങളുടെ മണ്ണോ ആകാശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന നയതന്ത്രപരമായ നിലപാടാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാണ് ജിസിസിയുടെ പക്ഷം. യുദ്ധം വ്യാപിക്കാതിരിക്കാനും ഇറാന്‍ വിവേകപൂര്‍വം ചിന്തിക്കാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ അതീവ സംയമനം പാലിക്കുകയാണ്. സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സ്വയം പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.


