തിരുവനന്തപുരം: യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഓശാന പെരുന്നാള്‍ ആചരിച്ചു. ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന പെരുന്നാള്‍ അഥവാ കുരുത്തോലപ്പെരുന്നാള്‍ എന്ന് അറിയപ്പെടുന്നത്. യേശു കുരിശിലേറ്റപ്പെടുന്നതിനു മുമ്പ് ജെറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്നപ്പോള്‍ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, 'ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്നു പാടി ജനങ്ങള്‍ വരവേറ്റ അപൂര്‍വ നിമിഷങ്ങളെ അനുസ്മരിച്ചാണ് പെരുന്നാള്‍ ആചരണം. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ്മ പുതുക്കുന്ന വേളയാണിത്. യേശുക്രിസ്തുവിനെ കഴുതപ്പുറത്തിരുത്തി യഹൂദജനം രാജകീയപദവികളോടെ ഒലിവിന്‍ ചില്ലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഓശാന ഞായറിന്റെ പ്രത്യേക ചടങ്ങുകളും കുര്‍ബാനയും നടന്നു. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളില്‍ നടന്നത്. പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ തന്നെ വിശ്വാസികള്‍ ദേവാലയങ്ങളില്‍ എത്തിയിരുന്നു.

തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് തോമസ് ജെ. നെറ്റോയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ഇവിടെ കുരുത്തോല വാഴ്വും പ്രദക്ഷിണവും സംഘടിപ്പിച്ചത്. പള്ളിയില്‍ നിന്നും ആരംഭിച്ച കുരുത്തോല പ്രദക്ഷിണം സമീപത്തെ യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തുനിന്നും തിരിഞ്ഞ് വീണ്ടും ദേവാലയത്തില്‍ തന്നെ സമാപിച്ചു. കൊച്ചിയില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികളാണ് ബസിലിക്കയിലെ പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ തന്നെ എത്തിയത്. ഓശാന ഞായറിന്റെ ഭാഗമായി എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി കുരുത്തോല വാഴ്വ് നടന്നു. കുരുത്തോലകള്‍ ആശീര്‍വദിച്ച ശേഷം വിശ്വാസികള്‍ അവയേന്തി പ്രദക്ഷിണമായി നീങ്ങുകയും സ്‌തോത്രഗീതങ്ങള്‍ ആലപിക്കുകയും ചെയ്തു.

സംസ്ഥാനത്തെ മറ്റുദേവാലയങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഓശാനയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാച്ചടങ്ങുകള്‍ നടന്നു. വന്‍ ജനബാഹുല്യമാണ് ഇവിടങ്ങളിലും. സംസ്ഥാനത്തെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഓശാന ഞായറിനോടനുബന്ധിച്ച് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലയാറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ വിശ്വാസികള്‍ കുരിശു തീര്‍ത്ഥയാത്ര ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. മലകയറി കുരിശിന്റെ വഴി നടത്തുന്നതിനായി ധാരാളം ആളുകള്‍ മലയാറ്റൂരിലേക്ക് എത്തുന്നുണ്ട്. ഇനിയുള്ള ദിവസങ്ങള്‍ യേശുവിന്റെ പീഡാനുഭവത്തിന്റെയും ക്രൂശുമരണത്തിന്റെയും ഓര്‍മ്മകളാല്‍ നിറഞ്ഞതാണ്. വ്യാഴാഴ്ച പെസഹ ആചരണവും വെള്ളിയാഴ്ച ദുഃഖവെള്ളിയും കഴിഞ്ഞാല്‍ ഞായറാഴ്ച ഈസ്റ്റര്‍ (ഉയിര്‍പ്പ് തിരുനാള്‍) ആഘോഷത്തോടെ വിശുദ്ധ വാരം സമാപിക്കും. മനാമ തിരുഹൃദയദേവാലയത്തില്‍ ഓശാന ശുശ്രൂഷകള്‍ നടന്നു. വിശ്വാസികള്‍ കുരുത്തോലയും കൈയിലേന്തി പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിച്ചു. പീഡാനുഭവ ചരിത്ര വായനകളും ഉണ്ടായിരുന്നു ഓശാനപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ജോണ്‍ ബ്രിട്ടോ മുഖ്യകാര്‍മികത്വം വഹിച്ചു.