- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സോഫ്റ്റ്വെയര്‍ കരാറില്‍ സര്‍ക്കാരിന് കനത്ത പ്രഹരം; 700 കോടിയുടെ അഴിമതി ആരോപണത്തില്‍ ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു; മുഖ്യമന്ത്രിയും മന്ത്രിയും മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പിലാക്കാനുള്ള വിവാദ ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി. 700 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന ഇടപാടില്‍ മെയ് 19 വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എ.എ ഉത്തരവിട്ടു. അഴിമതിപ്പണം ലക്ഷ്യമിട്ട് നടത്തിയ നീക്കം കോടതി തടഞ്ഞ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും ജനങ്ങളോട് മാപ്പ് പറയണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കരാറില്‍ വന്‍ ക്രമക്കേടുണ്ടെന്ന ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന നിരീക്ഷണങ്ങളാണ് കോടതിയില്‍ നിന്നുണ്ടായത്. ടെന്‍ഡര്‍ തുകയിലെ വലിയ അന്തരവും രേഖകളിലെ ദുരൂഹതയും പരിശോധിച്ച കോടതി, കുറഞ്ഞ നിരക്കില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് വ്യക്തമാക്കി. ഹര്‍ജിക്കാരായ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (മിറ്റ്കോ) സമര്‍പ്പിച്ച കുറഞ്ഞ തുക തള്ളിക്കളഞ്ഞ് മൂന്നിരട്ടിയിലധികം തുക ക്വോട്ട് ചെയ്ത ഭരണാനുകൂല കണ്‍സോര്‍ഷ്യമായ ദിനേശ് സഹകരണ സംഘത്തിന് കരാര്‍ നല്‍കാനുള്ള നീക്കമാണ് ഇതോടെ പാതിവഴിയില്‍ തടയപ്പെട്ടത്.
'അഴിമതി പുറത്തുകൊണ്ടുവന്നപ്പോള്‍ തന്നെ കളിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിയും ഇപ്പോള്‍ എവിടെപ്പോയി ഒളിച്ചു?' എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്ന് പരിഹസിച്ച മന്ത്രി വാസവനും, സര്‍ക്കാരിന് ലാഭകരമായ ഇടപാടാണിതെന്ന് വാദിച്ച മുഖ്യമന്ത്രിയും ഇപ്പോള്‍ കോടതിക്ക് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ്. സ്പ്രിംഗ്ലര്‍ മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വരെ താന്‍ ഉന്നയിച്ച എല്ലാ അഴിമതികളിലും ആദ്യം പരിഹസിക്കുകയും പിന്നീട് നാണംകെട്ട് പിന്മാറുകയും ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ 4415 ബാങ്ക് ശാഖകളില്‍ സോഫ്റ്റ്വെയര്‍ സ്ഥാപിക്കാന്‍ മിറ്റ്കോ ക്വോട്ട് ചെയ്തത് വെറും 231.7 കോടി രൂപയാണ് (ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ). എന്നാല്‍ സി.പി.എം നേതൃത്വത്തിലുള്ള ദിനേശ് കണ്‍സോര്‍ഷ്യം 280 ശാഖകള്‍ക്ക് മാത്രമായി ആവശ്യപ്പെട്ടത് 49.9 കോടി രൂപയാണ്. ഇവരുടെ നിരക്ക് പ്രകാരം ഒരു ശാഖയ്ക്ക് 17.8 ലക്ഷം രൂപ ചെലവ് വരും. ഇതേ നിരക്കില്‍ സംസ്ഥാനത്തെ മുഴുവന്‍ ശാഖകളിലും സോഫ്റ്റ്വെയര്‍ നടപ്പിലാക്കിയാല്‍ ഖജനാവിന് ഏകദേശം 785 കോടി രൂപയുടെ ബാധ്യതയുണ്ടാകും. മിറ്റ്കോയുടെ തുകയേക്കാള്‍ 550 കോടിയിലധികം രൂപ അധികമായി തട്ടിയെടുക്കാനായിരുന്നു ഈ ഗൂഢനീക്കമെന്ന് ചെന്നിത്തല രേഖകള്‍ സഹിതം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കമ്മീഷന്റെ പ്രത്യേക അനുമതി തേടിപ്പോലും ഈ വന്‍ കരാര്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിതവേഗത ദുരൂഹമാണെന്ന് കോടതിയും നിരീക്ഷിച്ചു. ലേലത്തില്‍ പങ്കെടുത്തവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയ കോടതി കേസ് വീണ്ടും പരിഗണിക്കുന്നതുവരെ കരാറുമായി ബന്ധപ്പെട്ട യാതൊരു നീക്കവും പാടില്ലെന്ന് കര്‍ശനമായി ഉത്തരവിട്ടു. ഭരണകാലാവധി അവസാനിക്കാറായ ഘട്ടത്തില്‍ ഖജനാവ് കൊള്ളയടിക്കാനുള്ള 'സമാന്തര ലേല' നീക്കം കോടതി ഇടപെടലിലൂടെ പൊളിഞ്ഞത് സര്‍ക്കാരിനെ രാഷ്ട്രീയമായും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.


