കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡിലായ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC). ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയും സിനിമാ സെറ്റുകളില്‍ സാഹചര്യങ്ങള്‍ക്കൊന്നും മാറ്റം വന്നിട്ടില്ല എന്ന വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ സംഭവമെന്ന് ഡബ്ലുസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കുറ്റവാളിയുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നായിരിക്കുമെന്നും ഡബ്ല്യുസിസി ചോദിക്കുന്നു.

ഓരോ സിനിമാ സെറ്റിലും ആഭ്യന്തര പരാതി പരിഹാര സമിതി (ICC) വേണമെന്നത് ഡബ്ല്യുസിസിയുടെ നീണ്ട പോരാട്ടത്തിന്റെ ഫലമായി ഹൈക്കോടതി അംഗീകരിച്ച ഉത്തരവാണ്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനങ്ങളൊന്നും കൃത്യമായി നടക്കുന്നില്ല. സിനിമാസെറ്റില്‍ വച്ച് യുവനടിയെ രഞ്ജിത്ത് ആക്രമിക്കാന്‍ ശ്രമിച്ചത് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ശക്തരുടെ കയ്യിലുള്ള മറ്റൊരു ഉപകരണമായി ഇന്റേണല്‍ കമ്മിറ്റി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിലൂടെ നമ്മള്‍ കാണുന്നത്.അനീതിയും പീഡനവും തടഞ്ഞില്ലെങ്കില്‍ ശക്തരായവര്‍ നിയമത്തിനും മുകളിലാണെന്ന് നമുക്ക് ഇനിയും വിശ്വസിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ നേരിട്ട് പൊലീസിനെ സമീപിച്ച നടിയുടെ ധൈര്യത്തിന് സലാം. ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തൊഴിലിടങ്ങള്‍ക്കായുള്ള പോരാട്ടം എന്നും തുടരുമെന്നും ഡബ്ല്യുസിസിയുടെ പോസ്റ്റിലുണ്ട്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഒരു ചെറിയ സിനിമാ സെറ്റില്‍ വെച്ച് യുവനടിക്ക് നേരെ ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും അവിടുത്തെ ഐസി അംഗങ്ങള്‍ അത് അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. അധികാര ബന്ധങ്ങള്‍ എങ്ങനെയാണ് പരാതി പരിഹാര സമിതികളെ നിശബ്ദമാക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഓരോ സെറ്റിലും ഐസിസി ഉറപ്പാക്കാനും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും ഡബ്ല്യുസിസി നടത്തിയ പോരാട്ടങ്ങളെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നിട്ടും പലരും ഐസിയെ ഒരു അനാവശ്യ ബാധ്യതയായാണ് കാണുന്നത്. പോഷ് (POSH) നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാത്ത കാലത്തോളം ശക്തരായവര്‍ നിയമത്തിന് മുകളിലാണെന്ന് വിശ്വസിക്കുന്നത് തുടരുമെന്നും, സിനിമാ സെറ്റുകള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടങ്ങളായി നിലനില്‍ക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ഈ സാഹചര്യത്തില്‍ ആരെയും കാത്തുനില്‍ക്കാതെ നേരിട്ട് പൊലീസിനെ സമീപിച്ച നടി കാണിച്ച ധൈര്യത്തെ ഡബ്ല്യുസിസി അഭിനന്ദിച്ചു. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച പരാതി പരിഹാര ട്രിബ്യൂണല്‍ എന്ന നിര്‍ദേശം പുതിയ ഫിലിം പോളിസിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ഈ അവസരത്തില്‍ പുനഃപരിശോധിക്കപ്പെടണം. അതിജീവിതകള്‍ക്ക് വേണ്ടത് വെറും വാഗ്ദാനങ്ങളല്ല, മറിച്ച് വിശ്വാസവും പിന്തുണയും നീതിയുക്തമായ ഒരു സംവിധാനവുമാണെന്ന് സംഘടന ഓര്‍മിപ്പിച്ചു. ആത്മാഭിമാനത്തോടെ ജോലി ചെയ്യാവുന്ന സുരക്ഷിതമായ തൊഴിലിടങ്ങള്‍ക്കായി എന്നും 'അവള്‍ക്കൊപ്പം' ഉണ്ടാകുമെന്ന് ഡബ്ല്യുസിസി പ്രഖ്യാപിച്ചു. സിനിമ എന്ന മാധ്യമം സമൂഹത്തിന് മുന്നില്‍ മാന്യമായ തൊഴില്‍ സംസ്‌കാരത്തിന്റെ മാതൃകയാകണമെന്നും, അതിനായുള്ള പോരാട്ടത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കിയാണ് സംഘടനയുടെ പ്രതികരണം അവസാനിക്കുന്നത്.

ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരള സമൂഹത്തില്‍ വീണ്ടും മറ്റൊരുയുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു.സംവിധായകന്‍ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോര്‍ട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? അതെ..പ്രവര്‍ത്തിക്കാത്ത ഒരു സംവിധാനത്തില്‍ നിന്ന്. വാര്‍ത്തകള്‍ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങള്‍ സെറ്റില്‍ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോള്‍ ആ പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റില്‍ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവര്‍ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങള്‍ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.ഡബ്ല്യുസിസി (Women in Cinema Collective) ഹൈക്കോടതിയില്‍ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാന്‍ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവര്‍ത്തന പരിപാടികള്‍ കമ്മിറ്റി ഗൗരവപൂര്‍വ്വം മുന്നോട്ടു വെച്ചു.പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളില്‍ മാത്രം കൃത്യ മാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ!IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തില്‍ നമ്മള്‍ കണ്ടത്.അനീതിയും പീഡനവും തടയാനുള്ള യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പോഷ് നടപ്പാക്കാതിരുന്നാല്‍ . ശക്തരായവര്‍ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകള്‍ക്ക് അസ്വാസ്ഥ്യകരമായ തൊഴില്‍ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തില്‍ ആരെയും കാത്തു നില്‍ക്കാതെ പോലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണല്‍ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തില്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.അതിജീവിതര്‍ അര്‍ഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല,സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തൊഴിലിടങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.