കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് എറണാകുളം സി.ജെ.എം കോടതി ഉത്തരവിട്ടു. യുവനടി പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന രണ്ടാമത്തെ കാരവന്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, ഇതിനുള്ളിലെത്തിച്ച് രഞ്ജിത്തിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

സിനിമയുടെ സെറ്റിലുണ്ടായിരുന്ന കാരവനിലാണ് ജനുവരി 19-ന് അതിക്രമം നടന്നതെന്നാണ് നടിയുടെ പരാതി. നടി കരഞ്ഞുകൊണ്ട് കാരവനില്‍ നിന്ന് ഇറങ്ങിവരുന്നത് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ടെടുത്ത കാരവനില്‍ രഞ്ജിത്തിനെ എത്തിച്ച് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും ചോദ്യം ചെയ്യാനുമാണ് പോലീസ് ലക്ഷ്യമിടുന്നത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് തള്ളി. അറസ്റ്റ് സമയത്ത് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇത് പരിഗണിച്ചാണ് പ്രോസിക്യൂഷന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്.

രഞ്ജിത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്. അതുവരെ പോലീസ് കസ്റ്റഡിയില്‍ തുടരുന്ന രഞ്ജിത്തിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കാരവാനില്‍ യുവ നടിയെ പഡിപ്പിക്കാന്‍ ശ്രമിച്ചതാണ് രഞ്ജിത്തിന് വിനയാകുന്നത്. ജനുവരിയിലാണ് സംഭവം.

കുറ്റകൃത്യം നടന്നുവെന്ന് പറയപ്പെടുന്ന കാരവാനില്‍ എത്തിച്ചുള്ള തെളിവെടുപ്പാണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകം. സിനിമാ സെറ്റിലെ കാരവനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടി കരഞ്ഞുകൊണ്ട് കാരവനില്‍ നിന്ന് ഇറങ്ങിവരുന്നത് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാക്ഷിമൊഴികള്‍ കേസില്‍ രഞ്ജിത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.