കണ്ണൂര്‍: വിവാഹം ക്ഷണിക്കാനായി ബന്ധുവീട്ടിലെത്തിയ അറുപതുകാരന്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു. പയ്യാവൂര്‍ വെമ്പുവയല്‍ സ്വദേശി കോയാടന്‍ രാജനാണ് (60) തിങ്കളാഴ്ച രാവിലെ പയ്യാവൂരിലെ ബന്ധുവീട്ടില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ കൈയ്ക്ക് പരിക്കേറ്റ ഇയാളെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിലെത്തിയ രാജന് നേരെ വീട്ടിലെ വളര്‍ത്തുനായ കുരച്ചുചാടുകയായിരുന്നു. ഭയന്നോടിയ രാജന്‍ രക്ഷപ്പെടാനായി അടുത്തുള്ള കിണറിന്റെ ആള്‍മറയില്‍ കയറി. എന്നാല്‍ ഇതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഏകദേശം നാലടിയോളം വെള്ളം കിണറ്റിലുണ്ടായിരുന്നു. വീഴ്ചയ്ക്കിടെ കിണറിലെ പടവില്‍ ഇടിച്ചാണ് കൈയ്ക്ക് പരിക്കേറ്റത്.

അപകടം നടന്ന ഉടന്‍ പയ്യാവൂര്‍ പോലീസും സ്ഥലത്തുണ്ടായിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രാജനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കിണറിന്റെ ആഴം കാരണം സാധിച്ചില്ല. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് ഇരിട്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. സേനാംഗങ്ങള്‍ കയര്‍ കിണറ്റിലിറക്കി അതീവ ജാഗ്രതയോടെ രാജനെ പുറത്തെത്തിക്കുകയായിരുന്നു.

രക്ഷപ്പെടുത്തിയ ഉടന്‍ തന്നെ ഇദ്ദേഹത്തെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം രാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.