ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ പാസ്പോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ തേടി അസം പൊലീസ് ഡല്‍ഹിയിലെ വീട്ടിലെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഖേരയുടെ വീട്ടിലെത്തിയ സംഘം നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ രംഗം കലുഷിതമായിരിക്കുകയാണ്.

നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ഖേരയുടെ വീട്ടില്‍ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ് അറിയിച്ചു. ഡല്‍ഹി പൊലീസ് സംഘവും ഒപ്പമുണ്ട്. അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയതെന്നാണ് വിവരം. എന്നാല്‍, പവന്‍ ഖേര വീട്ടിലുണ്ടായിരുന്നില്ല, രാവിലെ ഹൈദരാബാദിലേക്ക് പോയ പവന്‍ ഖേര നാളെ അസമിലെത്തുമെന്ന് അറിയിച്ചു.

അതേസമയം, പവന്‍ ഖേര ഓടിയൊളിച്ചെന്ന് ഹിമന്ത ആരോപിച്ചു. റിനികി ഭൂയാന്‍ ശര്‍മയ്ക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതുള്‍പ്പടെ മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം, എന്നാല്‍, വ്യാജ രേഖകള്‍ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നല്‍കിയ രേഖയാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം. ഖേര വ്യാജ രേഖകള്‍ പുറത്തുവിട്ടത് അസം തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതിന്റെ തെളിവാണെന്നാണ് ബിജെപി ആരാപണം.

ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും താന്‍ ഒളിച്ചോടിയിട്ടില്ലെന്നുമാണ് പവന്‍ ഖേരയുടെ മറുപടി. അതേസമയം, പവന് ഖേരയുടെ വീട്ടില് തെരച്ചില്‍ നടത്തിയെന്നും ഖേര എവിടയാണെന്ന് അറിയില്ലെന്ന് സംശയാദ്‌സപദമായ ചില വസ്തുക്കള്‍ കണ്ടെത്തിയെന്നും അസം പൊലീസ് അറിയിച്ചു.

അതേസമയം പൊലീസ് നടപടി മാന്യതയില്ലാത്ത വേട്ടയാടലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പവന്‍ ഖേരക്കെതിരെയുള്ള നീക്കം നിര്‍ണ്ണായകമായത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ എത്തിയ അസം സംഘം ഖേരയുടെ വീട് വളഞ്ഞെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംഘം മടങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ചില നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെടുന്നുണ്ട്.

'തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ശ്രമിക്കുന്നതെന്നും ഇതൊരു രാഷ്ട്രീയ വൈരാഗ്യം മാത്രമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മക്ക് ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നും പൗരത്വ കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും പവന്‍ ഖേര ആരോപിച്ചിരുന്നു. ഇതിനെതിരെ റിനികി ഭൂയാന്‍ ശര്‍മ നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഖേര ഹാജരാക്കിയ രേഖകള്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതും ഫോട്ടോഷോപ്പ് ചെയ്തതാണെന്നും മുഖ്യമന്ത്രിയുടെ കുടുംബം ആരോപിച്ചു. കൂടാതെ പവന്‍ ഖേരക്കെതിരെ സിവില്‍, ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

ഇതിനിടെ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഖേര ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞു എന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. എന്നാല്‍ താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പവന്‍ ഖേര പ്രതികരിച്ചു. നിലവില്‍ ഹൈദരാബാദിലുള്ള അദ്ദേഹം നാളെ അസമിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.