- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ; പരീക്ഷാ ഹാള്‍ ടിക്കറ്റ് നല്‍കില്ലെന്ന് ഭീഷണി; തിരുവനന്തപുരം ഐഎംഡിആര്‍ കോളജ് പ്രിന്‍സിപ്പലിന്റെ വിചിത്ര സര്‍ക്കുലര്‍ പിന്‍വലിപ്പിച്ചു; വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല

തിരുവനന്തപുരം: കോളജ് ഡേ പരിപാടിയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ഈടാക്കുമെന്ന വിചിത്രമായ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ കോളേജ് പ്രിന്‍സിപ്പലിന് ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിര്‍ദേശം. ഉത്തരവിറക്കിയ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും വൈസ് ചാന്‍സലര്‍ വിശദീകരണം തേടി. കോളജ് ഡേയില്‍ പങ്കെടുക്കാതിരുന്നാലോ ചടങ്ങിലേക്ക് സംഭാവന നല്‍കാതിരുന്നാലോ പിഴ ഈടാക്കുമെന്ന പ്രിന്‍സിപ്പാളിന്റെ വിചിത്ര ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വി സിയുടെ ഇടപെടല്‍. ഈ സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കാന്‍ കോളജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വ്വം ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കി.
തിരുവനന്തപുരം ഐഎംഡിആര്‍ കോളജിലെ പ്രിന്‍സിപ്പലാണ് വിചിത്ര ഉത്തരവിറക്കിയത്. കോളജ് ഡേ പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് 750 രൂപ വരെയാണ് പിഴ ഈടാക്കിയത്. പിഴ നല്‍കിയില്ലെങ്കില്‍ ഹാള്‍ടിക്കറ്റ് പിടിച്ചുവെക്കുമെന്നും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. ജെ.ബി രാജന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. കോളജ് ഡേ ആഘോഷങ്ങളില്‍ വിദ്യാര്‍ഥികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം.
ഐ എം ഡി ആര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ ബി രാജന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വലിയ വിവാദമായി മാറിയിരുന്നു. കോളേജ് ഡേ പരിപാടിയില്‍ പങ്കെടുക്കാതിരുന്നാല്‍ 250 രൂപ ഫൈന്‍ നല്‍കേണ്ടിവരും. കോളേജ് ഡേ പരിപാടിക്ക് സംഭാവന നല്‍കാതിരുന്നാല്‍ 500 രൂപ ഫൈന്‍ ചുമത്തുമെന്നാണ് ഭീഷണി. രണ്ടും ചെയ്യാത്തവര്‍ക്ക് 750 രൂപ പിഴ നല്‍കേണ്ടി വരുമെന്നും പ്രിന്‍സിപ്പലിന്റെ ഭീഷണിയുണ്ട്. പിഴ അടിച്ചില്ലെങ്കില്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് ലഭിക്കില്ലെന്നും പ്രിന്‍സിപ്പലിന്റെ സര്‍ക്കുലറിലുണ്ട്. സര്‍വകലാശാല നേരിട്ട് ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനൊപ്പം, പ്രിന്‍സിപ്പലിനെതിരെ എന്താകും നടപടിയുണ്ടാകുക എന്നത് കണ്ടറിയണം.
പരിപാടിയില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് 250 രൂപ മുതല്‍ 750 രൂപ വരെ പിഴ ഈടാക്കുമെന്ന തീരുമാനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. സാമ്പത്തിക പിഴക്ക് പുറമെ, പരീക്ഷ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഹാള്‍ ടിക്കറ്റ് തടഞ്ഞുവെക്കുമെന്ന ഭീഷണിയും സര്‍ക്കുലറിലുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഹാള്‍ ടിക്കറ്റ് നല്‍കില്ലെന്ന കര്‍ശന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഹാള്‍ ടിക്കറ്റ് തടയുന്നത് നിയമവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ ഇത്തരം അനാവശ്യ നിയന്ത്രണങ്ങളും സാമ്പത്തിക ബാധ്യതകളും അടിച്ചേല്‍പ്പിക്കുന്നത് പതിവാകുകയാണെന്ന പരാതി വ്യാപകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ മേല്‍ ഇത്തരം ഏകാധിപത്യപരമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന വാദമാണ് ഉയരുന്നത്.


