- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഭീഷണിയുടെ സ്വരം സഭയോട് വേണ്ട; ഇവിടെ വിലപ്പോവില്ല; ആരും പേടിപ്പിക്കാന്‍ നോക്കേണ്ട; ചാനലുകളില്‍ കയ്യടിക്ക് വേണ്ടി സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല'; പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ കടുത്ത ഭാഷയില്‍ പാലാ ബിഷപ്പ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ ക്രൈസ്തവ സഭയിലെ ഒരു വിഭാഗത്തിനും മുഖപത്രത്തിനുമെതിരെ നടത്തിയ ആരോപണങ്ങളില്‍ പി.സി. ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് അനുവദിക്കാനാവില്ല. മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചാനലുകളില്‍ കയ്യടിക്ക് വേണ്ടി സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും എല്ലാക്കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ആരും തങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അത്തരമൊരു ചിന്ത ആര്‍ക്കും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മെത്രാന്മാരും വൈദികരും എല്ലാ സമയത്തും നിഷ്പക്ഷരായിരിക്കണം എന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ബിഷപ്പ് പറഞ്ഞു. ചാനലുകള്‍ക്ക് വേണ്ടിയോ, കയ്യടി കിട്ടുന്നതിന് വേണ്ടിയോ സമുദായ നേതാക്കളെയും വൈദികരെയും അവഹേളിക്കുന്ന ശൈലി ശരിയല്ല. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വിശ്വാസികളുടെ വികാരത്തെ കൂടി മാനിക്കണം. ചാനല്‍ ഭാഷ ഉപയോഗിച്ച് സഭയുടെ അന്തസ്സ് കെടുത്താന്‍ ശ്രമിക്കുന്നവര്‍ ആരായാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേതൃത്വം സമുദായങ്ങളില്‍ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. എന്നാല്‍ ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള ഈ സഭയെ മൂലയ്ക്ക് ഇരുത്താമെന്നോ, സഭ മിണ്ടാപ്രാണികളായി ന്യൂട്രല്‍ ആയിരിക്കണമെന്നോ ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് വ്യക്തമല്ലെന്നും, മെത്രാന്മാര്‍ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിഷപ്പ് പറഞ്ഞു.
സമുദായ അംഗങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനെ സഭ എപ്പോഴും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മതനേതാക്കളെ മാന്യതയില്ലാതെ വിമര്‍ശിക്കുന്നത് നീതീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് കാലത്തെ വോട്ടുചോദിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ബിഷപ്പ് മറുപടി നല്‍കി. രഹസ്യമായി വോട്ടു ചോദിച്ചുവെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, പരസ്യമായി തന്നെ വോട്ടു ചോദിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി. ഭരണഘടന അനുവാദം നല്‍കുന്ന കാര്യമാണിതെന്നും ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് വോട്ട് ചോദിക്കാന്‍ ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാര്‍ക്കും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ് പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നുവെങ്കിലും അവിടുത്തെ താമസമുറികള്‍ക്ക് മുന്നില്‍ വെച്ച് നടത്തിയ പ്രസ് മീറ്റിലെ പരാമര്‍ശങ്ങള്‍ ബിഷപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. മെത്രാന്മാര്‍ താമസിക്കുന്ന മുറികള്‍ക്ക് മുന്നില്‍ നിന്ന് എന്തും വിളിച്ചു പറയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. സഭയുടെ മുഖപത്രമായ 'ദീപിക'യ്ക്കെതിരെയുള്ള വിമര്‍ശനങ്ങളെയും ബിഷപ്പ് പ്രതിരോധിച്ചു. ദീപിക സത്യം പറയുന്ന പത്രമാണെന്നും അതിനെതിരെ ഇത്തരത്തില്‍ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോഴും പാലാ ബിഷപ്പ് നിഷ്പക്ഷനാണെന്നായിരുന്നു പി.സി. ജോര്‍ജ് മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ അതേ പാലാ ബിഷപ്പ് തന്നെ ഇപ്പോള്‍ ജോര്‍ജിനെതിരെ പരസ്യമായി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. പേര് എടുത്ത് പറയാതെ തന്നെ പി.സി. ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ ബിഷപ്പ് മറുപടി നല്‍കി.


