- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രെയിനേജ് തകര്‍ന്ന് വെള്ളം ഇരച്ചു കയറി; ഡല്‍ഹി ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; സിവില്‍ സര്‍വ്വീസ് അക്കാദമിയിലേത് വരുത്തിവച്ച ദുരന്തം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്‌മെന്റിലെ വെള്ളക്കെട്ടില്‍ മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ആംആദ്മി സര്‍ക്കാരിനെതിരെ ബിജെപിയും പ്രതികരിച്ചു. രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാര്‍ഥികള്‍ മരിച്ചത്.
ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് നെവീന്റെ മരണം സംഭവിച്ചത്. പുലര്‍ച്ചെയാണ് മലയാളിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. നെവിന്‍ ജെ എന്‍ യുവിലും പഠിക്കുന്നുണ്ട്.
അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്‌മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഡല്‍ഹി സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുമെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച സ്വാതി മലിവാള്‍ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഓടകള്‍ വൃത്തിയാക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ആഴ്ച ഒരു വിദ്യാര്‍ത്ഥി റോഡില്‍ കിടന്ന ലൈന്‍ കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു. അപ്പോഴും പരാതി അറിയിച്ചിരുന്നു. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ആംആദ്മിക്കെതിരേയും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരേയും കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.