- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജമെന്നു കേന്ദ്രസർക്കാർ പറയുന്ന വാർത്തകൾക്ക് ഇന്റർനെറ്റിൽ ഇനി ആയുസ്സ് 72 മണിക്കൂർ മാത്രം; ഐടി നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്രസർക്കാർ; കരടുരൂപം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു; എതിർപ്പുമായി എഡിറ്റേഴ്സ് ഗിൽഡ്; കേന്ദ്രം ഏകപക്ഷീയമായി വ്യാജ വാർത്ത തീരുമാനിക്കേണ്ട, ഭേദഗതി ഒഴിവാക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: വാർത്തകൾക്ക് മേൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. വ്യാജമെന്നു കേന്ദ്രസർക്കാർ ചാപ്പ കുത്തുന്ന വാർത്തകൾക്ക് ഇന്റർനെറ്റിൽ ഇനി ആയുസ്സ് 72 മണിക്കൂർ മാത്രമായിരുന്നു. ഐടി നിയമത്തിൽ ഭേദഗതി വരുത്തി വാർത്ത നിയന്ത്രണത്തിന് ഒരുങ്ങുകയാണ് സർക്കാർ. 2011ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിലാണു നിർണായക ഭേദഗതിക്കു കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ കരടുരൂപം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. അഭിപ്രായം രേഖപ്പെടുത്താൻ: bit.ly/meitycons
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗമോ കേന്ദ്രം വസ്തുതാപരിശോധനയ്ക്കു ചുമതലപ്പെടുത്തുന്ന ഏജൻസിയോ വ്യാജമെന്നു കണ്ടെത്തിയാൽ വാർത്ത ഇന്റർനെറ്റിൽനിന്നു നീക്കേണ്ടി വരും. അശ്ലീലം, ആൾമാറാട്ടം അടക്കം 7 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ ഇന്റർനെറ്റ് കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. അതുകൊണ്ടാണ് 72 മണിക്കൂറെന്ന സമയം രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും ഈ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കുട്ടികൾക്കെതിരായ ഉള്ളടക്കം, സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കൽ, മതങ്ങൾ / ജാതികൾ തമ്മിൽ വൈരം സൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയും ഈ പരിധിയിലാണു വരിക. 72 മണിക്കൂറെന്നത് 24 മണിക്കൂറായി ക്രമേണ കുറയ്ക്കുമെന്നും കേന്ദ്രം മുൻപു വ്യക്തമാക്കിയിരുന്നു.
കേന്ദ്രം വ്യാജമെന്നു ചാപ്പ കുത്തിയാൽ ആ വാർത്ത എല്ലാ വെബ്‌സൈറ്റുകളും 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ടി വരും. ഇത് സർക്കാർ സെൻസർഷിപ്പിലേക്കു വഴിമാറുമെന്നാണ് ആശങ്ക. വിവിധ സ്രോതസ്സുകളിൽനിന്നു ലഭിച്ച ഒരു വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്ര കുത്താം. കേന്ദ്രത്തിനെതിരായ വാർത്തകൾ നീക്കം ചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാം. നിർദിഷ്ട ഭേദഗതി ഭരണഘടനാപരമല്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിച്ചു. ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരാൻ പാർലമെന്റിന്റെ അംഗീകാരം വേണമെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം വ്യാജവാർത്തകൾ കേന്ദ്രം ഏകപക്ഷീയമായി തീരുമാനിക്കരുതെന്ന് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തുവന്നിട്ടുണ്ട്. ഐടി മന്ത്രാലയം പ്രസിദ്ധീകരിച്ച 2021 ലെ ഐടി നിയമ ഭേദഗതിയിൽ ഏറെ ആശങ്കയുണ്ടെന്നും അത് ഒഴിവാക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയും (പി.ഐ.ബി) മറ്റ് സർക്കാർ അംഗീകൃത ഫാക്ട് ചെക്കിങ് ഏജൻസികളും വ്യാജമെന്ന് പറയുന്ന എല്ലാ വാർത്തകളും വിവരങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി. ഇത് വലിയ രീതിയിലുള്ള സെൻസറിങ്ങിലേക്ക് നയിച്ചേക്കുമെന്നും മാധ്യമങ്ങളുടെ വാമൂടിക്കെട്ടുന്നതിലേക്കും നയിച്ചേക്കുമെന്നും എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് ഐടി മന്ത്രാലയം ഐടി നിയമ ഭേദഗതിയുടെ പുതുക്കിയ ഡ്രാഫ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വാർത്തകൾ വ്യാജമാണെന്ന് നിശ്ചയിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റിന് അധികാരം നൽകുകയാണ് നിയമം. പിഐബി വ്യാജമെന്നും തെറ്റാണെന്നും പറയുന്ന വാർത്തകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കാനോ, അപ്ലോഡ് ചെയ്യാനോ, ഹോസ്റ്റ് ചെയ്യാനോ, പങ്കുവെക്കാനോ, സൂക്ഷിച്ചുവെക്കാനോ പാടില്ലെന്നും അതാത് പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കൾ അത് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഭേദഗതി നിർദേശിക്കുന്നു.
ഈ പുതിയ ഭേദഗതി മന്ത്രാലയം ഒഴിവാക്കണം. ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളുണ്ടാക്കുന്നതിന് മുമ്പ് മാധ്യമ കൂട്ടായ്മകളുമായും സ്ഥാപനങ്ങളുമായും മേഖലയിലെ മറ്റ് ബന്ധപ്പെട്ടവരുമായും മന്ത്രാലയം കൂടിയാലോചന നടത്തണം. മാധ്യമ സ്വാതന്ത്ര്യത്തെ വിലകുറച്ച് കാണരുത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
വ്യാജവാർത്തയേതെന്ന് തീരുമാനിക്കാനുള്ള പരമാധികാരം സർക്കാരിനാവരുത്. അത് മാധ്യമ സെൻസർഷിപ്പിന് വഴിവെക്കും. സർക്കാരിന് പ്രശ്നമെന്ന് തോന്നുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിന് ഓൺലൈൻ സേവനങ്ങളിൽ സമ്മർദ്ദം ചെലുത്താൻ പിഐബിക്കും മറ്റ് സർക്കാർ അംഗീകൃത ഏജൻസികൾക്കും ഇതുവഴി കൂടുതൽ അധികാരം ലഭിക്കും.
2021 മാർച്ചിൽ പുതിയ ഐടി നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ജുഡീഷ്യൽ ഇടപെടലില്ലാതെ തന്നെ സർക്കാരിന് വാർത്തകൾ ബ്ലോക്ക് ചെയ്യാനും നീക്കം ചെയ്യാനും മാറ്റം വരുത്താനും നിയമം അധികാരം നൽകുന്നുവെന്നാരോപിച്ച് ഗിൽഡ് ആശങ്ക ഉയർത്തിയിരുന്നു. ഇതിലെ പല വ്യവസ്ഥകളും ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്ക് മേൽ അകാരണമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കെൽപ്പുള്ളതാണെന്നാണെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ