ന്യൂഡൽഹി: ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായം തേടിയെന്ന കേസിൽ ന്യൂസ്‌ക്ലിക്ക് പോർട്ടൽ അധികൃതരെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങൾ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലില്ലെന്ന് ഡൽഹി ഹൈക്കോടതി. പോർട്ടലിന്റെ സ്ഥാപകൻ പ്രബീർ പുരകായസ്തയെയും എച്ച്.ആർ. മേധാവി അമിത് ചക്രവർത്തിയെയും റിമാൻഡ് ചെയ്യുന്നതിനുള്ള ഡൽഹി പൊലീസിന്റെ അപേക്ഷയിലാണ് അറസ്റ്റിനുള്ള കാരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

അറസ്റ്റിന്റെ സുതാര്യതയും നിയമസാധുതയും സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പറയുന്നതിന് വിരുദ്ധമായ കാര്യമാണിതെന്ന് ജസ്റ്റിസ് തുഷാർ റാവു ഗഡേല പറഞ്ഞു. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ഇരുവരുടെയും അപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച ഹൈക്കോടതി, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുന്നതിനിടെയാണ് ഈ പരാമർശം നടത്തിയത്.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി പുരകായസ്തക്കു വേണ്ടി പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസിനെ സമീപിച്ചതിനെ തുടർന്ന് പ്രാഥമിക വാദം കേട്ട ജസ്റ്റിസ് തുഷാർ റാവു ജെഡേലയാണ് സർക്കാർ നിലപാട് അറിയിക്കാൻ കേസ് മാറ്റിയത്. പൊലീസ് കസ്റ്റഡിയിലുള്ള കുറ്റാരോപിതരെ അതുവരെ വിട്ടയക്കണമെന്ന കപിൽ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണം പുതിയതല്ലെന്നും 2020ൽതന്നെ കോടതി അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയതാണെന്നും കപിൽ സിബൽ പറഞ്ഞു. അതു കണക്കിലെടുക്കാതെയും കുറ്റം എന്താണെന്ന് അറിയിക്കാതെയുമാണ് റെയ്ഡും അറസ്റ്റും നടത്തിയതെന്ന് അദ്ദേഹം വാദിച്ചു. കേസിൽ സർക്കാറിന്റെ നിലപാട് അറിയാൻ സാവകാശം നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

ഉടനടി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ല. അറസ്റ്റിനുശേഷം നാലുദിവസം കഴിഞ്ഞാണ് കുറ്റാരോപിതർ കോടതിയിൽ എത്തിയതെന്നും തുഷാർ മേത്ത പറഞ്ഞു. വ്യാഴാഴ്ച മാത്രമാണ് എഫ്.ഐ.ആർ പകർപ്പ് കിട്ടിയതെന്നും തൊട്ടടുത്തദിവസം കോടതിയെ സമീപിച്ചുവെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, കേസിൽ നിലപാട് അറിയിക്കാൻ സാവകാശം വേണമെന്ന വാദം സർക്കാർ അഭിഭാഷകൻ ആവർത്തിച്ചു. ശാരീരിക വൈകല്യമുള്ള അമിത് ചക്രവർത്തിയുടെ ആരോഗ്യ കാര്യത്തിൽ പൊലീസ് കരുതൽ കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം വിചിത്രമായ ആരോപണങ്ങളാണ് കേസിലെ എഫ്‌ഐആറിൽ ഉള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ-വിദേശവിനിമയ നിയന്ത്രണനിയമങ്ങൾ ലംഘിച്ച് ചൈനീസ് ടെലികോം കമ്പനികളായ ഷവോമി, വിവ എന്നിവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഷെൽ കമ്പനികളിലൂടെ ന്യൂസ് ക്ലിക്ക് വിദേശപണം കൈപ്പറ്റിയെന്ന് പൊലീസ് എഫ്.ഐ.ആറിൽ ആരോപിക്കുന്നു.

ചൈനീസ് കമ്പനികളുടെ ആനുകൂല്യങ്ങൾക്കുപകരമായി അവർക്കെതിരായ കേസുകളിൽ പ്രതിരോധം തീർക്കാൻ പുരകായസ്ത, ഭീമ കൊറേഗാവ് കേസിൽ വീട്ടുതടങ്കലിലായ ഗൗതം നവൽഖ, എഴുത്തുകാരി ഗീതാ ഹരിഹരൻ, അഭിഭാഷകൻ ഗൗതം ഭാട്ടിയ, യു.എസ്. വ്യവസായി നെവിൽ റോയ് സിംഘം തുടങ്ങിയവർ ഗൂഢാലോചന നടത്തി. സർക്കാരിനെതിരേ കർഷകരടക്കമുള്ള ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുന്നതിനും ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പും പൊരുത്തക്കേടുകളും ഉണ്ടാക്കുന്നതിനും ശ്രമിച്ചു. വിദേശഫണ്ട് സ്വരൂപിക്കാൻ വിവിധ കമ്പനികളുടെ ശൃംഖലയും സൃഷ്ടിച്ചു -എഫ്.ഐ.ആർ. കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്.ഐ.ആരിൽ ഉന്നയിക്കുന്നത്. കാശ്മീരിനെയും അരുണാചലിനെയും ചൈനയുടെ ഭാഗമാക്കി ഭൂപടം നിർമ്മിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുണ്ട്. ആരോപണങ്ങൾക്ക് ബലമേകുന്ന തെളിവൊന്നും എഫ്ഐആറിൽ ഉൾപ്പെടുത്താനും ഡൽഹി പൊലീസിനായിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രബീർ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്കുലറിസം എന്ന സംഘടനയുമായി ചേർന്നായിരുന്നു അട്ടിമറിനീക്കം. ബറ്റിനി റാവു, ദിലീപ് സിമിയോൺ, ദീപക് ദൊലാക്കിയ, ഹർഷ് കപൂർ, ജമാൽ കിദ്വായ്, അസിത ദാസ് എന്നിവരും പങ്കാളികളായി. കോവിഡ്കാലത്തെ സർക്കാർ ശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. നിരോധിത തീവ്രവാദ സംഘടനയോട് പ്രതികൾ അനുഭാവം പുലർത്തി'- എഫ്ഐആറിൽ ആരോപിക്കുന്നു.