- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി വിവേകാനന്ദന്‍ സമാധി ആയപ്പോള്‍ ഡോക്ടര്‍ വന്നു പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തു; അര്‍ബുദത്താല്‍ വിഷമിച്ചിരുന്ന ശ്രീനാരായണ ഗുരുവിനും വൈദ്യസഹായമുണ്ടായി; ഡോക്ടര്‍മാര്‍ തൊട്ടാല്‍ അശുദ്ധമാവുമെന്ന സങ്കല്‍പ്പവും ഇല്ല; നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി ശുദ്ധ തട്ടിപ്പോ?
നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി ശുദ്ധ തട്ടിപ്പോ?
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധി എന്ന് പറയപ്പെടുന്ന മരണം, ദേശീയ മാധ്യമങ്ങള്‍ വരെ ചര്‍ച്ചചെയ്യുന്ന വന്‍ വിവാദമായി മാറിയിരിക്കയാണ്. ഹിന്ദു ധര്‍മ്മത്തെ മുറുകെ പിടിച്ചാണ്, മക്കളടക്കമുള്ള ബന്ധുക്കള്‍ പിതാവിനെ കല്ലറയില്‍ ആരുമറിയാതെ അടക്കിയതിനെ ന്യായീകരിക്കുന്നത്. എന്നാല്‍ ഷുഗറിനും പ്രഷറിനുമുള്ള മരന്ന് കഴിച്ചാണ്, തലേന്നുവരെ അദ്ദേഹം നിന്നതെന്നും, ഈ സമാധിയില്‍ സംശയം ഉണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അപ്പോള്‍ സനാതന ധര്‍മ്മവും ഹിന്ദുമതാചാരവുമൊക്കെ ഉയര്‍ത്തിയാണ് ഗോപന്‍സ്വാമിയുടെ മക്കളും മറ്റും കല്ലറ തുറക്കാന്‍ കഴിയില്ല എന്നൊക്കെ പറയുന്നത്.
എന്നാല്‍ ആരെയും അറിയിക്കാതെ നേരെപോയി സമാധിയില്‍ ഇരിക്കുന്ന രീതി ഹിന്ദു ധര്‍മ്മത്തില്‍ ഇല്ല എന്നാണ് വാസ്തവം. സ്വാമി വിവേകാനന്ദന്‍ തൊട്ട് ശ്രീനാരായണ ഗുരുവരെയുള്ളവര്‍ ഡോക്ടര്‍മാരുടെ സേവനം തേടുകയും, അവരുടെ മൃതദേഹം വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്താണ്. ഡോക്ടര്‍മാര്‍ തൊട്ടാല്‍ അശുദ്ധമാവുമെന്ന സങ്കല്‍പ്പം ഒന്നും തന്നെ ഇവിടെ ഇല്ല എന്നതാണ് വാസ്തവം.
വിവേകാനന്ദന്‍ മുതല്‍ ഗുരുവരെ
ഇന്ത്യയുടെ ആത്മീയ ചൈതന്യത്തെ, ലോകത്തെ അറിയിച്ച സാക്ഷാല്‍ സ്വാമി വിവേകാനന്ദന്‍ സമാധി ആയപ്പപ്പോള്‍ ഡോക്ടര്‍ വന്നു പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്ത ശേഷം ആണ് ദഹിപ്പിച്ചത്. വിവേകാനന്ദ സ്വാമികളെ സമാധി ഇരുത്തുക ആയിരുന്നില്ല, ചിതയില്‍ ദഹിപ്പിക്കുക ആയിരുന്നു. സമാധി എന്താണെന്നു അറിയാന്‍ വേണ്ടിയാണ് കോളേജ് വിദ്യാര്‍ത്ഥി ആയ നരേന്ദ്ര നാഥ ദത്ത ശ്രീരാമകൃഷ്ണ പരമ ഹംസരെ കാണാന്‍ പോയത്. സ്വാമികള്‍ പറഞ്ഞത് 'ഞാന്‍ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ എന്റെ ദേഹത്ത് ഒരു കനല്‍ക്കട്ട എടുത്ത് വച്ചാല്‍ പോലും ഞാന്‍ അറിയില്ല എന്നാണ്. ഏതെങ്കിലും ഒന്നിനെ പൂര്‍ണമായി അറിയാന്‍ നിങ്ങള്‍ ലോകത്തെ വിസ്മരിക്കണം. അതാണ് അദ്ദേഹം ഉദ്ദേശിച്ചത്. അറിഞ്ഞതിനു ശേഷം നിങ്ങള്‍ക്ക് ലോകത്തിലേക്ക് തിരിച്ചു വരാം. ' -അതാണ് സമാധി എന്ന് യഥാര്‍ത്ഥത്തില്‍ പറയുന്നത് എന്നാണ് ആത്മീയപക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ സന്യാസിമാരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ സമാധി ആയി എന്ന് പൊതുവെ പറയാറുള്ളത്.
ഇന്ത്യയിലെ പ്രമുഖമായ പല സന്യാസ മഠങ്ങളിലും ഡോക്ടര്‍മാരുടെ സേവനമുണ്ട്. അല്ലാതെ ആരെയും അറിയിക്കാതെ കല്ലറയില്‍ വെക്കുന്നത്, കേട്ടുകേള്‍വിയില്ലാത്തതാണെന്നാണ്, ഈ മേഖലയെക്കുറിച്ച് പഠിച്ചവര്‍ പറയുന്നത്. പോസ്ട്രേറ്റ് കാന്‍സര്‍ കൊണ്ട് എറെ ബുദ്ധിമുട്ടിയായിരുന്നു, ശ്രീനാരായണ ഗുരുവിന്റെ മരണം. മര്യാദയ്ക്ക് ഒന്ന് കുത്തിയിരിക്കാന്‍ പോലും പറ്റാതെ, മൂത്ര തടസ്സം കൊണ്ട് ബുദ്ധിമുട്ടി വേദന കൊണ്ട് ഉറക്കെ കരയുന്ന ശ്രീ നാരായണ ഗുരുവിന്റെ അവസാന നാളുകളെപ്പറ്റി, കുറ്റിപ്പുഴ കൃഷ്ണ പിള്ള എഴുതിയിട്ടുണ്ട്. ഡോക്ടറുടെ സേവനം അവസാന നിമിഷം വരെ ഗുരുദേവന് ഒപ്പമുണ്ടായിരുന്നു. യാതൊരു അസുഖവുമില്ലാതെ ജീവിക്കാന്‍ കഴിയും എന്നൊക്കെ പറയാറുണ്ടെങ്കിലും, പല ഋഷിവര്യന്‍മാരും, യോഗാചാര്യന്‍മ്മാരും അര്‍ബുദം വന്ന് കഷ്ടപ്പെട്ടാണ് മരിച്ചത്. ഗുരു നിത്യചൈതന്യയതി ഭക്ഷ്യവിഷബാധയുണ്ടായി മരണാസന്നനായിരുന്നു. അവസാനകാലത്ത് സ്ട്രോക്കും വന്നു. അദ്ദേഹവും ആധുനിക ചികിത്സയോട് വിമുഖത കാട്ടിയിട്ടില്ല.
നെയ്യാറ്റിന്‍കരയിലേത് തട്ടിപ്പ്?
ആ രീതിയില്‍ നോക്കുമ്പോള്‍, നെയ്യാറ്റിന്‍കരയിലേത് വെറും തട്ടിപ്പ് മാത്രമാണ്. മരണവിവരം ആരെയും അറിയിക്കാതെ കല്ലറയില്‍ അടക്കുന്നതല്ല സമാധി. മാത്രമല്ല, പൂര്‍ണ്ണമായ സന്യാസ ദീക്ഷ സ്വീകരിച്ച് സര്‍വസംഗ പരിത്യാഗിയായിട്ടൊന്നുമല്ല ഗോപന്‍ സ്വാമി ജീവിച്ചത്. അതിയന്നൂര്‍ കാവുവിളാകത്ത് ഗോപന്‍ സ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായാണ്. പിന്നീട് ചുമട്ടുതൊഴിലാളിയുമായി. ആത്മീയതയുടെ വഴിയിലായതോടെയാണ് ക്ഷേത്രം നിര്‍മിച്ച് പൂജ തുടങ്ങിയത്. ഗോപന്‍സ്വാമിയാകുന്നതിനു മുന്‍പ് മണിയനെന്ന പേരായിരുന്നു.
ആറാലുംമൂട്ടില്‍ ബി.എം.എസ്. യൂണിയനിലായിരുന്നു. നേരത്തേ എ.ഐ.ടി.യു.സി. യൂണിയനിലായിരുന്നു. ആറാലുംമൂട് ചന്തയ്ക്കു സമീപമായിരുന്നു താമസിച്ചിരുന്നത്. ഇരുപത് വര്‍ഷത്തിനു മുന്‍പാണ് കാവുവിളയില്‍ സ്ഥലം വാങ്ങി വീടുവെച്ച് താമസമാക്കിയത്. പിന്നീട് വീടിനോടുചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രം നിര്‍മിച്ചു. ക്ഷേത്രത്തിനു പുറത്തായി അഞ്ച് വര്‍ഷം മുന്‍പ് സമാധിപീഠവും ഒരുക്കിയിരുന്നു.
ഗോപന്‍സ്വാമിയുടെ മൂത്ത മകന്‍ നേരത്തേ മരിച്ചു. പിന്നെയുള്ള രണ്ട് ആണ്‍മക്കളില്‍ ഇളയ മകന്‍ അച്ഛനൊപ്പം പൂജകളില്‍ പങ്കാളിയായി. രക്താതിസമ്മര്‍ദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ഗോപന്‍സ്വാമി തുടര്‍ന്നത്. ഏതാനും മാസങ്ങളായി ഗോപന്‍സ്വാമി പുറത്തിറങ്ങാനാവാതെ കിടപ്പിലായിരുന്നു. സമാധിയാകുന്നതിന് മൂന്നുദിവസം മുന്‍പ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും മരണം, മറ്റുള്ളവരെ അറിയിക്കാനോ, ഡോക്ടറെക്കൊണ്ട് സര്‍ട്ടിഫൈ ചെയ്യാനോ ശ്രമിക്കാതെ, കല്ലറക്കുള്ളില്‍ അടച്ചതാണ് ഒരുപാട് സംശയങ്ങളും ദുരൂഹതകളും ഉയര്‍ത്തുന്നത്.