തിരുവനന്തപുരം: ആശ്രിത നിയമനം കടുപ്പിക്കാനുള്ള സർക്കാറിന്റെ കരട് നിർദ്ദേശത്തെ സർവിസ് സംഘടനകൾ എതിർക്കുമ്പോൾ ആ തീരുമാനം നടപ്പാക്കില്ല. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ സംഘടനകൾ ഇക്കാര്യം വ്യക്തമാക്കി. ഭരണാനുകൂല സംഘടനയായ എൻ.ജി.ഒ യൂനിയൻ അടക്കം സംഘടനകൾ ആശ്രിത നിയമനത്തിൽനിന്ന് 13 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കാനുള്ള നീക്കത്തെ എതിർക്കുമ്പോൾ ആ തീരുമാനവുമായി ഇനി സർക്കാരും മുമ്പോട്ട് പോകില്ല.

ആശ്രിത നിയമനം വേണമെങ്കിൽ മരണസമയത്ത് ആശ്രിതന് 13 വയസ്സുണ്ടാകണമെന്നാണ് കരട് നിർദ്ദേശങ്ങളിലുള്ളത്. സമാശ്വാസ തൊഴിൽദാന പദ്ധതിയായ ആശ്രിത നിയമനത്തെ അട്ടിമറിക്കുന്നതാണ് പുതിയ കരട് നിർദ്ദേശമെന്ന് എൻ.ജി.ഒ അസോസിയേഷനും കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും ചൂണ്ടിക്കാട്ടി. കരട് ശിപാർശ അംഗീകരിക്കാനാവില്ലെന്ന് ജോയന്റ് കൗൺസിലും നിലപാടെടുത്തു.

13 വയസ്സിന് താഴെയാണ് ആശ്രിതന് പ്രായമെങ്കിൽ സമാശ്വാസ ധനസഹായത്തിന് മാത്രമേ അർഹതയുണ്ടാവൂ എന്ന നിർദ്ദേശം അംഗീകരിക്കില്ല. സമാശ്വാസ തൊഴിൽദാന പദ്ധതിക്ക് പകരമാകില്ല സമാശ്വാസ ധനസഹായമെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ആശ്രിതനിയമനം വേണോ അതോ സമാശ്വാസ ധനസഹായം വേണോ എന്ന ഓപ്ഷൻ ഇതിനുള്ള അപേക്ഷാ ഫോറത്തിൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശവും യോഗത്തിലുയർന്നു. ആശ്രിത നിയമനത്തിനായി നിലവിൽ അപേക്ഷിച്ചവരെ അദാലത്തിന് ക്ഷണിച്ച് ആവശ്യമായവർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം നൽകാമെന്ന വ്യവസ്ഥയെയും പ്രതിപക്ഷ സർവിസ് സംഘടനകൾ എതിർത്തു.

അപേക്ഷിച്ചവരെ അദാലത്തിന് ക്ഷണിക്കാതെ ഇവർക്ക് സമയബന്ധിതമായി തൊഴിൽ ലഭ്യമാക്കണം. സർവിസ് സംഘടനകളുടെ നിർദ്ദേശങ്ങൾ രണ്ടാഴ്ചക്കകം എഴുതിനൽകണമെന്നും ഇവ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചു. കുടുംബവരുമാനം എട്ട് ലക്ഷം രൂപയിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ആശ്രിത നിയമനത്തിനും സമാശ്വാസ ധനസഹായത്തിനും അർഹതയുണ്ടാവൂവെന്നാണ് കരട് നിർദ്ദേശങ്ങളിലുള്ളത്. ഇതിനേയും സംഘടനകൾ എതിർക്കുകായണ്. ആശ്രിത നിയമനത്തിന്റെ ഘടന മാറ്റുന്നതിനു മുന്നോടിയായി ഇറക്കിയ കരട് ഉത്തരവിലാണ് വിവാദ വ്യവസ്ഥകൾ ഉള്ളത്.

2023 ജനുവരി 10നു കരട് ഉത്തരവ് ഇറക്കിയിരുന്നു. ജീവനക്കാരൻ മരിച്ച് ഒരു വർഷത്തിനകം ആശ്രിതർ നിയമനം നേടിയിരിക്കണമെന്നും അല്ലെങ്കിൽ ധനസഹായമായി 10 ലക്ഷം സ്വീകരിക്കണമെന്നുമാണ് അന്നത്തെ ഉത്തരവിൽ ഉണ്ടായിരുന്നത്. സർവീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്നു കരടു പിൻവലിച്ചിരുന്നു. ഇപ്പോഴത്തെ കരട് അനുസരിച്ചു ജീവനക്കാരൻ മരിക്കുന്ന സമയത്ത് അർഹരായ ആശ്രിതർക്കു 13 വയസ്സു കഴിഞ്ഞിരിക്കണം. ഈ പ്രായത്തിനു താഴെയാണെങ്കിൽ സമാശ്വാസ ധനസഹായം നൽകും.

ആശ്രിത നിയമനത്തിന് അർഹത ഉണ്ടെങ്കിലും അതു സ്വീകരിക്കാത്തവർക്കും ധനസഹായത്തിന് അപേക്ഷിക്കാം. ആശ്രിത നിയമനത്തിനും ധനസഹായത്തിനും കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ആയിരിക്കണം. ധനസഹായമായി എത്ര തുക നൽകുമെന്നു പിന്നീടു തീരുമാനിക്കുമെന്നാണ് കരട് പറയുന്നത്.

കരട് ഉത്തരവിലെ മറ്റു വ്യവസ്ഥകൾ

മരണമടഞ്ഞ ജീവനക്കാരൻ അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിക്ക് ആശ്രിത നിയമനത്തിന് അപേക്ഷ നൽകണം.
ന്യൂനതകൾ പരിഹരിച്ചു 15 ദിവസത്തിനകം അപേക്ഷ സർക്കാരിനു നൽകണം.
ക്ലാസ് 3, 4, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തികകൾ ഉൾപ്പെടെയുള്ള എൻട്രി കേഡറുകളിലായിരിക്കും ആശ്രിത നിയമനം.
യൂണിഫോം തസ്തികകളിൽ വർഷം 10% ആശ്രിത നിയമനത്തിനു നീക്കി വയ്ക്കും.
ആശ്രിതർക്കു പരമാവധി 5 തസ്തികകൾ വരെ തിരഞ്ഞെടുക്കാം.
ഊഴത്തിന് അനുസരിച്ചു ലഭിക്കുന്ന തസ്തികയിൽ ആശ്രിതർ നിയമനം സ്വീകരിക്കണം.
ഓരോ പത്താമത്തെ ഊഴവും 50 വയസ്സു കഴിഞ്ഞ ആശ്രിതർക്കു മാറ്റി വയ്ക്കും.