തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധികൾക്ക് ഇടയാക്കുന്നത് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. കേരളത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിന് വലിയ തുക തന്നെ ചെലവാകും എന്നതു കൊണ്ട് ദേശീയപാത അതോരിറ്റിയും പലപ്പോഴും തർക്കങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇടക്കാലം കൊണ്ട് സ്ഥലം ഏറ്റെടുക്കലിന് പണം മുടക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് മുഖ്യമന്ത്ര പിണറായി വിജയനും വ്യക്തമാക്കുകയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിൽ പ്രതിസന്ധി ഉടലെടുത്തോ എന്ന സംശയം ഉയർന്നിട്ടുണ്ട.

ദേശീയപാതാ അഥോറിറ്റി നിർമ്മാണ ടെൻഡർ ക്ഷണിച്ച രണ്ടുപദ്ധതികളിൽ സ്ഥലമേറ്റെടുപ്പ് കരാറിൽ സംസ്ഥാനം ഒപ്പുവെച്ചിരുന്നില്ല. തിരുവനന്തപുരം ഔട്ടർ റിങ്റോഡ്, കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത എന്നിവയുടെ സ്ഥലമേറ്റെടുപ്പാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. സ്ഥലമേറ്റെടുപ്പിന് മുടക്കേണ്ട തുകയുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. കേരളത്തിൽ സ്ഥലത്തിന് കൂടിയവിലയാണെന്നും നിർമ്മാണത്തിന്റെ ഇരട്ടിത്തുക സ്ഥലമേറ്റെടുപ്പിന് നൽകണമെന്നുമാണ് ദേശീയപാതാ അഥോറിറ്റിയുടെ നിലപാട്. ഭാവിപദ്ധതികൾക്ക് 25 ശതമാനം തുക വഹിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്.

ഔട്ടർ റിങ് റോഡ് സ്ഥലമേറ്റെടുപ്പിന് 50 ശതമാനം സംസ്ഥാനവും ബാക്കി ദേശീയപാതാ അഥോറിറ്റിയും നൽകണമെന്നാണ് വ്യവസ്ഥ. ചെങ്കോട്ട ഗ്രീൻഫീൽഡിന് ദേശീയപാതാവിഭാഗവും സംസ്ഥാനവും 75:25 എന്ന അനുപാതത്തിൽ ചെലവിടണം. റിങ് റോഡിനും ചെങ്കോട്ട ഗ്രീൻഫീൽഡിനും ലേലനടപടികൾ ദേശീയപാതാ അഥോറിറ്റി മാസങ്ങൾക്ക് മുമ്പേ തുടങ്ങിയിരുന്നു.

ഔട്ടർ റിങ് റോഡിന് 2967 കോടിയും ചെങ്കോട്ട പാതയ്ക്ക് 1192.8 കോടിയുമാണ് നിർമ്മാണച്ചെലവ്. റിങ് റോഡിന് 100.87 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനവുമായി. മൂന്ന് വില്ലേജുകളിലെ ഹിയറിങ്ങും പൂർത്തിയായി. രണ്ട് വില്ലേജുകളിലേത് 18-ന് ആരംഭിക്കും. ചെങ്കോട്ട പാതയുടെ ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് നടപടികളും ഹിയറിങ്ങും പുരോഗമിക്കുകയാണ്.

കേരളത്തിൽ ദേശീയപാത വികസിപ്പിക്കുമ്പോൾ ദേശീയ ശരാശരിയെക്കാൾ 17 ഇരട്ടി ചെലവ് വരുമെന്നാണ് കേന്ദ്രം പറയുന്നത്. ഔട്ടർ റിങ് റോഡിന്റെ സ്ഥലമേറ്റെടുപ്പിന് 50 ശതമാനം തുക സംസ്ഥാനവും 50 ശതമാനം ദേശീയപാതാ അഥോറിറ്റിയും വഹിക്കണം. സർവീസ് റോഡ് സംസ്ഥാനം നിർമ്മിക്കണം. നിർമ്മാണവസ്തുക്കളുടെ ജി.എസ്.ടി. വിഹിതവും മണ്ണിന്റെയും കല്ലിന്റെയും റോയൽറ്റിയും ഒഴിവാക്കണം. നിലവിൽ തീരുമാനമെടുക്കാതെ, സംസ്ഥാന ധന, നിയമവകുപ്പുകളുടെ പക്കലാണ് ഇതിന്റെ ഫയലെന്ന് ദേശീയപാതാ അഥോറിറ്റി അധികൃതർ പറഞ്ഞു.