ന്യൂഡൽഹി: ഡൽഹിയിലും പഞ്ചാബിലും അടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ നീക്കങ്ങൾ ശക്തമാക്കി ബിജെപി. മദ്യനയക്കേസിൽ അറസ്റ്റിലായി അഴിക്കുള്ളിൽ കഴിയുന്ന കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് പറഞ്ഞതോടെയാണ് മറ്റൊരു കേസിൽ കെജ്രിവാളിനെതിരെ നീക്കം ശക്തമാക്കിയത്.

നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൽനിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണഏജൻസി (എൻ.ഐ.എ.)യുടെ അന്വേഷണത്തിന് നിർദ്ദേശിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന. ഡൽഹിയിൽ അടക്കം തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധേയമാണ്.

ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്റെ സംഘടനയിൽനിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറൽ സെക്രട്ടറി അഷൂ മൊംഗിയ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എൻ.ഐ.എ. അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുള്ളത്.

2014 മുതൽ 2022 വരെയുള്ള കാലത്ത് വിദേശത്തുള്ള ഖലിസ്താൻ സംഘടനകളിൽനിന്ന് ആം ആദ്മി പാർട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ പന്നൂൻ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവർണർക്കുള്ള പരാതിക്കൊപ്പം ചേർത്തിരുന്നു. 1993-ലെ ഡൽഹി ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന ഖലിസ്താൻ ഭീകരവാദി ദേവീന്ദർപാർ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്രിവാൾ ഉറപ്പുകൊടുത്തെന്നും പന്നൂൻ വീഡിയോയിൽ പറഞ്ഞിരുന്നു.

മുൻ എ.എ.പി. പ്രവർത്തകനായ ഡോ. മുനിഷ് കുമാർ സിങ് റെയ്സാദയുടെ എക്സ് പോസ്റ്റും പാരാതിക്കൊപ്പമുണ്ടായിരുന്നു. ന്യൂയോർക്കിൽവെച്ച് കെജ്രിവാളും സിഖ് നേതാക്കളും ചർച്ച നടത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളുള്ള പോസ്റ്റാണിത്. ഭുള്ളറിന്റെ മോചനത്തിനായി സർക്കാർ ഇടപെട്ടുവെന്ന് കാണിച്ച്, ജന്തർമന്തറിൽ സമരമിരുന്ന ഇക്‌ബാൽ സിങ്ങിന് കെജ്രിവാൾ നൽകിയെന്ന് അവകാശപ്പെടുന്ന കത്തും ഇതിനൊപ്പമുണ്ടായിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയ സെക്രട്ടറിക്ക് കൈമാറി.

പരാതിയുടെ ഭാഗമായി കൈമാറിയ ഇലക്ട്രോണിക് തെളിവുകളിൽ ഫൊറൻസിക് പരിശോധനയടക്കം വി.കെ. സക്സേന ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രാലയം എൻ.ഐ.എ. അന്വേഷണത്തിന് റഫർ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്കുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറിയാണ് കത്ത് നൽകിയത്.

മദ്യനയക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ സിറ്റിംഗിലാണ് വ്യക്തമാക്കിയത്. കേസിൽ വാദം നീണ്ടുപോകുന്നതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇടക്കാല ജാമ്യത്തിന്റെ വിഷയത്തിലേക്ക് കടക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇടക്കാലജാമ്യം സംബന്ധിച്ച വാദത്തിന് ചൊവ്വാഴ്ച തയ്യാറാവാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.

ഇടക്കാലജാമ്യം സംബന്ധിച്ച സുപ്രീംകോടതിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന് ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാട്ടി. എന്നാൽ, ഇടക്കാല ജാമ്യം നൽകുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷമേ തീരുമാനമെടുക്കൂവെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കെജ്രിവാളിന്റെ പദവി വെച്ച്് (മുഖ്യമന്ത്രി) അദ്ദേഹത്തിന് എന്തെങ്കിലും ഫയലിൽ ഒപ്പുവെക്കാനാകുമോ എന്നതും പരിശോധിക്കും.

മാർച്ച് 21-ന് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാൾ ഇതുവരെ ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല. ഒരു തെളിവുമില്ലാതെ, മാപ്പുസാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽമാത്രം തന്നെ അറസ്റ്റുചെയ്ത ഇ.ഡി.യുടെ നടപടി നിയമവിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ വാദം. അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കെജ്രിവാളിനെതിരേ തെളിവുണ്ടെന്നും ഒമ്പതുതവണ സമൻസ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ലെന്നും ഇ.ഡി. പറഞ്ഞു.

മാർച്ച് 16-ന് അയച്ച സമൻസിൽ 25-ന് ഹാജരാകാനിരിക്കേയാണ് കെജ്രിവാളിനെ അറസ്റ്റുചെയ്തതെന്ന് അദ്ദേഹത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി വെള്ളിയാഴ്ച അറിയിച്ചു. മാർച്ച് 16 വരെ പ്രതിയല്ലാത്ത കെജ്രിവാളിനെ പിന്നീട് പെട്ടെന്ന് അറസ്റ്റുചെയ്യാൻ എന്തുണ്ടായതെന്നും സിംഘ്വി ചോദിച്ചു. പാർട്ടി തെറ്റുചെയ്‌തെങ്കിൽപ്പോലും കെജ്രിവാളിനെ അറസ്റ്റുചെയ്യേണ്ടതില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, പാർട്ടി തെറ്റുചെയ്താൽ നയിക്കുന്നയാൾക്ക് ബാധ്യതയില്ലേയെന്ന് കോടതി ചോദിച്ചു.