അമ്പലപ്പുഴ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയപ്പോൾ മരിച്ച മലയാളി സൈക്കിൾ പോളോ താരം പത്തുവയസുകാരി നിദ ഫാത്തിമയ്ക്ക് വിട ചൊല്ലിയിട്ട് മൂന്നുമാസമായെങ്കിലും, മരണത്തിന് പിന്നിലെ ചില ചോദ്യങ്ങൾ അവശേഷിക്കുകയാണ്. മകളുടെ മരണകാരണം അറിയാനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിന്റെ വേദന പങ്കുവെച്ച് പിതാവ് ഷിഹാബുദ്ദീന്റെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.

ഷിഹാബുദ്ദീന്റെ കുറിപ്പ്:

അത്യന്തം വ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാൻ പോസ്റ്റ് ചെയ്യുന്നത്. ഒരുപക്ഷേ പ്രിയപ്പെട്ട മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേദന ആകാം..

വളരെ ഏറെ അഗ്രഹത്തോട് കൂടി കേരളത്തിനുവേണ്ടി സൈക്കിൾ പോളോ കളിക്കുവാൻ നാഗ്പൂരിലെക്ക് പോയ എന്റെ പൊന്നോമന മകൾ ഫാത്തിമ നിദ മത്സരത്തിൽ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരം ആണ് എത്തിയത്. എന്റെ പൊന്നോമനയുടെ വേർപാട് ഉണ്ടാക്കിയ മുറിവിൽനിന്നും അവളുടെ ഉമ്മി ഇതുവരെ മുക്ത ആയിട്ടില്ല.

മകളെ കുറിച്ചുള്ള ഓർമകളിൽ കഴിയുന്ന എന്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകുവാൻ കൂടി ഭയമാണ്. നീതിക്ക് വേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല, എന്റെയും എന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേർന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.

ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പ്രുറപ്പെട്ട എന്റെ മകൾ മരിക്കുവാൻ ഉണ്ടായ യഥാർത്ഥ കാരണം അറിയുവാൻ എന്റെ മനസ് വെമ്പൽ കൊള്ളുകയാണ്.. എന്റെ മകൾ മരിച്ചിട്ട് 3 മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തിൽ ആക്കുന്നു.

എന്റെ മകളുടെ യഥാർത്ഥ മരണകാരണം അറിയുവാൻ ഞാൻ എവിടെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ല..സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കുവാൻ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ ,
ഷിഹാബുദീൻ

ഡിസംബർ 22നാണ് നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രിയിലാണ് അമ്പലപ്പുഴ വടക്ക് ഏഴരപീടികയിൽ സുഹറ മൻസിലിൽ ഷിഹാബുദ്ദീന്റെ മകൾ നിദ ഫാത്തിമ മരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കാൻ പരിശീലകരും മറ്റ് കളിക്കാരോടും ഒപ്പമാണ് നിദ നാഗ്പുരിൽ എത്തുന്നത്.

22ന് രാവിലെ വയറുവേദനയും തുടർന്നുണ്ടായ ഛർദിയും കാരണമാണ് നിദയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെവെച്ച് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായ നിദയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്നായിരുന്നു മരണം.

നാഗ്പുരിലെ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയത്. എന്നാൽ, മൂന്ന് മാസം പിന്നിട്ടിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിനുശേഷം അമ്മ അൻസില ഇനിയും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാനാകാതെ ശിഹാബുദ്ദീനും വീട്ടിൽ തന്നെയാണ്.

കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരിൽ നിദ ഫാത്തിമയുടെ ജീവനെടുത്തതെന്്‌ന് ആരോപണം ഉയർന്നിരുന്നു. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. സ്പോട്സ് കൗൺസിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരിൽ മത്സരിച്ചിരുന്നു. അസോസിയേഷനിലെ അധികാര വടംവലിയാണ് ഇതിനെല്ലാം കാരണം.

നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്റെ 24 താരങ്ങൾ നാഗ്പൂരിലെത്തിയത് കേരള സ്പോട്സ് കൗൺസിലിന്റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമായിരുന്നു. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ്. ഇതിന്റെ പേരിലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്. എന്നാൽ നേരത്തെ തന്നെ ഈ സംഘടനയ്ക്ക് അംഗീകാരമില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ടീം യാത്രയായത്.

താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യൻഷിപ് സംഘടിപ്പിച്ച ദേശീയ സൈക്കിൾ പോളോ ഫെഡറേഷനെതിരെയും ചികിത്സപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ഷിഹാബുദ്ദീൻ പൊലീസിൽ പരാതി നൽകിയിരുന്നു.