ആലപ്പുഴ:ഛർദ്ദിയെ തുടർന്ന് അവശത അനുഭവപ്പെട്ട കുഞ്ഞ് നിദയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഏറിയാൽ ഒരു ട്രിപ്പിടുന്ന സമയം..അത്രമാത്രമായിരുന്നു നിദയുടെ സഹ കളിക്കാർ പ്രതീക്ഷിച്ചിരുന്നത്.അവർക്കിടയിൽ പലർക്കും ശരീരത്തിന് അസ്വസ്തതകൾ ഉണ്ടായിരുന്നെങ്കിലും അവർ അന്നും മൈതാനത്തിറങ്ങുകയായിരുന്നു.എന്നാൽ ആ സമയത്ത് ആശുപത്രിയിൽ നിദ ഫാത്തിമ മരണത്തിനു കീഴടങ്ങുകയായിരുന്നു എന്നവർ അറിഞ്ഞില്ല.അതറിയാതെ മൈതാനത്തെ ഫോട്ടോകൾ അവർ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇടുന്നുമുണ്ടായിരുന്നു.അതിന് ശേഷമെത്തിയ നിദയുടെ വിയോഗ വാർത്ത ടീമിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി.

അക്ഷരാർത്ഥത്തിൽ ദേശീയ-സംസ്ഥാന സൈക്കിൾ പോളോ ഫെഡറേഷനുകൾ തമ്മിലുള്ള പടല പിണക്കങ്ങളുടെ ഇരയായി മാറുകയായിരുന്നു നിദ ഫാത്തിമ എന്ന് തന്നെ പറയാം.സൈക്കിൾ പോളോയ്ക്കു കേരളത്തിൽ രണ്ടു സംഘടനകളുണ്ട്.കേരള സൈക്കിൾ പോളോ അസോസിയേഷനാണ് (കെ.സിപിഎ.) സ്പോർട്‌സ് കൗൺസിൽ അംഗീകാരമുള്ളത്. ഏതാനുംവർഷംമുമ്പ് ദേശീയ ഫെഡറേഷനുമായുണ്ടായ തർക്കത്തെത്തുടർന്ന് അവരുടെ നേതൃത്വത്തിൽ ഇവിടെ സൈക്കിൾപോളോ അസോസിയേഷൻ ഓഫ് കേരള എന്ന മറ്റൊരു സംഘടനയുണ്ടാക്കി. അതുകൊണ്ടുതന്നെ ദേശീയ മത്സരങ്ങൾക്ക് അവരുടെ ടീമാണു മത്സരിക്കുക.കോടതിവിധി വാങ്ങിയാണ് കെ.സിപിഎ. പോകാറുള്ളത്.

ഇത്തവണയും അങ്ങനെയാണ് ടീമിനെ അയച്ചതെന്നു സൈക്കിൾപോളോ ടീമിന്റെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ പി. ശിവകുമാർ മാതൃഭൂമിയോടു പറഞ്ഞു. ഈ ടീമിന്റെ ഭാഗമായിരുന്നു നിദ ഫാത്തിമ.എന്നാൽ ടീം അവിടെ എത്തിയപ്പോൾ താമസസൗകര്യം നൽകാൻ സംഘാടകർ തയ്യാറായില്ലെന്ന് ശിവകുമാർ ആരോപിച്ചു.30 പേരടങ്ങുന്ന സംഘത്തിന് പെട്ടെന്ന് ഒരിടത്തു താമസ സൗകര്യംകിട്ടാൻ പ്രയാസമായതിനാൽ ഒരു സംഘടനയുടെ ഓഫീസും മുറികളും ഉപയോഗിക്കുകയായിരുന്നു.

ടീമിന് നേരിടേണ്ടി വന്ന അവഗണനയുടെ വിവരം പി.ടി. ഉഷ എംപി.യെയും അറിയിച്ചിരുന്നു.വ്യാഴാഴ്ച രാജ്യസഭയിലെത്തുമ്പോൾ സ്പോർട്‌സ് മന്ത്രിയെക്കണ്ട് വിവരം ധരിപ്പിക്കാമെന്നും ആവശ്യമായ നടപടിയെടുക്കാമെന്നും ഉഷ വാഗ്ദാനം ചെയ്തിരുന്നു.വ്യാഴാഴ്ച രാവിലെ ചെറിയ അസ്വസ്ഥത തോന്നിയതോടെ മറ്റു കുട്ടികളെ ഗ്രൗണ്ടിലേക്കയച്ച് രണ്ടു കോച്ചുമാർ നിദയെ ആശുപത്രിയിലേക്കു കൊണ്ടുപോയി.തുടർന്നാണ് സ്ഥിതി വഷളായതും മരണത്തിനു കീഴടങ്ങിയതും. 25-നാണ് ടൂർണമെന്റ് സമാപിക്കുന്നത്.

വിമാനത്താവളത്തിലിരുന്നു കൊണ്ട് മകളുടെ മരണവാർത്ത കാണേണ്ടിവന്ന ഒരച്ഛന്റെ വേദനയും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.മകൾക്കു സുഖമില്ലെന്നറിഞ്ഞ് നാഗ്പുരിലേക്കു പുറപ്പെട്ടതാണ് ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂൾ ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീൻ.അത്യാസന്ന നിലയിലാണെന്നാണ് നാഗ്പുരിൽനിന്നു ഫോൺ വന്നത്.

സ്‌കൂൾ ബസിൽ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു വിളിയെത്തിയത്.തുടർന്ന് തിരക്കിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വിമാനം കാത്തിരിക്കുമ്പോൾ ടി.വി. യിൽ ആ ബ്രേക്കിങ് ന്യൂസ് ഷിഹാബ് കണ്ടു. പൊന്നുമോൾ ഇനിയില്ലെന്നറിഞ്ഞ് ആ പിതാവ് പൊട്ടിക്കരഞ്ഞു. മറ്റു യാത്രക്കാരും ആ കാഴ്ചകണ്ട് കണ്ണീരണിഞ്ഞു.ആ സമയം ഇതൊന്നുമറിയാതെ വീട്ടിൽ ടി.വി. കാണുകയായിരുന്നു നിദയുടെ മാതാവ് അൻസിലയും സഹോദരൻ മുഹമ്മദ് നബീലും. ചാനൽ മാറ്റുന്നതിനിടെയാണ് അവർ മരണവിവരം അറിഞ്ഞത്. അതോടെ വീട്ടിലും പൊട്ടിക്കരച്ചിലായി.

സ്‌കൂളിലെ യുട്ഊബർ കൂടിയായിരുന്നു നിദ.ഏറെ പ്രതീക്ഷയോടെയാണ് അവൾ മത്സരത്തിനായി നാഗ്പുരിലേക്കു പോയത്.അമ്പലപ്പുഴ കാക്കാഴത്തിന്റെ കുട്ടിത്താരം ദേശീയ തലത്തിലെത്തിയപ്പോൾ മാതാപിതാക്കൾ ഏറെ അഭിമാനത്തിലായിരുന്നു.ഞായറാഴ്ചയാണ് സംഘം ആലപ്പുഴയിൽനിന്നു പുറപ്പെട്ടത്. നാഗ്പുരിലെത്തിയശേഷവും മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഛർദ്ദിയും വയറുവേദയുംമൂലം നിദ പ്രയാസപ്പെടുന്നുവെന്നായിരുന്നു ഷിഹാബിനു ലഭിച്ച ആദ്യ വിവരം. അത്യാസന്ന നിലയിലാണെന്ന് പിന്നീടറിഞ്ഞപ്പോഴാണ് നാഗ്പുരിലേക്കു പുറപ്പെട്ടത്.