അബുജ:ക്രൂഡ് ഓയിൽ മോഷണവും അതിർത്തി ലംഘനവും അടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി നൈജിരിയയിൽ ജയിലിൽ അടച്ച മലയാളികൾ അടക്കം 16 ഇന്ത്യൻ നാവികരുടെ മോചനത്തിന് കളമൊരുങ്ങുന്നു. ഇവർ ഒൻപത് മാസത്തിലേറെയായി തടവിവിലാണ്. എണ്ണ മോഷണം ആരോപിച്ചാണ് നൈജീരിയൻ നാവിക സേന കപ്പലടക്കം പിടികൂടിയത്. നൈജീരിയ കോടതി നാവികരെ കുറ്റ വിമുക്തരാക്കിയതോടെയാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്.

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയത വിസ്മയയുടെ സഹോദരൻ വി.വിജിത്ത് അടക്കമുള്ളവർ തടവിലായ നാവികരുടെ കൂട്ടത്തിലുണ്ട്. വിജിത്തിനെ കൂടാതെ സനു ജോസ്, മിൽട്ടൻ, എന്നിവരാണ് തടവിലുള്ള മലയാളികൾ. 16 ഇന്ത്യക്കാരുൾപ്പെടെ 26 നാവികരാണ് തടവിലുള്ളത്.

കപ്പലുടമകൾ ഒൻപത് ലക്ഷം രൂപ പിഴയടക്കണം. വൻ തുക നഷ്ടപരിഹാരമായി നൽകുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുറ്റവിമുക്തരായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ രണ്ടാഴ്ചയിലേറെ സമയം ഇനിയും എടുക്കും. ഇതെല്ലാം തീർന്ന ശേഷമേ നാവികർക്ക് നാട്ടിലേക്ക് തിരിച്ചെത്താൻ സാധിക്കു. എങ്കിലും ഒൻപത് മാസമായ നീണ്ട അനിശ്ചിതത്വത്തിന് വിരാമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് എണ്ണ മോഷണം ആരോപിച്ച് നൈജീരിയൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. പിന്നാലെ വിചാരണ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

ഒ.എസ്.എം. മാരിടൈം നോർവേ എന്ന കമ്പനിക്ക് കീഴിലുള്ള ഹീറോയിക് ഇഡുൻ എന്ന എണ്ണക്കപ്പലാണ് കുരുക്കിൽ പെട്ടത്. ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ. ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ വന്ന കപ്പൽ ക്രൂഡ് ഓയിൽ മോഷണത്തിന് വന്നതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തത്.

ഗിനി തീരത്ത് പിടിയിലായ കപ്പലും നാവികരേയും നൈജീരിയൻ തീരത്തേക്ക് മാറ്റുകയായിരുന്നു. നൈജീരിയൻ നേവിയുടെ നിർദ്ദേശം മറികടന്ന് ഗിനിയിലേക്ക് കടക്കുകയായിരുന്നുവെന്നതാണ് കപ്പലിന് വിന. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടിരുന്നു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയായിരുന്നു. ഗിനിയൻ സേനയുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ സംഘാംഗങ്ങൾക്ക് എല്ലാദിവസവും വീട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകൾ പോലും നൽകുന്നില്ല. ഇടയ്ക്കിടെ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാൻ നൽകുന്നത്.

ഹീറോയിക് ഇഡുൻ കപ്പലിലെ നാവികർക്കെതിരെ നൈജീരിയ ചുമത്തിയത് ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ്. ഈ കുറ്റം തെളിഞ്ഞാൽ 12 വർഷം വരെ തടവു ലഭിക്കുമായിരുന്നു.കൂടാതെ ശിക്ഷിക്കപ്പെട്ടാൽ 35 കോടി നൈജീരിയൻ നൈറ(അവിടുത്തെ പണം) കമ്പനിക്കും ഓരോ ആൾക്കും 12 കോടി നൈറ പിഴയും നൽകേണ്ടി വരുമായിരുന്നു.

നൈജീരിയയുടെ നിഗർ ഡെൽറ്റ് ഓയിൽ മൈനിൽ നിന്നും ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് കപ്പൽ അധികൃതർക്കെതിരായ ആരോപിക്കപ്പെടുന്ന കുറ്റം. ഓഗസ്റ്റ് മാസം അപ്‌കോ ഓയിൽ ഫീൽഡിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ ഹീറോയിക് ഇഡുൻ കപ്പൽ പ്രവേശിച്ചു എന്നതാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. നൈജീരിയയിൽ ഓഗസ്റ്റ് 17ന് എത്താൻ ഹീറോയിക് ഇഡൻ എന്ന കപ്പലിന് അനുമതിയുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് ഏഴിന് ഈ കപ്പൽ അവരുടെ സമുദ്ര മേഖലയിൽ കയറി. ഇതാണ് നൈജീരിയൻ നേവിയുടെ പരിശോധനയ്ക്ക് കാരണം. ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനം ഈ കപ്പൽ ഓഫ് ചെയതതും ബോധപൂർവ്വമാണ്. ഇതും കപ്പൽ കടലിൽ ഉണ്ടെന്ന് അറിയാതിരിക്കാനാണ്.

ഓഗസ്റ്റ് 8നു നൈജീരിയൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയപ്പോഴത്തെ സംഭവങ്ങളാണു കപ്പൽ ജീവനക്കാർക്കു വൻ ദുരിതമായി മാറിയത്. നൈജീരിയൻ നാഷനൽ പെട്രോളിയം കോർപറേഷന്റെയും (എൻഎൻപിസി) നേവിയുടെയും ക്ലിയറൻസ് ലഭിക്കാത്തതിനാൽ കപ്പലിനോടു സോൺ വിട്ടുപോകാൻ നിർദ്ദേശിച്ചു. കപ്പൽ സോണിന് 1015 നോട്ടിക്കൽൈമൽ പുറത്തേക്കു നീങ്ങുകയും ചെയ്തു. എന്നാൽ, അന്നു രാത്രി ഹീറോയിക് ഇഡുനെ നൈജീരിയൻ നാവികസേന വളഞ്ഞു. കപ്പൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തിരിച്ചറിയുന്നതിനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് (എഐഎസ്) പ്രവർത്തിപ്പിക്കാതെ എത്തിയ കപ്പലിൽ കടൽക്കൊള്ളക്കാരാണെന്നു ഭയന്ന ഹീറോയിക് ഇഡുൻ സുരക്ഷാ ചട്ടപ്രകാരം പരമാവധി വേഗത്തിൽ അവിടെനിന്നു നീങ്ങുകയും അപായസന്ദേശം നൽകുകയും ചെയ്തു. ഒന്നര മണിക്കൂറോളം പിന്തുടർന്ന ശേഷം നൈജീരിയൻ കപ്പൽ പിൻവാങ്ങി. പിന്നീട്, ഓഗസ്റ്റ് 14നു ഗിനി നാവികസേനാ കപ്പൽ 'ക്യാപ്റ്റൻ ഡേവിഡ്' ഹീറോയിക് ഇഡുനെ കണ്ടെത്തുകയും ഗിനിയിലെ മലാബോയിലേക്കു നിർബന്ധപൂർവം കൊണ്ടുപോകുകയുമാണു ചെയ്തത്. ഒരിക്കലും കടൽ കൊള്ളക്കാർ കപ്പലിൽ എത്താറില്ല. നേവി കപ്പലുകൾക്ക് ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് പ്രവർത്തിക്കാതെ പോകാനും കഴിയും. ഓഗസ്റ്റ് 8നു രാത്രി കടലിൽ തടഞ്ഞതു നൈജീരിയൻ നാവികസേനയുടെ കപ്പലായ 'ഗോൺഗോള' ആയിരുന്നുവെന്നതാണ് വസ്തുത.