- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഞങ്ങൾക്ക് ഇതൊന്നും താങ്ങാൻ പറ്റുന്നില്ല; ഞങ്ങൾക്കുമില്ലേ മക്കൾ, അവറ്റകൾ എല്ലാത്തിനെയും കൊല്ലും.. ഇനി ഞങ്ങളുടെ മക്കളെ എങ്ങനെ സ്‌കൂളിൽ അയക്കും; എംഎൽഎക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അമ്മമാർ; നിഹാലിന്റെ മരണത്തിൽ അണപൊട്ടി ജനരോഷം; മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് പ്രതിപക്ഷം ഉപരോധിച്ചു
കണ്ണൂർ: മുഴപ്പിലങ്ങാട് കെട്ടിനകത്ത് നിഹാലെന്ന പത്തു വയസുകാരനെ തെരുവ് നായ്ക്കൾ സ്വന്തം വീടിന് 500 മീറ്റർ അകലെ നിന്നും തെരുവ് നായ്ക്കൾ കടിച്ചു കൊന്ന സംഭവത്തിൽ സിപിഎം ഭരിക്കുന്ന മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായി. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും തെരുവ് നായകളെ വന്ധ്യംകരണം ചെയ്യാനും പിടികൂടാനും തയ്യാറാവാത്ത പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയാണ് നിഹാലിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
നേരത്തെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെത്തിയ നിരവധി വിനോദ സഞ്ചാരികൾക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു. ഇതു കൂടാതെ മുഴപ്പിലങ്ങാട് കെട്ടിനകം ഭാഗത്തും കുട്ടികൾ ഉൾപ്പെടെ കടിയേറ്റു. പ്രദേശവാസികളും പ്രതിപക്ഷ അംഗങ്ങളും നിരന്തരം നിവേദനങ്ങളും പരാതികളും നൽകിയിട്ടും ഈ കാര്യത്തിൽ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. എന്നാൽ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും ഈ കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് ജില്ലാ പഞ്ചായത്താണെന്നുമാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വിശദീകരണം. ഇതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള വിഹിതം ജില്ലാ പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നും ഭരണ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
പഞ്ചായത്ത് ഭരണ സമിതി ഈ കാര്യത്തിൽ അനാസ്ഥ കാണിച്ചുവെന്ന് ആരോപിച്ചു കോൺഗ്രസും മുസ്ലിം ലീഗും എസ്.ഡി.പി.ഐയും മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. നിഹാലിന്റെ മരണ വീട്ടിലെത്തിയപ്പോഴും ഭരണ സമിതി അംഗങ്ങളെ വിമർശിച്ചു കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾ മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്. ഇതു പരസ്പരം വാക്കേറ്റത്തിനിടയാക്കി. നിഹാലിന്റെ അരുംകൊലയെ തുടർന്ന് പത്തോളം തെരുവ് നായകളെ പഞ്ചായത്ത് രംഗത്തിറക്കിയ സ്‌ക്വാഡ് പിടികൂടി.
വരും ദിനങ്ങളിലും മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നായകളെ പിടികൂടുന്ന ദൗത്യം തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിനിടെ നിഹാലിന്റെ മരണത്തിൽ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രംഗത്തെത്തി. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി വേണമെന്ന് പി.പി ദിവ്യ മുഴപ്പിലങ്ങാട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അനുമതിക്കായി ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കും. ഇനി ഒരാളുടെയും ജീവൻ നഷ്ടപ്പെട്ടു കൂടെന്നും പി പി ദിവ്യ പറഞ്ഞു.
നിഹാലിന്റെ ദാരുണ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ കോടതിയിൽ അറിയിക്കും. തെരുവ് നായകളെ വന്ധ്യംകരിക്കുന്ന പദ്ധതിയായ എ.ബി.സി. കേന്ദ്രങ്ങൾ കൂടുതലായി തുടങ്ങുമെന്നും പി.പി. ദിവ്യ പറഞ്ഞു. ഇതിനിടെ നിഹാലിന്റെ മരണത്തെ തുടർന്ന് ജനരോഷം പ്രദേശവാസികളിൽ അണപൊട്ടി. ഞങ്ങൾക്ക് ഇതൊന്നും താങ്ങാൻ പറ്റുന്നില്ല നാളെ എന്തു വരുമെന്ന് അറിയില്ല. ഞങ്ങൾക്കുമില്ലേ മക്കൾ അവറ്റകൾ എല്ലാത്തിനെയും കൊല്ലുമെന്നാണ് അയൽവാസിയായ ഒരു സ്ത്രീ പൊട്ടിക്കരഞ്ഞു കൊണ്ടു രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ യോട് പ്രതികരിച്ചത്. തങ്ങളുടെ മക്കളെ ഇനി എങ്ങനെ സ്‌കൂളിൽ അയക്കുമെന്നും അവർ കരഞ്ഞു കൊണ്ടു ചോദിച്ചു.
ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും തെരുവ് നായ ശല്യത്തിനെതിരെ പഞ്ചായത്ത് ഭരണ സമിതി ഒന്നും ചെയ്തിട്ടില്ലെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. എന്നാൽ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ കുട്ടിയെ തെരുവ് നായ കടിച്ചു കൊന്ന സംഭവം സർക്കാരിനെ അറിയിക്കു മെന്നും ഗൗരവകരമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ പി.കെ ബിജു പ്രതികരിച്ചു. എന്നാൽ തെരുവുനായ ശല്യം അതിരൂക്ഷമായപ്പോഴും പഞ്ചായത്ത് സെക്രട്ടറിയുൾപെടെയുള്ളവർ ജനങ്ങളുടെ വാർഡ് മെമ്പർ നിയാസ് തറമ്മൽ ആരോപിച്ചു. ഫണ്ടു വകയിരുത്തിയിട്ടും ജില്ലാ പഞ്ചായത്ത് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് യു ഡി.എഫ് ആരോഗ്യക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീജ ആരോപിച്ചു. നായകളുടെ ജീവനല്ല മനുഷ്യരുടെ ജീവനാണ് പഞ്ചായത്ത് പരിഗണിക്കേണ്ടതെന്ന് ശ്രീ കുരുംബ കാവ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രേമൻ പറഞ്ഞു.
മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മരിച്ചതിന്റെ പൂർണ ഉത്തരവാദിത്വം തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ സംവിധാനങ്ങൾക്കാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് മുഴുപ്പിലങ്ങാട്ടേത്. സർക്കാർ അലംഭാവത്തിന്റെ ഇരയാണ് ദാരുണമായി കൊല്ലപ്പെട്ട ഈ കുരുന്നു ബാലനെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം ദിനേന വർധിക്കുകയാണ്. ഏതാനും ദിവസം മുമ്പ് പാനൂരിൽ ഒരു കുട്ടിയെ തെരുവുനായ മാരകമായി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
മുഴപ്പിലങ്ങാട് മാസങ്ങൾക്ക് മുൻപും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. നാട്ടുകാർ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്നു. കുട്ടികളെ സ്‌കൂളിലേക്കയക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ജനം ഭീതിയിൽ കഴിയുമ്പോഴും തെരുവ് നായകളെ പിടികൂടാനുള്ള നടപടികളോ വന്ധ്യംകരിക്കാനുള്ള നടപടികളോ ഉണ്ടാകുന്നില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. വേദനാജനകമായ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും മാർട്ടിൻ ജോർജ് ചൂണ്ടികാട്ടി.