- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബർത്തിലിരിക്കവെ കേട്ടത് ഒരു കുട്ടിയുടെ കരച്ചിൽ; താഴെയിറങ്ങിയപ്പോൾ കണ്ടത് ചോരയൊലിപ്പിച്ച് നിൽക്കുന്ന കുഞ്ഞും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന യാത്രക്കാരും; അടുത്ത് ചെന്ന് പ്രഥമശുശ്രൂഷ നൽകി; തീവണ്ടി യാത്രക്കിടെ കല്ലേറിൽ പരിക്കേറ്റ കുഞ്ഞിന് ആശ്വാസമായ മാലാഖ അനുഭവം പറയുന്നു
കോട്ടയം: കരിച്ചിൽ കേട്ടാണ് താഴെ ഇറങ്ങിയത്.. അപ്പോൾ കണ്ടത് ചോരയൊലിപ്പിച്ച് നിൽക്കുന്ന കുട്ടിയും ചുറ്റും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന യാത്രക്കാരെയും നേരെ ചെന്ന് ആ കുട്ടിക്ക് പ്രഥമശുശ്രുഷ നൽകി..പേടി മാറ്റി..എന്റെ കടമയാണു ഞാൻ ചെയ്തത്.തീവണ്ടി യാത്രക്കിടെ കല്ലേറിൽ പരിക്കേറ്റ കുഞ്ഞിന് സഹായമായെത്തിയ കുഞ്ഞ് മാലാഖ അ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ.
കണ്ണൂരിൽ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ തലയ്ക്കു പരുക്കേറ്റ കീർത്തന എന്ന കുട്ടിക്ക് സഹായമായെത്തിയത് കോട്ടയം മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ നിഹാല ഷെറിനാണ്. മുറിവേറ്റ തന്നെ ശുശ്രൂഷിച്ചത് ഒരു ചേച്ചിയാണെന്നു മാത്രമേ കീർത്തനയ്ക്ക് അറിയാമായിരുന്നുള്ളൂ. ആരാണെന്ന് അന്വേഷിക്കാൻ അന്ന് കീർത്തനയുടെ മാതാപിതാക്കൾക്കും കഴിഞ്ഞില്ല.
തട്ടമിട്ട് ദേവദൂതയെപ്പോലെ വന്ന ആ ചേച്ചി ആരാണെന്ന് അറിയാൻ കീർത്തനയ്ക്ക് ആഗ്രഹമുണ്ടെന്നുള്ള വാർത്ത മാധ്യമങ്ങളിൽ കണ്ട് നിഹാലയുടെ മാതാപിതാക്കളാണ് വിവരം അറിയിച്ചത്. അഴീക്കോട് മിൻകുന്ന് വലിയപറമ്പിലെ വീട്ടിൽ നിന്ന് ഓണാവധി കഴിഞ്ഞ് ട്രെയിനിൽ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു നിഹാല.അപ്പോഴായിരുന്നു സംഭവം.
''തൊട്ടടുത്തുള്ള ബർത്തിൽ കരച്ചിൽ കേട്ടു. ഓടിച്ചെന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്ന കുട്ടിയെയും ചുറ്റും കൂടി നിൽക്കുന്നവരെയുമാണ് കണ്ടത്. അവരെല്ലാം ഒരു ഡോക്ടറുടെ സഹായം തേടുകയായിരുന്നു.ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞ് അടുത്തേക്കു ചെന്നു.കുട്ടിയെയും അമ്മയെയും ആദ്യം ആശ്വസിപ്പിച്ചു. മുറിവു വൃത്തിയാക്കി. പ്രഥമശുശ്രൂഷ ചെയ്തു.ആ കുഞ്ഞിന്റെ മുഖം ഓർമയിലുണ്ട്. അവളെ വീണ്ടും കാണണമെന്ന് ആഗ്രഹമുണ്ട്''നിഹാല പറയുന്നു.
പാമ്പാടി പൊത്തൻപുറം ബിഎംഎം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കീർത്തന മീനടം കുഴിയാത്ത് എസ്.രാജേഷ്‌രഞ്ജിനി ദമ്പതികളുടെ മകളാണ്. കണ്ണൂർ പൊയ്ത്തുംകടവിൽ നൂറുൽഹുദാ കോംപ്ലക്‌സിൽ മാനേജരായ നിസീറിന്റെയും നജ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് നിഹാല. സഹോദരന്മാർ മുഹമ്മദ് സിനാൻ, മുഹമ്മദ് നിഷാം.
മറുനാടന് മലയാളി ബ്യൂറോ